ഇന്ത്യൻ സൂപ്പർ ലീഗിൽ പത്താം സീസണിൽ പ്ലേ ഓഫിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒഡിഷ എഫ്‌സിയെ യാണ് പ്ലേ ഓഫിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിടുക. ഏപ്രിൽ പത്തൊമ്പതിന് ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

തുടർച്ചയായ മൂന്നാം തവണയും പ്ലേ ഓഫിൽ കളിക്കാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ഇത് സന്തോഷനിമിഷമാണ്. തുടർച്ചയായ സീസണുകളിൽ പ്രതീക്ഷകളറ്റ പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഉയർച്ച ഇവാൻ വുകോമനോവിച്ചിന്റെ വരവോടുകൂടിയാണ്. നിരന്തരമായി പ്രധാന താരങ്ങൾക്കുൾപ്പെടെ പരിക്കേറ്റിട്ടും പ്ലേ ഓഫിൽ പ്രവേശിക്കാനായതിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തീർച്ചയായും അഭിമാനിക്കാനാകും. ഇരു ടീമുകളും അവസാന സീസണിൽ പ്ലേ ഓഫിൽ പ്രവേശിച്ചിരുന്നെങ്കിലും സെമി ഫൈനലിലേക്ക് പ്രവേശിച്ചിരുന്നില്ല.

ലീഗ് ഘട്ടത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് അന്തരാഷ്ടമത്സരങ്ങളുടെ ഇടവേള ആരംഭിക്കുമ്പോൾ റാങ്കിങ്ങിൽ ഒന്നാമതായിരുന്നുവെങ്കിൽ ലീഗ് ഘട്ടം അവസാനിക്കുമ്പോൾ ഇരുപത്തിരണ്ട് മത്സരങ്ങളിൽ നിന്ന് മുപ്പതിമ്മൂന്നു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. മുപ്പതിമ്മൂന്നു പോയിന്റിൽ ലീഗ് രണ്ടാം പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നേടിയത് വെറും ഏഴു പോയിന്റുകൾ മാത്രമാണ്. അവസാന അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്.

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിൽ ലീഗ് ഘട്ടത്തിൽ ഏറ്റവുകൂടുതൽ ഗോളുകൾ നേടിയ ദിമിത്രിയോസ് ഡയമെന്റാകോസാണ് ടീമിനെ പ്ലേ ഓഫിലേക്ക് നയിച്ചതിൽ നിർണായക പങ്കുവഹിച്ചതെന്ന് നിസംശയം പറയാം. പത്താം സീസണിൽ പതിമ്മൂന്നു ഗോളുകളാണ് താരം ബ്ലാസ്റ്റേഴ്സിനായി നേടിയത്. മുഹമ്മദ് അയ്മൻ, മുഹമ്മദ് അഹ്സർ, നിഹാൽ സുധീഷ്, വിബിൻ മുതലായ യുവതാരങ്ങളുടെ സമയോചിതമായ മികച്ച പ്രകടനം ടീമിന് പ്രതിസന്ധിഘട്ടങ്ങളിൽ താങ്ങായി.

മറുവശത്ത് ലീഗ് ഘട്ടം അവസാനിക്കുമ്പോൾ ഇരുപത്തിരണ്ട് മത്സരങ്ങളിൽ നിന്ന് മുപ്പതിയൊൻപത് പോയിന്റുമായി ഒഡിഷ എഫ്‌സി കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒരു സ്ഥാനം മുകളിൽ നാലാം സ്ഥാനത്താണ്. സ്വന്തം തട്ടകമായ ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിൽ മികച്ച റെക്കോർഡാണ് ഈ സീസണിൽ ഒഡിഷക്കുള്ളത്. ഈ സീസണിൽ കലിങ്ക സ്റ്റേഡിയത്തിൽ നടന്ന എല്ലാ മത്സരങ്ങളും വിജയിച്ച ഒഡിഷ പത്താം സീസണിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ ആദ്യ ടീമാണ്.

