രണ്ടാഴ്ചത്തെ കടുത്ത പോരാട്ടങ്ങൾക്ക് ശേഷം, 2019 ലെ ചാമ്പ്യന്മാരായ എഫ്സി ഗോവയും, ആദ്യമായി ഫൈനലിലെത്തിയ ജംഷഡ്പൂർ എഫ്സിയും ശനിയാഴ്ച കലിംഗ സൂപ്പർ കപ്പ് 2025 ന്റെ ഫൈനലിൽ ഏറ്റുമുട്ടും. ടൂർണമെന്റിലെ മറ്റ് 13 ടീമുകളെ പിന്നിലാക്കിയാണ് ഇരുവരും കിരീടത്തിനായി മത്സരിക്കാനിറങ്ങുന്നത്. വലിയ ട്രോഫി പ്രതീക്ഷകളോടെയാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങുക. ശനിയാഴ്ച നടക്കുന്ന ഫൈനലിലെ വിജയി 2025-26 എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ന്റെ പ്രാഥമിക റൗണ്ടിലേക്ക് യോഗ്യത നേടും. അതിനാൽ, മത്സരം ഇരു ടീമുകൾക്കും വളരെ പ്രധാനമാണ്.

ഒരു വശത്ത്, കിരീടം നേടിക്കൊണ്ട് കോണ്ടിനെന്റൽ ഫുട്ബോളിൽ നിന്നെടുത്ത നാല് വർഷത്തെ നീണ്ട ഇടവേള അവസാനിപ്പിക്കാൻ എഫ്സി ഗോവ ലക്ഷ്യമിടുന്നു. 2021-ലെ AFC ചാമ്പ്യൻസ് ലീഗ് ആയിരുന്നു അവരുടെ ഏക ഏഷ്യൻ പരമ്പര. മറുവശത്ത്, ജംഷഡ്പൂർ എഫ്സി ഒരു പുതിയ ചരിത്ര നാഴികക്കല്ലിന്റെ പടിവാതിൽക്കൽ നിൽക്കുന്നു. സൂപ്പർ കപ്പിന്റെ സെമിഫൈനലിൽ രണ്ടുതവണ തോറ്റതിന് ശേഷം, ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് അവർ ഫൈനലിൽ എത്തുന്നത്. 2023- പ്ലേഓഫിൽ തോറ്റ് എഎഫ്സി ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിന് ശേഷം, ഇത്തവണ അവർക്ക് മറ്റൊരു സുവർണ്ണാവസരം വീണുകിട്ടിയിരിക്കുകയാണ്.

അതിനാലാണ് ജംഷഡ്പൂർ എഫ്സിയുടെ മുഖ്യ പരിശീലകൻ ഖാലിദ് ജാമിലിന്റെ ശബ്ദത്തിൽ ഉറച്ച ബോധ്യത്തിന്റെ സ്വരം മുഴങ്ങിയത്. "ഒരു ഏഷ്യൻ മുൻനിര മത്സരത്തിൽ കളിക്കാനുള്ള ഞങ്ങളുടെ ആദ്യ അവസരമാണിത്. കിരീടം നേടാൻ കഴിവിന്റെ പരമാവധി പ്രയത്നം ഞങ്ങൾ ഇടും," അദ്ദേഹം വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മറുവശത്ത്, എഫ്സി ഗോവ പരിശീലകൻ മനോലോ മാർക്വേസ് പറഞ്ഞു, "ഏഷ്യൻ ക്ലബ് ഫുട്ബോൾ ടൂർണമെന്റിൽ കളിക്കാൻ ഇതുപോലൊരു അവസരം ലഭിക്കുമ്പോൾ, അത് ഒരു വലിയ പ്രചോദനമാണ്. എഫ്സി ഗോവ മുമ്പ് ചാമ്പ്യൻസ് ലീഗിൽ കളിച്ചിട്ടുണ്ട്. ജംഷഡ്പൂരിന് ഇതുവരെ അതിനു കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, ഇരു ടീമുകളും മത്സരത്തിന് യോഗ്യത നേടാൻ ആഗ്രഹിക്കുന്നു."

