മലയാളി വിങ്ങർ രാഹുൽ കെപി ക്ലബ് വിട്ടതായും ഒഡീഷ എഫ്‌സിയിൽ കരാറൊപ്പിട്ടെന്നും അറിയിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ക്ലബ്ബിനൊപ്പമുള്ള തന്റെ ആറാം സീസണിലാണ് 24 - കാരനായ താരം സെർജിയോ ലോബറ നയിക്കുന്ന ഒഡീഷയിലേക്ക് കൂടുമാറിയത്.

തൃശൂർ സ്വദേശിയായ രാഹുൽ ജില്ലയിലെയും കേരളത്തിലെയും ജൂനിയർ ടീമുകളിൽ കളിച്ച ശേഷമാണ് ഇന്ത്യ ആതിഥേയത്വം വഹിച്ച 2017 ലെ അണ്ടർ - 17 ലോകകപ്പിനുള്ള ഇന്ത്യൻ നിരയുടെ ഭാഗമായത്. ശേഷം, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ കീഴിലുള്ള ഇന്ത്യൻ ആരോസിനായി ബൂട്ട് കെട്ടി. അവിടെനിന്നാണ് 2019-ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിൽ എത്തുന്നത്.

ഒരു മലയാളി താരമെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ പ്രിയപ്പെട്ടവനായിരുന്നു രാഹുൽ. ടീമിനായി ഐഎസ്എല്ലിൽ ഉൾപ്പെടെ ഇതുവരെ നേടിയത് ഒൻപത് ഗോളുകളും അഞ്ച് അസിസ്റ്റുകളും.

"രാഹുൽ കെപിയുടെ ട്രാൻസ്ഫർ സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഒഡീഷ എഫ്‌സിയും തമ്മിൽ ധാരണയിലായി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലെ എല്ലാവരും രാഹുലിൻ്റെ സംഭാവനകൾക്കും ഓർമ്മകൾക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു. രാഹുലിന് മികച്ച ഭാവ ആശംസിക്കുന്നു," കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രസ്താവനയിൽ വ്യക്തമാക്കി.

2026-27 സീസണിൻ്റെ അവസാനം വരെ രാഹുൽ കെപി കലിംഗ വാരിയേഴ്സുമായി കരാറിൽ ഒപ്പുവെച്ചു. താരത്തിന്റെ വരവ് സെർജിയോ ലൊബേരയുടെ ആക്രമണനിരയുടെ വ്യാപ്തികൂട്ടുന്നതിൽ സഹായിക്കും.

"രാഹുലിന്റെ പ്രൊഫൈൽ ഞങ്ങളുടെ കളിശൈലിയുമായി നന്നായി പൊരുത്തപ്പെടാൻ കഴിയുന്ന കളിക്കാരൻ്റെതാണ്. അദ്ദേഹം ഞങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിൻ്റെ വരവിൽ ഞാൻ സന്തുഷ്ടനാണ്," രാഹുലിന്റെ കൈമാറ്റത്തിൽ ലൊബേര പറഞ്ഞു.

ഒഡീഷ എഫ്‌സിയിൽ ചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് രാഹുൽ ഒഡീഷ എഫ്‌സി വെബ്‌സൈറ്റിനോട് പറഞ്ഞു

“പുതിയ വെല്ലുവിളിക്ക് ഞാൻ തയ്യാറാണ്. ഒഡീഷ എഫ്‌സി മാത്രമാണ് എന്നിൽ താൽപ്പര്യം കാണിച്ച ഏക ടീം. അതിനാൽ, ഇവിടെക്ക് വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഏറ്റവും പ്രധാനപ്പെട്ടതും എന്നെ അത്ഭുതപ്പെടുത്തിയത്, ഇത് കോച്ചിന്റെ കാളാണ് എന്നതാണ്. പഠിക്കാനും വളരാനും എൻ്റെ ഏറ്റവും മികച്ചത് നൽകാനും ശ്രമിക്കുന്നു. ബാക്കിയെല്ലാം ദൈവത്തിന് നൽകുന്നു,” രാഹുൽ പറഞ്ഞു.