ഇന്ത്യൻ ഫുട്ബോളിൽ വിശേഷണങ്ങൾ ആവശ്യമില്ലാത്ത പേരാണ് സുനിൽ ഛേത്രിയുടേത്. ഫുട്ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും, വൈകാരികതയുടെയും, പ്രതിബദ്ധതയുടെയും പ്രതീകമാണ് അദ്ദേഹം.

കളിക്കളത്തിനകത്തും പുറത്തുമായി ഗോളടി മികവിലൂടെയും നേതൃപാടവത്തിലൂടെയും ആരാധകരുടെ മനസ്സിൽ ഇടം നേടിയ ഈ അനുഭവസമ്പന്നനായ സ്‌ട്രൈക്കർ, വർഷങ്ങളായി ഇന്ത്യൻ സൂപ്പർ ലീഗിന് (ഐഎസ്എൽ) ഒരു വഴികാട്ടിയാണ്.

ബെംഗളൂരു എഫ്‌സിയുടെ നായകനും നെടുംതൂണുമായ സുനിൽ ഛേത്രി, 75 ഗോളുകളുമായി ഐഎസ്എൽ ഗോൾവേട്ടക്കാരുടെ പട്ടികയുടെ തലപ്പത്ത് റെക്കോർഡുകളുമായി സ്ഥാനംപിടിച്ചിരിക്കുന്നു. കളിക്കളത്തിലും ഡ്രസ്സിംഗ് റൂമിലും അദ്ദേഹത്തിന്റെ സാന്നിധ്യം, അദ്ദേഹത്തെ കണ്ടും ആരാധിച്ചും വളർന്നുവന്ന യുവതലമുറയിലെ എണ്ണമറ്റ കളിക്കാർക്ക് നൽകുന്നത് സിരകളിലൂടെ ഒഴുകുന്ന ഊർജമാണ്.

ഗോൾവലക്ക് മുന്നിലെ കൃത്യത, കടുത്ത സമ്മർദ്ദ ഘട്ടങ്ങളിലും മികവ് പുലർത്താനുള്ള അസാധ്യ കഴിവ്, ആവേശോജ്ജ്വലമായ വാക്കുകളാൽ സഹതാരങ്ങൾക്ക് പ്രചോദനം നൽകാനുള്ള കഴിവ് എന്നിവയെല്ലാം ഛേത്രിയുടെ സ്വാധീനത്തിന് മാറ്റുകൂട്ടുന്നു. കേവലം കണക്കുകൾക്കപ്പുറം, അദ്ദേഹത്തിന്റെ ശോഭനമായ കരിയർ വരും തലമുറയ്ക്ക് വഴികാട്ടിയാണ്; അച്ചടക്കത്തോടും ലക്ഷ്യബോധത്തോടെയും തങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരാൻ അത് അവരെ പ്രേരിപ്പിക്കുന്നു.

നാൽപ്പതുകളിലും പ്രായത്തെ വെല്ലുവിളിച്ച്, റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് സുനിൽ ഛേത്രി തൻ്റെ ജൈത്രയാത്ര തുടരുകയാണ്. 2024-25 ഐഎസ്എൽ സീസണിലെ അദ്ദേഹത്തിന്റെ മിന്നും പ്രകടനം ഇതിന് അടിവരയിടുന്നു. ആ സീസണിൽ ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരമായി അദ്ദേഹം മാറി. മാത്രമല്ല, 16 ഗോൾ സംഭവകളുമായി (ഗോളുകളും അസിസ്റ്റുകളും ഉൾപ്പെടെ) ഒരു ഐഎസ്എൽ സീസണിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു അത്.

എന്നാൽ, സുനിൽ ഛേത്രി എന്ന താരം കേവലം ഗോളുകളുടെയും റെക്കോർഡുകളുടെയും കണക്കുകൾക്ക് അതീതമാണ്. ഐഎസ്എൽ ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന ബഹുമതി സ്വന്തമാക്കിതുമുതൽ, ബെംഗളൂരു എഫ്‌സിക്ക് നാലാം കപ്പ് ഫൈനൽ ബർത്ത് സമ്മാനിച്ചുകൊണ്ട് എഫ്‌സി ഗോവയ്‌ക്കെതിരായ സെമിഫൈനലിൽ നേടിയ ആ നിർണ്ണായക ഹെഡർ വരെ, ഓരോ മത്സരത്തിലും ഛേത്രി ഇതിഹാസങ്ങളുടെ പട്ടികയിൽ തന്റെ പേര് സുവർണ്ണലിപികളിൽ എഴുതിച്ചേർക്കുകയാണ്.