നിലവിലെ സൂപ്പർ കപ്പിൽ ഇതുവരെ ഒരു ഗോൾ പോലും ജംഷഡ്പൂർ വഴങ്ങിയിട്ടില്ല. ഹൈദരാബാദിനെ 2-0 ന് തോൽപ്പിച്ച ജാമിലിന്റെ ടീം, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ടൈബ്രേക്കറിലാണ് മറികടന്നത്. സെമിഫൈനലിൽ കരുത്തരായ മുംബൈ സിറ്റിയെ 1-0 ന് പരാജയപ്പെടുത്തിയാണ് അവർ ഫൈനലിൽ പ്രവേശിച്ചത്. മറുവശത്ത്, ഗോകുലം കേരള എഫ്സിയെ 3-0 നും പഞ്ചാബ് എഫ്സിയെ 2-1 നും മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ 3-1 നും പരാജയപ്പെടുത്തിയാണ് എഫ്സി ഗോവ ഫൈനലിൽ എത്തിയത്. സീസൺ ഐഎസ്എൽ സെമിഫൈനലിൽ ഇരു ടീമുകളും തോൽവി വഴങ്ങി പുറത്തുപോയിരുന്നു. അതിനാൽ, ട്രോഫി നേടി സീസൺ അവസാനിപ്പിക്കാനുള്ള അവരുടെ ഏറ്റവും വലിയ അവസരമാണിത്.

തങ്ങളുടെ മുന്നിലുള്ളത് കടുത്ത വെല്ലുവിളിയാണെന്ന് മനോലോ മാർക്വേസ് കരുതുന്നു. അദ്ദേഹം പറഞ്ഞു," ടൂർണമെന്റ് ജയിക്കാൻ 13 ടീമുകൾ വന്നു. നാല് മത്സരങ്ങൾ ജയിക്കണമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, അതിൽ മൂന്നെണ്ണം ഞങ്ങൾ ഇതിനകം വിജയിച്ചു. ഇവിടെ ഒരു മത്സരവും എളുപ്പമല്ല. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം."

എഫ്സി ഗോവ ക്യാപ്റ്റനും പ്രതിരോധ താരവുമായ ഒഡെ ഒനൈൻഡിയ പ്രതികരിച്ചു: " ടൂർണമെന്റ് ജയിക്കണമെന്ന് ഞങ്ങൾ തുടക്കം മുതൽ തന്നെ തീരുമാനമെടുത്തിരുന്നു. " ടൂർണമെന്റ് ജയിക്കണമെന്ന് ഞങ്ങൾ തുടക്കം മുതൽ തന്നെ തീരുമാനമെടുത്തിരുന്നു. ഇപ്പോൾ ഞങ്ങൾ ഫൈനലിലേക്ക് പോയി ജയിക്കാൻ തയ്യാറാണ്. അവർ വളരെ മികച്ച ഒരു ടീമാണെന്നും സീസണിൽ നന്നായി കളിച്ചുവെന്നും ഞങ്ങൾക്കറിയാം. അവരുടെ കളിക്കാരുടെ നിലവാരം ഞങ്ങൾക്കറിയാം, അതിനാൽ കടുത്ത പോരാട്ടത്തിന് ഞങ്ങൾ തയ്യാറാണ്."

സൂപ്പർ കപ്പിൽ നാലാം തവണയാണ് എഫ്സി ഗോവയും ജാംഷഡ്പൂരും ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും തമ്മിലുള്ള കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ആകെ 21 ഗോളുകൾ പിറന്നു. ശനിയാഴ്ചത്തെ മത്സരത്തിലും സമാനമായ ഒരു ആവേശകരമായ പോരാട്ടം പ്രതീക്ഷിക്കാം.

2018- ക്വാർട്ടർ ഫൈനലിൽ 5-1നും 2019- സെമിഫൈനലിൽ 4-3 നും ഗോവ വിജയിച്ചു. 2023- കോഴിക്കോട് നടന്ന ഗ്രൂപ്പ് ഘട്ടത്തിൽ ജംഷഡ്പൂർ 5-3 ന് വിജയിച്ചു. എന്നിരുന്നാലും, സീസണിലെ എസ്എല്ലിൽ ഗോവയ്ക്കെതിരെ രണ്ട് പാദങ്ങളിലും ജംഷഡ്പൂർ വിജയിച്ചു. ഫട്ടോർഡയിൽ 2-1നും സ്വന്തം തട്ടകത്തിൽ 3-1നും ആയിരുന്നു വിജയം.

