ആരാധകരുടെ സ്വപ്നസാഫല്യമായി നീണ്ട ആറു സീസണുകൾക്കപ്പുറം ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ സെമി ഫൈനൽ രണ്ടാം പാദവും ജയിച്ച് ഫൈനലിലേക്ക് പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്രതീക്ഷകൾ പൂവണിഞ്ഞ രാത്രിയിൽ ഇവാന്റെ ചുണക്കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആക്രമണവും പ്രതിരോധവും കൃത്യമായി സമന്വയിപ്പിച്ച പ്രകടനത്തിൽ സഫലമായത് ആറ് വർഷത്തെ കാത്തിരിപ്പാണ്. സെമി ഫൈനലിൽ പ്രവേശിച്ചെങ്കിൽ ഫൈനലിലും പ്രവേശിക്കുമെന്ന കൊമ്പന്മാരുടെ മുൻകാല ചരിത്രവും ഇതോടുകൂടി കാത്തുസൂക്ഷിക്കപ്പെട്ടു. രണ്ടാം പാദ സെമി ഫൈനലിൽ ജംഷഡ്പുരിനെ 1–1ന് തകർത്ത് ഇരു പാദങ്ങളിലുമായി 2–1ന്റെ ലീഡിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് നടന്നുകയറുന്നത്. മത്സരത്തിൽ അഡ്രിയൻ ലൂണ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയപ്പോൾ പ്രണോയ് ഹാൽദർ ജംഷെഡ്പൂരിനായി സമനില ഗോൾ നേടി.

വാശിയേറിയ പോരാട്ടത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാനും ജംഷെഡ്പൂർ പരിശീലകൻ കോയലിനും മഞ്ഞക്കാർഡ് വിധിച്ചു. ഇഞ്ചുറി ടൈമിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ പ്രഭ്സുഖൻ ഗില്ലിനും മഞ്ഞക്കാർഡ് കിട്ടി.

സ്റ്റാർട്ടിങ് XI

രണ്ടാംപാദ സെമി ഫൈനൽ മത്സരത്തിൽ മാറ്റങ്ങളുമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നിര കളത്തിലിറങ്ങിയത്. ആദ്യപാദത്തില്‍ വിജയഗോള്‍ നേടിയ സഹല്‍ അബ്ദുള്‍ സമദിന് പകരം നിഷുകുമാർ കളത്തിലിറങ്ങി. പരിക്കുകാരണമാണ് സഹലിന് കളിക്കാനാകാതെ പോയത്. പ്രതിരോധ നിരയിൽ സഞ്ജീവ് സ്റ്റാലിന് പകരം സന്ദീപ് സിങ്ങിറങ്ങി. പ്രതിരോധത്തിൽ ഹര്‍മന്‍ജത് ഖബ്ര, മാര്‍കോ ലെസ്‌കോവിച്ച്, റുയ്‌വാ ഹോര്‍മിപാം എന്നിവരും മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ, ആയുഷ് അധികാരി, പുയ്ട്ടിയ എന്നിവരും മുന്നേറ്റത്തില്‍ അല്‍വാരോ വാസ്‌കസും ജോര്‍ജ് പെരേര ഡയസ് എന്നിവരും ഗോൾ കീപ്പിംഗിൽ പ്രഭ്സുഖൻ ഗില്ലും തുടര്‍ന്നു.

ജംഷഡ്പുര്‍ മുന്നേറ്റ നിരയില്‍ ഇഷാന്‍ പണ്ഡിറ്റയും ഗ്രെഗ് സ്റ്റുവര്‍ട്ടും ഡാനിയേല്‍ ചുക്വുവും ഇടംപിടിച്ചു. മധ്യനിരയില്‍ പ്രണോയ് ഹാള്‍ദെര്‍, റിത്വിക് ദാസ്, ജിതേന്ദ്ര സിങ് എന്നിവരും പ്രതിരോധത്തില്‍ റിക്കി, പീറ്റര്‍ ഹാര്‍ട്‌ലി, എലി സാബിയ, ലാല്‍ഡിന്‍ലിയാന റെന്ത്‌ലെ എന്നിവരും ഗോൾ കീപ്പിംഗിൽ ടി.പി രെഹ്നേഷും ഇടം പിടിച്ചു.

