കഠിനാധ്വാനവും അർപ്പണബോധവും അഭിനിവേശവും കൈമുതലാക്കിയ തുല്യ ശക്തിയുള്ള രണ്ടു ടീമുകളാണ് ഇന്ന് പിജെഎൻ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നത്. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസൺ ഫൈനലിൽ ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടുമ്പോൾ തീപാറുന്ന നിമിഷങ്ങൾക്ക് നമ്മൾ സാക്ഷിയാകും.

ഇരു ടീമുകളുടെയും ആരാധകർ ഈ മത്സരമൊരു ആഘോഷമാക്കാൻ ഉറപ്പിച്ചാണ്. കേരളത്തിൽ നിന്ന് ഗോവയിലേക്കുള്ള ട്രെയിനുകളിലും ബസ്സുകളിലുമെല്ലാം ആരാധകരുടെ പ്രവാഹമാണ്. ഒപ്പം സ്വന്തം വാഹനങ്ങളിൽ പോകുന്നവരും കൂട്ടമായി വണ്ടി വിളിച്ചു പോകുന്നവരും മറ്റൊരു വശത്ത്. സാഹചര്യങ്ങൾ വ്യക്തമാക്കുന്നത് ഗോവയിലെ സ്റ്റേഡിയത്തിനുമപ്പുറത്തേക്ക് ആരാധകർ നിറഞ്ഞു കവിയുമെന്നാണ്.

രണ്ടു സീസണുകൾക്കപ്പുറം ആരാധകർക്കായി സ്റ്റേഡിയത്തിന്റെ വാതിലുകൾ തുറക്കുമ്പോൾ അവിടെയെഴുതപ്പെടുന്നത് മറ്റൊരു ചരിത്രമാണ്. കോവിഡിനെ അതിജീവിച്ച മനുഷ്യ രാശിയുടെയും ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫൈനലിലിക്ക് പ്രവേശിക്കുന്ന കൊമ്പന്മാരുടെ ചങ്കൂറ്റത്തിന്റെയും വീരഗാഥ!

ഫോം ഗൈഡ്

ഹൈദരാബാദ് എഫ്‌സി

കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ എടികെ മോഹൻ ബഗാനെതിരേ 3-2ന് ജയിച്ചാണ് മാനുവൽ മാർക്വേസിന്റെ നേതൃത്വത്തിലുള്ള ടീം ഫൈനലിലെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ആദ്യമായി ഫൈനൽ കളിക്കുന്ന ഹൈദരാബാദ് എഫ്‌സി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഇരുപതു മത്സരങ്ങളിൽനിന്നായി മുപ്പത്തിയെട്ടു പോയിന്റുമായി ലീഗ് ഘട്ടം പൂർത്തിയാക്കുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി

സെമിയിൽ ലീഗ് ഷീൽഡ് ജേതാക്കളായ ജംഷെഡ്പൂരിനെതിരെ 2-1ന്റെ ജയത്തോടെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലിൽ കടന്നത്. ആറു സീസണുകൾക്കപ്പുറം എക്കാലത്തെയും മികച്ച റെക്കോർഡുമായി മൂന്നാം തവണയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ പോരാടാനിറങ്ങുന്നത്.

ഇഞ്ചോടിഞ്ച്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും ഇതുവരെ ആറു മത്സരങ്ങളിലാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇരു ടീമുകളും മൂന്ന് മത്സരങ്ങൾ വീതം ജയിച്ചു.

ഈ സീസണിൽ ഏറ്റുമുട്ടിയ രണ്ടു മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു. ജനുവരിയിൽ നടന്ന ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹൈദരാബാദിനെ പരാജയപ്പെടുത്തിയപ്പോൾ രണ്ടാം മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി വിജയിച്ചു.

ടീം വാർത്തകൾ

ഫൈനൽ മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി താരങ്ങളായ ജോയൽ ചിയാനീസും ആശിഷ് റായിയും ഇറങ്ങാനിടയില്ല. മറുവശത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ സഹൽ അബ്ദുൾ സമദിന്റെ കാര്യവും സംശയത്തിലാണ്. മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അഡ്രിയാൻ ലൂണ കളത്തിലിറങ്ങുമെന്ന് ടീം സ്ഥിതീകരിച്ചിരുന്നു.