എന്നിരുന്നാലും, കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ ഫലങ്ങൾക്ക് പ്രാധാന്യം നൽകാൻ ഗോവ പരിശീലകൻ മടിക്കുന്നു. അദ്ദേഹം പറഞ്ഞു, "എല്ലാ മത്സരങ്ങളും വ്യത്യസ്തമാണ്. ഞങ്ങൾ ലീഗിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്, ജംഷഡ്പൂർ ലീഗ് പൂർത്തിയാക്കിയത് 10 പോയിന്റ് പിന്നിലാണ്. എന്നിട്ടും ഞങ്ങൾ രണ്ട് മത്സരങ്ങളിലും തോറ്റു. ജാംഷഡ്പൂരിൽ അവർ വളരെ നന്നായി കളിച്ചു. ഗോവയിൽ, ഞങ്ങൾ ആദ്യ പകുതിയിൽ നന്നായി കളിച്ചു, രണ്ടാം പകുതിയിൽ അവർ കളി തിരിച്ചുപിടിക്കുകയായിരുന്നു. ഇപ്പോൾ സൂപ്പർ കപ്പ് ഫൈനൽ ആണ് മുന്നിലുള്ള ഏക ലക്ഷ്യം, ഇവിടെ പഴയ റിസൾട്ടുകൾ അത്ര പ്രധാനമല്ല."

ഖാലിദ് ജമീലും കാര്യത്തിൽ യോജിക്കുന്നു. "ഇത് ശരിക്കും വ്യത്യസ്തമായ ഒരു മത്സരമാണ്. നമ്മൾ ശക്തരായിരിക്കണം. അവർ വളരെ മികച്ച ഒരു ടീമാണെന്ന് ഞങ്ങൾക്കറിയാം. സാങ്കേതികമായി അവർ വളരെ ശക്തരായതിനാൽ ഞങ്ങൾക്ക് അവരോട് ബഹുമാനമുണ്ട്. അതിനാൽ നമ്മൾ നമ്മുടെ ഏറ്റവും മികച്ച കളി കളിക്കണം," അദ്ദേഹം പറഞ്ഞു. "ഫൈനലിൽ പ്രവചനങ്ങളൊന്നുമില്ല. ഇരു ടീമുകൾക്കും ഇതൊരു പ്രധാനപ്പെട്ട മത്സരമാണെന്ന് എല്ലാവർക്കും അറിയാം. അതിനാൽ നമുക്ക് ഒരു പോസിറ്റീവ് ഫലം ലഭിക്കണം. നമുക്ക് ആത്മവിശ്വാസം ഉണ്ടായിരിക്കണം," എന്നും ഖാലിദ് കൂട്ടിച്ചേർത്തു.

പെനാൽറ്റിയിലൂടെ മത്സരം തീരുമാനിക്കുന്നതിനെക്കുറിച്ച് ഗോവ പരിശീലകൻ പറഞ്ഞു, "പെനാൽറ്റിക്ക് എപ്പോഴും സാധ്യതയുണ്ട്. അത് ഭാഗ്യത്തിന്റെ കളിയാണെന്ന് പറയുന്നവരോട് ഞാൻ യോജിക്കുന്നില്ല. നിങ്ങൾക്ക് ഒരു നല്ല ഗോൾകീപ്പർ ഉണ്ടെങ്കിൽ, ഒരു കളിക്കാരൻ ക്ഷീണിതനാണെങ്കിൽ, നിങ്ങൾ ശാന്തത പാലിക്കണം. അപ്പോൾ നിങ്ങൾ നിലവാരം കാണിക്കുകയും വേണം. എന്തിനും തയ്യാറായിരിക്കണം."

ശനിയാഴ്ച നടക്കുന്ന കലിംഗ സൂപ്പർ കപ്പ് ഫൈനൽ വൈകുന്നേരം 7.30 മുതൽ സ്റ്റാർ സ്പോർട്സ് 3- തത്സമയം സംപ്രേഷണം ചെയ്യും, തത്സമയ സ്ട്രീമിംഗ് ജിയോഹോട്ട്സ്റ്റാറിൽ ഉണ്ടാകും.