ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നൊരു പഴഞ്ചൊല്ല് മലയാളത്തിലുണ്ട്. പ്രസിദ്ധമായ "Third Time's the Charm" എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലിന്റെ മലയാളം വേർഷനാണത്. ഇന്നത്തെ ദിവസം ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത് അക്ഷരം പ്രതി ശരിയാവട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. കാരണം ഇതിനുമുമ്പ് രണ്ടുതവണ ഹീറോ ഐഎസ്എൽ ഫൈനലിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ ഐഎസ്എൽ ഫൈനലാണ് ഗോവയിലെ ഫട്ടോർഡ സ്റ്റേഡിയത്തിൽ അരങ്ങേറാൻ പോകുന്നത്. നാലര മാസം നീണ്ട ഹീറോ ഐഎസ്എല്ലിന്റെ എട്ടാം സീസണിന്റെ ഒടുവിൽ ഏറ്റുമുട്ടുന്നത് കരുത്തുറ്റ തുല്യശക്തികളായ രണ്ട് ടീമുകൾ തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും.

മഞ്ഞയോ കറുപ്പോ?

ലീഗിന്റെ പോയിന്റ് പട്ടികയിൽ ഹൈദരാബാദ് എഫ്സി രണ്ടാം സ്ഥാനത്തും കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. അതിനാൽ ഫൈനലിലെ ജേഴ്സി തിരഞ്ഞെടുക്കാനുള്ള ആനുകൂല്യം ഹൈദരാബാദിനെ കിട്ടുന്നുവെന്നുള്ളതാണ് മത്സരത്തിന് മുമ്പുതന്നെ ഈ ഫൈനൽ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. രണ്ടു ടീമുകളുടെയും ഒന്നാം ജേഴ്സിയുടെ നിറം മഞ്ഞയാണ്. യെല്ലോ ആർമി എന്ന പേരിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് അറിയപ്പെടുന്നത് പോലും. പക്ഷേ ഫൈനലിൽ പോയിന്റ് പട്ടികയിൽ ഏറ്റവും മുന്നിലെത്തിയ ടീം എന്ന നിലയയിലുള്ള ആനുകൂല്യം ഹൈദരാബാദിനായതിനാൽ ഇഷ്ട ജേഴ്സിയിൽ കളിക്കാനുള്ള സെലക്ഷൻ ചോയ്സ് അവർക്കുണ്ടാകും. സ്വാഭാവികമായും ഹൈദരാബാദ് മഞ്ഞ ജേഴ്സി അണിഞ്ഞ് കളിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് മറ്റു ജഴ്സി നിറങ്ങൾ തിരഞ്ഞെടുക്കേണ്ടി വരും. ആ സാഹചര്യത്തിൽ ഒരുപക്ഷേ മൂന്നാമത്തെ കിറ്റ് ആയ വെളുത്ത വരകളുള്ള കറുത്ത ജേഴ്സി ആയിരിക്കാം കേരളാ ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുക്കുന്നത്.

എന്താകും ഫലം?

നേരത്തെ ഞാൻ സൂചിപ്പിച്ചതു പോലെ രണ്ട് കരുത്തുറ്റ ടീമുകളുടെ മത്സരമായതിനാൽ ഈ മത്സരത്തിന്റെ ഫലപ്രവചനം അസാധ്യമാണ്. ഒരു ഫുട്ബോൾ ടീമിനും 90 മിനിറ്റ് പെർഫെക്റ്റ് ആയി കളിക്കാൻ സാധിക്കുകയില്ല. പലയിടങ്ങളിലായി പലതരത്തിലുള്ള പിഴവുകളും സംഭവിച്ചേക്കാം. ഈ അവസാന മത്സരത്തിന്റെ വിധിനിർണയം, ആരാണ് പിഴവുകൾ വരുത്തുന്നതെന്നും അതിനെ എതിരാളികൾ എങ്ങിനെ മുതലെടുക്കുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും. തീർച്ചയായും കേരളം മുഴുവൻ കാത്തിരിക്കുന്നതും ആഘോഷിക്കുന്നതുമായ ഫൈനൽ മത്സരമാണ് അടുത്തു കൊണ്ടിരിക്കുന്നത്.

കേരളത്തിലെല്ലായിടത്തുമായി ആയിരത്തിലധികം ഫാൻ പാർക്കുകളാണ് ഫൈനൽ മത്സരത്തിന്റെ തത്സമയ സ്ക്രീനിങ്ങുകൾ നൽകുന്നതിനായി തയ്യാറായിരിക്കുന്നത്. ഇതിലൂടെയെല്ലാം നമ്മൾ സാക്ഷ്യം വഹിക്കുന്നത് കേരളത്തിലുടനീളം ഫുട്ബോൾ തരംഗം തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങളാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ എത്രത്തോളം സുപ്രധാനമായ ഭാഗമാണ് കേരള ബ്ലാസ്റ്റേഴ്‌സെന്ന് ഒരിക്കൽ കൂടി അവരീ ഫൈനൽ മത്സരത്തിലൂടെ തെളിയിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം കേരളബ്ലാസ്റ്റേഴ്സ് എക്കാലത്തും വിടർന്നു നിൽക്കുന്ന ഒരു മഞ്ഞ പുഷ്പമാണെന്നു പറയാം. അതിന്റെ പരിമളം നുകരാനും അതിന്റെ സൗന്ദര്യം ആസ്വദിക്കാനും ഫുട്ബോൾ പ്രേമികൾ ആഗ്രഹിക്കുകയും അത് ഈ ഫൈനൽ മത്സരത്തിലൂടെ നിറവേറുകയും ചെയ്യുന്ന ഒരു നിമിഷത്തിലേക്കാണ് നമ്മൾ മുന്നേറിക്കൊണ്ടിരിക്കുന്നത്.

ലൂണയും സഹലുമിറങ്ങുമോ?

ഇന്ന് മാച്ചിനു മുൻപുള്ള പ്രീ മാച്ച് പ്രസ് കോൺഫറൻസിൽ കോച്ചിനൊപ്പം അഡ്രിയാൻ ലൂണ കൂടെ പങ്കെടുക്കുമെന്ന അറിയിപ്പുണ്ടായിരുന്നുവെങ്കിലും അദ്ദേഹം സന്നിഹിതനായിരുന്നില്ല. ഇതിനെത്തുടർന്ന് ലൂണ ഫൈനലിൽ കളിക്കാൻ സാധ്യതയില്ല എന്ന അഭ്യൂഹങ്ങൾ പടർന്നെങ്കിലും അദ്ദേഹം നാളെ കളിക്കാനിറങ്ങുമെന്നതാണ്‌ വസ്തുത. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് മുതൽക്കൂട്ടാകുമെന്ന് എടുത്തുപറയേണ്ട കാര്യമില്ല.

സെമിയുടെ രണ്ടാം പാദത്തിൽ ജംഷഡ്പൂരിനെതിരെ സഹൽ അബ്ദുൽ സമദ് കളിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഗോളിലാണ് വാസ്തവത്തിൽ ആദ്യപാദത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് വിജയം കൈവരിച്ചത്. രണ്ടാം പാദത്തിൽ കളിക്കാതിരുന്ന സഹൽ ഫൈനലിലേക്ക് മടങ്ങിവരുമോ എന്നതിനെ സംബന്ധിച്ചും വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത്തരം ആശങ്കാജനകമായ വാർത്താ സ്ഫോടനങ്ങൾക്കിടയിലൂടെയാണ് ഐഎസ്എല്ലിന്റെ ഫൈനൽ മത്സരം നടക്കാൻ പോകുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

നന്ദി കോച്ച്!