സീസണിൽ ഉടനീളം റോയ് കൃഷ്ണ ടീമിനായി പന്ത്രണ്ട് ഗോളുകൾ നേടിയപ്പോൾ ഡീഗോ മൗറീഷ്യോ പത്ത് ഗോളുകൾ നേടി. ഒമ്പത് ക്ലീൻ ഷീറ്റുകളുമായ് ഗോൾകീപ്പർ അമ്രീന്ദർ സിങ്ങും  ടീമിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചു. എന്നാൽ ഒഡിഷക്കായി ഈ സീസണിൽ ആയിരത്തിയിരുന്നൂറിലധികം വിജയകരമായ പാസുകളും മുപ്പത്തിയേഴ് അവസരങ്ങളും സൃഷ്ടിച്ച അഹമ്മദ് ജഹൂ തന്നെയാണ് ഒഡിഷയുടെ പ്രധാന കരുത്ത്.

ഹെഡ് റ്റു ഹെഡ്

ഇരു ടീമുകളും ഇരുപതിമ്മൂന്ന് മത്സരങ്ങളിലാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റുമുട്ടിയിട്ടുള്ളത്. ഇരു ടീമുകളും എട്ട്  വീതം മത്സരങ്ങൾ വിജയിച്ചപ്പോൾ ഏഴു മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

കളിച്ച മത്സരങ്ങൾ: 23

കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്: 8

ഒഡീഷ എഫ്‌സി വിജയിച്ചത്: 8

സമനില: 7

പത്താം സീസണിൽ കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ ഒഡീഷയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് 2-1 ന് വിജയിച്ചിരുന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ഡയമന്റകോസും ലൂണയും സ്‌കോർ ചെയ്തപ്പോൾ ഒഡിഷക്കായി ഡീഗോ മൗറീഷ്യോ ആശ്വാസഗോൾ നേടി. മറുവശത്ത് ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ഒഡീഷ എഫ്‌സി 2-1 ന് വിജയിച്ചു. ഡയമന്റകോസ് ഒരു ഗോൾ ബ്ലാസ്റ്റേഴ്സിനായും റോയ് കൃഷ്ണ ഇരട്ട ഗോളുകൾ ഒഡീഷക്കായും നേടി.

സാധ്യതാ ആരംഭനിര

ഒഡീഷ എഫ്‌സി: അമരീന്ദർ സിംഗ്; ആമി റണവാഡെ, നരേന്ദർ ഗഹ്ലോട്ട്, കാർലോസ് ഡെൽഗാഡോ, ലാൽറിൻസുവാല; അഹമ്മദ് ജാഹൂ, പ്രിൻസ്റ്റൺ റെബെല്ലോ, ഖ്വാൾഹിംഗ് ലാൽതതംഗ; റോയ് കൃഷ്ണ, ഡീഗോ മൗറീഷ്യോ, ഇസക്ക റാൾട്ടെ

കേരള ബ്ലാസ്റ്റേഴ്സ്: ലാറ ശർമ്മ (ജികെ), സന്ദീപ് സിംഗ്, ഹോർമിപം റുവിയ, മിലോസ് ഡ്രിൻസിച്ച്, മുഹമ്മദ് അസ്ഹർ, രാഹുൽ കെപി, വിബിൻ മോഹനൻ, ജീക്‌സൺ തൗനോജം, ഡെയ്‌സുകെ സകായ്, ഫെഡോർ സെർണിച്ച്, ഡിമിട്രിയോസ് ഡയമന്റകോസ്

സംപ്രേക്ഷണ വിവരങ്ങൾ

ഒഡീഷ vs കേരള ബ്ലാസ്റ്റേഴ്സ് മത്സരം 2024 ഏപ്രിൽ 19-ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വൈകുന്നേരം 07:30 ന് (IST) ആരംഭിക്കും. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം Sports18 നെറ്റ്‌വർക്കിൽ (Sports18 1/VH1 ചാനൽ) ലഭ്യമാകും. ഗെയിമിന്റെ തത്സമയ സ്ട്രീമിംഗ് JioCinema ആപ്പിലും ലഭ്യമാകും. സ്പോർട്സ് 18 ഖേലിൽ ഹിന്ദി കമന്ററിയോടെയും, സൂര്യ മൂവീസ് മലയാളം കമന്ററിയോടെയും, ഡിഡി ബംഗ്ലാ ബംഗാളി കമന്ററിയോടെയും ആരാധകർക്ക് മത്സരം കാണാം. വിദേശത്ത് നിന്നുള്ള കാഴ്ചക്കാർക്ക് ഗെയിം സ്ട്രീം ചെയ്യാൻ OneFootball ഉപയോഗിക്കാം.