പ്രധാന കളിക്കാർ

ഹൈദരാബാദ് എഫ്‌സി

ബാർത്തലോമിയോ ഒഗ്ബെച്ചെ: 19 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ കൂടിയായ താരം നിലവിൽ ഹൈദരാബാദിന്റെ ഏറ്റവും ഉയർന്ന സ്‌കോററാണ്. ഒരു ഹീറോ ഐഎസ്എൽ സീസണിൽനിന്നു മാത്രം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്നപുതിയ റെക്കോർഡ് സ്വന്തമാക്കാൻ ഇനിയദ്ദേഹത്തിന് ഒരു ഗോൾ കൂടി മതിയാകും. ഈ സീസണിൽ ഏറ്റവും കൂടുതൽ ഷോട്ടുകൾ തൊടുത്ത മൂന്നാമത്തെയാളാണ് ഓഗ്‌ബെച്ചേ(61). അൽവാരോ വാസ്‌ക്വസ് (67), ലിസ്റ്റൺ കൊളാക്കോ (84) എന്നിവർ മാത്രമാണ് ഈ സീസണിൽ ഒഗ്‌ബെച്ചെയേക്കാൾ കൂടുതൽ ഷോട്ടുകൾക്കായി ശ്രമിച്ചത്.

ലക്ഷ്മികാന്ത് കട്ടിമണി: ഈ സീസണിൽ മറ്റേതൊരു ഗോൾകീപ്പറെക്കാളും കൂടുതൽ സേവുകൾ നടത്തിയ താരം (58) മൂന്ന് ക്ലീൻ ഷീറ്റുകളും നേടി..

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി

അഡ്രിയാൻ ലൂണ: ബ്ലാസ്റ്റേഴ്സിനായി ഒരു ഹീറോ ഐഎസ്എൽ സീസണിൽനിന്നു മാത്രം കേരളാ ബ്ലാസ്റ്റേഴ്സിനായി പത്തോ അതിലധികമോ ഗോൾനേടിയ മൂന്നു കളിക്കാരിൽ ഒരാളാണ് ലൂണ. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ മൂന്നാമനും ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയ താരവുമാണ് അദ്ദേഹം. ഈ സീസണിലിതുവരെ ഏഴ് അസിസ്റ്റുകൾ നൽകിയ ലൂണ ഹീറോ ഐ‌എസ്‌എൽ എട്ടാം സീസണിലെ എല്ലാ ഹീറോ ഐ‌എസ്‌എൽ മത്സരങ്ങളിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഇടംനേടി. ഈ സീസണിൽ ആ നേട്ടം കൈവരിച്ച രണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരിൽ ഒരാളാണ് അദ്ദേഹം.

പ്രഭ്സുഖൻ സിംഗ് ഗിൽ: ഈ സീസണിൽ മറ്റേതൊരു കീപ്പറെക്കാളും ക്ലീൻ ഷീറ്റുകൾ ഗിൽ നേടിയിട്ടുള്ള താരം 19 മത്സരങ്ങളിൽ നിന്നായി 20 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.

പ്രധാന സ്ഥിതിവിവരക്കണക്കുകൾ

ഹൈദരാബാദ് എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഈ സീസണിൽ ആദ്യം സ്‌കോർ ചെയ്തതിന് ശേഷം ഒരു മത്സരം പോലും തോറ്റിട്ടില്ല. ആദ്യം സ്‌കോർ ചെയ്ത മത്സരങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് 10 വിജയവും 4 സമനിലയും നേടിയപ്പോൾ ഹൈദരാബാദ് 9 വിജയവും 1 സമനിലയും നേടി. മറുവശത്ത്, ഈ സീസണിൽ ആദ്യ ഗോൾ വഴങ്ങിയതിന് ശേഷമുള്ള ഒരു മത്സരത്തിൽ പോലും ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിട്ടില്ല.

ഫട്ടോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ നടന്ന അവസാന ഒമ്പത് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ഹൈദരാബാദ് എഫ്‌സി മുന്നേറുന്നത്. 2019-20 സീസണിൽ എഫ്‌സി ഗോവയ്‌ക്കെതിരെയായിരുന്നു സ്റ്റേഡിയത്തിലെ അവരുടെ അവസാന തോൽവി.

മത്സര സമയവും ടെലികാസ്റ്റ് വിശദാംശങ്ങളും

മത്സരം: ഹൈദരാബാദ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

തീയതി: മാർച്ച് 20, 2022

സ്ഥലം: പിജെഎൻ സ്റ്റേഡിയം, മർഗോവ, ഗോവ

കിക്ക്-ഓഫ് സമയം: 7.30 pm IST

സംപ്രേക്ഷണം: സ്റ്റാർ സ്പോർട്സ് നെറ്റ്വർക്ക്

ഓൺലൈൻ സ്ട്രീമിംഗ്: Disney+Hotstar, JioTV