തീർച്ചയായും ഫൈനലിനെ കുറിച്ച് പറയുമ്പോൾ കോച്ച് ഇവാനോ വുകുമാനോവിചിന് ഒരുപാട് നന്ദി പറയേണ്ടതുണ്ട്. നമ്മുടെ ടീമിനെ ഇത്രമേൽ രൂപാന്തരപ്പെടുത്തിയെന്നതിൽ കേരളത്തിലെ ഫുട്ബോൾ പ്രേമികൾ അദ്ദേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കഴിഞ്ഞ ആറ് വർഷങ്ങളിലായി കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച മറ്റു കോച്ചുകളിൽ നിന്നും വുകുമാനോവിച്ചിനെ വ്യത്യസ്തനാക്കുന്നത്, ഇങ്ങോട്ട് വരുന്നതിനു മുമ്പ് തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് അദ്ദേഹം കൃത്യമായി പഠിക്കുകയും കേരളത്തിന്റെ ഫുട്ബോൾ സംസ്കാരത്തെ മനസ്സിലാക്കുകയും ചെയ്തു എന്നുള്ളതാണ്. അതിനനുസൃതമായ ടീം തയ്യാറെടുപ്പുകളും മത്സരഫലങ്ങളും നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. എല്ലാ അർത്ഥത്തിലും കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളുടെ ആർക്കിടെക്ട് ആണ് അദ്ദേഹമാണെന്നതിൽ ഒരു സംശയവും വേണ്ട. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിസൈനർ ആർക്കിടെക്ട്, കേരള ബ്ലാസ്റ്റേഴ്സ് നേരിട്ട പ്രശ്നങ്ങളുടെ പ്രതിവിധി കണ്ടെത്തിയ ഡോക്ടർ എന്നിങ്ങനെയെല്ലാം വുകുമാനോവിചിനെക്കുറിച്ചു നമുക്ക് വർണിക്കാനാകും. എന്തായാലും ആറുവർഷത്തിനു ശേഷം നേടിയിരിക്കുന്ന ഈ ഫൈനൽ പ്രവേശനം ആദ്യത്തെ കിരീട നേട്ടത്തോടെ അവസാനിപ്പിക്കാൻ വുകുമാനോവിച്ചിനും കേരള ബ്ലാസ്റ്റേഴ്സിനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്.

ഫോർമേഷൻ!

4:4:2 എന്ന ഫോർമേഷനിൽ തന്നെ ആയിരിക്കും കേരളാ ബ്ലാസ്റ്റേഴ്സ് കളിക്കാൻ പോകുന്നത്. ലൂണയെയും സഹലിനെയും ഒഴിച്ചാൽ അൽവാരോ, പെരേര ഡയസ്, ലെസ്കോവിച്ച്, ഹോർമിപാം, ഖബ്ര, നിഷു കുമാർ, ജീക്സൺ സിംഗ്, പ്യുട്ടിയ, ഗിൽ എന്നിവരുടെ ലഭ്യതയിൽ യാതൊരു സംശയവുമില്ല. സീസണിൽ ഓരോ വെല്ലുവിളികൾ നേരിട്ടപ്പോഴും സന്ദർഭോചിതമായ മറുപടികളും പരിഹാരമാർഗ്ഗങ്ങളും കണ്ടെത്താൻ കോച്ച് ഇവാന് കഴിഞ്ഞിട്ടുണ്ട് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഫൈനലിൽ നേരിടുന്ന പുതിയ വെല്ലുവിളികളും പ്രശ്നങ്ങളും അർഹിക്കുന്ന ഗൗരവത്തോടെ കാണുകയും അതിനുള്ള കൃത്യമായ മറുപടി നൽകാൻ ഇവാൻ വുകുമാനോവിചിനു സാധിക്കുമെന്നും നമുക്ക് കരുതാം.

കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനു വേണ്ടി നമ്മളെല്ലാവരും കാത്തിരിക്കുകയാണ്..!

നമ്മൾ ജയിക്കും, നമ്മളെ ജയിക്കൂ, നമ്മളല്ലാതെ മറ്റാര്?

Shaiju Damodaran Signing Of With Love And Respect To The Entire Fans Of Kerala Blasters FC!