മോഹൻ ബഗാൻ എസ്‌ജി അറ്റാക്കിംഗ് മിഡ്‌ഫീൽഡറായ മലയാളി താരം സഹൽ അബ്ദുൾ സമദ് പരിക്ക് മൂലം മാർച്ച് മുതൽ ടീമിനായി കളിക്കാനിറങ്ങിയിരുന്നില്ല. എന്നാൽ തന്റെ തിരിച്ചുവരവിൽ, 93ആം മിനിറ്റിൽ നിർണായക ഗോൾ നേടി തുടർച്ചയായ രണ്ടാം സീസണിലും മോഹൻ ബഗാൻ സൂപ്പർ ജൈൻറ്സിനെ ഫൈനലിൽ ഇടം നേടാൻ സഹായിച്ച മികച്ച പ്രകടനം കാഴ്ചവച്ചു.

പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ ഗോൾ നേടാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച സമദ്, വരാനിരിക്കുന്ന ഫൈനലിൽ ഈ ഗോൾ നേട്ടം തന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. “ഗോളുകൾ എല്ലായ്പ്പോഴും ഒരു കളിക്കാരന് വലിയ ആത്മവിശ്വാസം നൽകുന്നു, പ്രത്യേകിച്ച് എന്നെപ്പോലുള്ള കളിക്കാർക്ക്. പരിക്കിന് ശേഷം തിരിച്ചു വന്ന് കളിക്കാൻ ഒരുപാട് കാത്തിരിക്കേണ്ടി വന്നു. തിരിച്ചുവരാനും സാധ്യമായ എല്ലാ വഴികളിലും എന്റെ ടീമിനെ സഹായിക്കാനും കഴിയുന്നത് അതിശയകരമാണ്.” സഹൽ indiansuperleague.com-നോട് പറഞ്ഞു.

കൊൽക്കത്തയിൽ ഒഡീഷ എഫ്‌സിക്കെതിരായ സെമി ഫൈനൽ മത്സരത്തിൽ 62,000 കാണികളെ സാക്ഷിയാക്കി കളത്തിലിറങ്ങിയ മോഹൻ ബഗാന് ലഭിച്ച പിന്തുണ അവിസ്മരണതീയമായിരുന്നു. ആവേശഭരിതരായ ആരാധകർ മത്സരത്തിലുടനീളം ആവേശകരമായ അന്തരീക്ഷം സൃഷ്ടിച്ചു.

ആരാധകരുടെ സാന്നിധ്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് അവരുടെ അചഞ്ചലമായ പിന്തുണക്ക് സമദ് നന്ദി അറിയിച്ചു. “വിജയം നമ്മിൽ കൂടുതൽ വിശ്വാസം കൊണ്ടുവരുന്നു. ആരാധകർ നൽകിയ പിന്തുണ അവിശ്വസനീയമായിരുന്നു. ആദ്യ നിമിഷം മുതൽ, അവർ ഞങ്ങൾക്ക് പിന്നിലുണ്ടായിരുന്നു, അവർക്കായി ഞങ്ങൾക്കിത് ചെയ്യാനാകുമെന്ന് ഞാൻ കരുതുന്നു.” അദ്ദേഹം പറഞ്ഞു.

“ഒരു കളി കൂടി ബാക്കിയുണ്ട്, അത് കഠിനമായ ഒന്നായിരിക്കും. പക്ഷേ ഞങ്ങൾ കാത്തിരിക്കുകയാണ്. ഞങ്ങൾ മുൻപും ചെയ്തതുപോലെ അവസാനം വരെ പോരാടാൻ ഞങ്ങൾ തയ്യാറാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

പരിക്കിനാൽ ബുദ്ധിമുട്ടിയ കഠിനമായ കാലഘട്ടത്തിൽ തന്റെ ഭാര്യ നൽകിയ വിലമതിക്കാനാകാത്ത പിന്തുണയെക്കുറിച്ചും സമദ് മനസുതുറന്നു. “ഈ ഗോൾ എന്റെ ഭാര്യക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഗ്രൗണ്ടിലേക്ക് തിരിച്ചുവരാൻ ഏറെ കാത്തിരിക്കേണ്ടി വന്നു. ഇതിലെല്ലാം എന്നോടൊപ്പം ഉണ്ടായിരുന്നത് അവളാണ്. ഞാൻ അവളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു.” സമദ് അഭിപ്രായപ്പെട്ടു.