ജംഷഡ്പൂർ എഫ്‌സി സ്റ്റാർട്ടിങ് XI

ടി.പി.റെഹനേഷ് (ജി.കെ), ലാൽഡിൻലിയാന റെന്ത്‌ലി, എലി സാബിയ, പീറ്റർ ഹാർട്ട്‌ലി (സി), റിക്കി ലല്ലാവ്‌മ, ജിതേന്ദ്ര സിംഗ്, പ്രോണോയ് ഹാൽഡർ, റിത്വിക് ദാസ്, ഗ്രെഗ് സ്റ്റുവാർട്ട്, ഇഷാൻ പണ്ഡിത, ഡാനിയൽ ചുക്വു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്റ്റാർട്ടിങ് XI

പ്രഭ്സുഖൻ ഗിൽ (ജികെ), റൂയിവ ഹോർമിപാം, മാർക്കോ ലെസ്കോവിച്ച്, നിഷു കുമാർ, സന്ദീപ് സിംഗ്, ഹർമൻജോത് ഖബ്ര, ലാൽതതംഗ ഖൗൾഹിംഗ്, അഡ്രിയാൻ ലൂണ (സി), ആയുഷ് അധികാരി, ജോർജ് ഡയസ്, അൽവാരോ വാസ്ക്വസ്.

പ്രധാന നിമിഷങ്ങൾ!

മത്സരത്തിന്റെ ആറാം മിനിറ്റിൽ ഗോൾകീപ്പർ രെഹനേഷ് മാത്രം മുന്നിൽ നിൽക്കെ കേരള ബ്ലാസ്റ്റേഴ്സ് താരം അൽവാരോ വാസ്‌ക്വസിനു ലഭിച്ച അവസരം വൈഡിൽ കലാശിച്ചു. പത്താം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസിനു ലഭിച്ച മറ്റൊരു ഗോളവസരം ക്രോസ് ബാറിൽത്തട്ടിയും പുറത്തേക്ക് തെറിച്ചു. നഷ്ടങ്ങളിൽ നിരാശരാകാതെ മികച്ച പ്രകടനവുമായി മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് നിര പതിനെട്ടാം മിനിറ്റിൽ ലക്‌ഷ്യം കണ്ടു. ഇടതു വിങ്ങില്‍ നിന്ന് ആല്‍വാരോ വാസ്‌കസ് ഫ്‌ളിക് ചെയ്ത് നല്‍കിയ ബോൾ അഡ്രിയാൻ ലൂണ തടയാനുള്ള സാധ്യതകളൊന്നും ജംഷെഡ്പൂർ ഗോൾ കീപ്പർ രേഹനേഷിന് നൽകാതെ അനായാസമായി വലയിലെത്തിക്കുകയായിരുന്നു.

മുപ്പത്തിയാറാം മിനിറ്റിൽ ജംഷെഡ്പൂർ വലതുളച്ചെങ്കിലും ഓഫ്‌സൈഡ് ആയിരുന്നതിനാൽ ഗോൾ പിന്നീട് ക്യാൻസൽ ചെയ്തു. ആദ്യ പകുതി ബ്ലാസ്റ്റേഴ്സിന്റെ ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിൽ കളിയുടെ അൻപതാം മിനിറ്റിൽ ജംഷെഡ്പൂർ ആദ്യ ഗോൾ നേടി. പ്രണോയ് ഹാൽദറാണ് ജംഷെഡ്പൂരിനായി ഗോൾ നേടിയത്. കോർണർ കിക്കിൽ പന്ത് ഡാനിയൽ ചീമയുടെ ദേഹത്തുതട്ടി ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കെത്തി. പന്ത് വരുതിയിലാക്കിയ പ്രണോയിയുടെ കിക്ക്‌ വലതുളച്ചു. അഞ്ചു മിനിറ്റ് അധിക സമയവും കഴിഞ്ഞ് മത്സരം അവസാനിക്കുമ്പോൾ ഇരു പാദങ്ങളിലുമായി ഒരു ഗോളിന്റെ ലീഡിൽ ലീഗ് ഷീൽഡ് ജേതാക്കളായ ജംഷെഡ്പൂരിനെ തകർത്ത് ബ്ലാസ്റ്റേഴ്‌സ് സെമിഫൈനലിൽ പ്രവേശിച്ചു.

ഫീൽഡിലെ മികച്ച പ്രകടനത്തിനും കേരളാ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയതിനുമായി ഹീറോ ഓഫ് ദി മാച്ച് അവാർഡ് അഡ്രിയാൻ ലൂണയ്ക്ക് ലഭിച്ചു.

നാളെ നടക്കുന്ന ഹൈദരാബാദ് എടികെ മോഹൻ ബഗാൻ മത്സരത്തിലെ വിജയിയാകും ഫൈനലിൽ ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടുക.