ജൂണിലെ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ U-23 ടീമിനെ പ്രഖ്യാപിച്ചു
ജൂൺ 18-ന് താജിക്കിസ്ഥാൻ അണ്ടർ 23 ടീമിനെയും ജൂൺ 21-ന് കിർഗിസ് റിപ്പബ്ലിക് അണ്ടർ 23 ടീമിനെയും ഇന്ത്യ നേരിടും.

താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 23 പുരുഷ ദേശീയ ടീമിന്റെ സാധ്യതാ പട്ടിക മുഖ്യ പരിശീലകൻ നൗഷാദ് മൂസ പ്രഖ്യാപിച്ചു.
കൊൽക്കത്തയിൽ പരിശീലനം ആരംഭിക്കുന്ന 29 അംഗ ടീമിൽ, ഐഎസ്എൽ ക്ലബ്ബുകളിൽ കളിക്കുന്ന ഏഴ് പേർ ഉൾപ്പെടെ എട്ട് മലയാളികൾ ഇടം നേടി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ നിന്ന് വിബിൻ മോഹനൻ, മുഹമ്മദ് സഹീഫ്, മുഹമ്മദ് ഐമൻ; പഞ്ചാബ് എഫ്‌സിയിൽ നിന്ന് മുഹമ്മദ് സുഹൈൽ; ജംഷഡ്പൂർ എഫ്‌സിയിൽ നിന്ന് മുഹമ്മദ് സനാൻ; എഫ്‌സി ഗോവയിൽ നിന്ന് അലൻ ഷാജി; ഹൈദരാബാദ് എഫ്‌സിയിൽ നിന്ന് ജോസഫ് സണ്ണി എന്നിവരാണ് ടീമിലുള്ളത്. ഐ ലീഗിൽ നിന്ന് രാഹുൽ രാജുവും ടീമിൽ സ്ഥാനം കണ്ടെത്തി.
🚨 India U23 probable squad announcement 🔊
— Indian Football Team (@IndianFootball) May 22, 2025
Read more 👉 https://t.co/3tbJY5FGTi#BlueColts #IndianFootball pic.twitter.com/SAhDkrxmNr
ഈ വർഷം അവസാനം നടക്കുന്ന എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കും 2026-ൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനും ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി, ഈ മാസം 20-ന് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഇന്ത്യൻ സഹപരിശീലകൻ കൂടിയായ നൗഷാദ് മൂസയെ അണ്ടർ 23 ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു.
തയ്യാറെടുപ്പുകളുടെ ഭാഗമായി, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, മാർച്ച് മാസങ്ങളിലെ ഫിഫ ഇന്റർനാഷണൽ വിൻഡോകളിൽ ടീമിനായി 10-14 ദിവസത്തെ ഹ്രസ്വ പരിശീലന ക്യാമ്പുകളും ഏഷ്യയിലെ മറ്റ് അണ്ടർ 23 ടീമുകളുമായി സൗഹൃദ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അറിയിച്ചു. ക്ലബ് മത്സരങ്ങളില്ലാത്ത 2026 ജൂണിൽ ദൈർഘ്യമേറിയ ക്യാമ്പും ഒരുക്കും. ഇതിന്റെ ഭാഗമായാണ് അടുത്ത മാസം ജൂണിൽ ഇന്ത്യൻ യുവനിര കളത്തിലിറങ്ങുന്നത്.
ജൂൺ 1-ന് കൊൽക്കത്തയിൽ ക്യാമ്പ് ചെയ്യുന്ന ടീം, പരിശീലനത്തിന് ശേഷം ജൂൺ 16-ന് ദുഷാൻബെയിലേക്ക് യാത്ര തിരിക്കും. ശേഷം ജൂൺ 18-ന് താജിക്കിസ്ഥാൻ അണ്ടർ 23 ടീമിനെയും ജൂൺ 21-ന് കിർഗിസ് റിപ്പബ്ലിക് അണ്ടർ 23 ടീമിനെയും നേരിടും.
അണ്ടർ 23 ടീമിന്റെ ജൂൺ മാസത്തെ സൗഹൃദ മത്സരങ്ങൾ:
ജൂൺ 18: താജിക്കിസ്ഥാൻ vs ഇന്ത്യ
ജൂൺ 21: കിർഗിസ് റിപ്പബ്ലിക് vs ഇന്ത്യ
ഇന്ത്യ അണ്ടർ 23 പുരുഷ ദേശീയ ടീം സാധ്യതാ പട്ടിക:
ഗോൾകീപ്പർമാർ: സാഹിൽ, പ്രിയാൻഷ് ദുബെ, എം.ഡി. അർബാസ്.
പ്രതിരോധനിര: നിഖിൽ ബർള, ദിപ്പെന്ദു ബിശ്വാസ്, ബികാഷ് യുംനം, പ്രംവീർ, ക്ലാറൻസ് ഫെർണാണ്ടസ്, സജാദ് ഹുസൈൻ പറൈ, മുഹമ്മദ് സഹീഫ്, ശുഭം ഭട്ടാചാര്യ, സുമൻ ഡേ.
മധ്യനിര: വിബിൻ മോഹനൻ, ലാൽറെംറ്റ്ലുവാംഗ ഫനായ്, വിനീത് വെങ്കിടേഷ്, ഹർഷ് പട്ടേൽ, രാഹുൽ രാജു, ലാൽറിൻലിയാന ഹ്നാംടെ, മാക്കാർട്ടൺ ലൂയിസ് നിക്സൺ, മംഗ്ലെന്താങ് കിപ്ഗെൻ, ചിംഗ്ംഗം ശിവാൾഡോ സിംഗ്, മുഹമ്മദ് ഐമൻ, ഹുയിഡ്രോം തോയി സിംഗ്.
മുന്നേറ്റനിര: പാർഥിബ് സുന്ദർ ഗോഗോയ്, എം.ഡി. സുഹൈൽ, കൊറോ സിംഗ് തിങ്ങുജം, മുഹമ്മദ് സനൻ കെ, അലൻ ഷാജി, ജോസഫ് സണ്ണി.
മുഖ്യ പരിശീലകൻ: നൗഷാദ് മൂസ