2024-25 സീസണിലുടനീളം അവിസ്മരണീയമായ നിരവധി നിർണായക നിമിഷങ്ങൾക്ക് ഛേത്രി സാക്ഷ്യം വഹിച്ചു, ഒപ്പം പുതിയ റെക്കോർഡുകൾ തന്റെ പേരിലാക്കുകയും ചെയ്തു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം പതിപ്പിൽ അദ്ദേഹം കാഴ്ചവെച്ച റെക്കോർഡുകൾ തകർത്തുള്ള മുന്നേറ്റങ്ങൾക്ക് അടിത്തറയിട്ട ശ്രദ്ധേയമായ ചില സ്ഥിതിവിവരക്കണക്കുകളിലേക്ക് നമുക്കിനി എത്തിനോക്കാം.

  • 2024 സെപ്റ്റംബർ 28-ന് മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ നേടിയ ഗോളോടെ (അദ്ദേഹത്തിന്റെ 64-ാമത്തെ ഗോൾ) സുനിൽ ഛേത്രി ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി മാറി; നിലവിൽ അദ്ദേഹത്തിന് 75 ഗോളുകളുണ്ട്.
  • 2025 ഫെബ്രുവരി 9-ന് ജംഷഡ്പൂർ എഫ്‌സിക്കെതിരെ നൽകിയ അസിസ്റ്റോടെ സുനിൽ ഛേത്രിയുടെ ഗോൾ സംഭാവന 85 ആയി ഉയർന്നു. ഇതോടെ ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവന ചെയ്ത താരമെന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. നിലവിൽ ലീഗിൽ 88 ഗോൾ സംഭാവനകളാണ് അദ്ദേഹത്തിനുള്ളത് (75 ഗോളും 13 അസിസ്റ്റും).
  • 2024 ഡിസംബർ 7-ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്കെതിരെ നേടിയ ഹാട്രിക്കിലൂടെ സുനിൽ ഛേത്രി (40 വയസ്സും 126 ദിവസവും) ഐഎസ്എല്ലിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി.
  • സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ എഫ്‌സി ഗോവയ്‌ക്കെതിരെ നേടിയ ഗോളോടെ ഐഎസ്എല്ലിൽ 10 പ്ലേഓഫ് ഗോളുകൾ നേടുന്ന ആദ്യ കളിക്കാരനായി സുനിൽ ഛേത്രി.
  • സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ എഫ്‌സി ഗോവയ്‌ക്കെതിരെ സുനിൽ ഛേത്രി നേടിയ ഗോൾ ഐഎസ്എല്ലിൽ പകരക്കാരനായി ഇറങ്ങി അദ്ദേഹം നേടുന്ന 11-ാമത്തെ ഗോളായിരുന്നു. ഇത് ടൂർണമെന്റ് ചരിത്രത്തിൽ ഒരു കളിക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന നേട്ടമാണ്. വാസ്തവത്തിൽ, ഈ സീസണിൽ പകരക്കാരനായി ഇറങ്ങി താരം നേടിയ ആറ് ഗോളുകൾ ഒരു സീസണിൽ ഒരു കളിക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന കണക്കാണ്.
  • സുനിൽ ഛേത്രിക്ക് നിലവിൽ ഐഎസ്എല്ലിൽ 23 ഹെഡ്ഡർ ഗോളുകളുണ്ട്, ഇത് ലീഗ് ചരിത്രത്തിൽ ഒരു കളിക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന നേട്ടമാണ്.
  • 2024-25 ഐ.എസ്.എൽ സീസണിൽ 14 ഗോളുകൾ നേടിയതോടെ, രണ്ട് വ്യത്യസ്ത ഐഎസ്എൽ സീസണുകളിൽ (2017-18 ലും) 10-ൽ അധികം ഗോളുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി അദ്ദേഹം മാറി. ലാലിയൻസുവാല ചാങ്‌തെയാണ് (2022-23, 2023-24) ഈ നേട്ടം കൈവരിച്ച ആദ്യത്തെയാൾ.
  • 2025 ഏപ്രിൽ 12-ന് ഐഎസ്എൽ ഫൈനലിൽ (മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ) 40 വയസ്സും 252 ദിവസവും പ്രായമുള്ളപ്പോൾ കളത്തിലിറങ്ങിയ സുനിൽ ഛേത്രി, സന്ദീപ് നന്ദിക്ക് (41 വയസ്സും 334 ദിവസവും) ശേഷം ഐഎസ്എല്ലിൽ കളിച്ച ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഇന്ത്യൻ കളിക്കാരനായി മാറി.