എട്ടാം സീസണിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച മുഖ്യ പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ കരാർ 2025 വരെ നീട്ടിയതായി ഔദ്യോഗീകമായി സ്ഥിതീകരിച്ച് ടീം. ഇവാൻ ടീമിന്റെ ഭാഗമായതിനു ശേഷം മികച്ച പ്രകടനമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവയ്ക്കുന്നത്. സെമിഫൈനൽ പോലും കാണാനാകാതെ നിരാശയുടെ പടുകുഴിയിൽപെട്ടു കിടന്നിരുന്ന ടീമിന്റെ ഉയർത്തെഴുന്നേൽപ്പാണ്‌ ഇതോടുകൂടി സാധ്യമായത്. ഇവാന്റെ സാന്നിധ്യത്തിൽ ഫൈനൽ പ്രവേശനത്തിനൊപ്പം ഒരു പിടി റെക്കോഡുകളും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയിന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ വിജയങ്ങൾ എന്നിവ അവയിൽ ചിലതു മാത്രം. ആയുഷ് അധികാരിയുൾപ്പെടെ യുവതാരങ്ങളും മികച്ച പ്രകടനമാണ് അദ്ദേഹത്തിന്റെ പരിശീലനത്തിൽ കാഴ്ചവച്ചത്. ഇവാന്റെ കരാർ പുതുക്കിയത് ആവേശത്തോടുകൂടിയാണ് അരാധകരും ടീമംഗങ്ങളും വരവേൽക്കുന്നത്.

"ഇവാനുമായി കരാറില്‍ ഏര്‍പ്പെട്ടതില്‍ സന്തോഷിക്കുന്നു. ടീമുമായി നന്നായി പൊരുത്തപ്പെട്ട അദ്ദേഹം ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിന്റെ പ്രധാന ഘടകമാണ്. ഇത് ക്ലബിന്റെ ഒരു നിർണായകമായ നീക്കമാണെന്ന് കരുതുന്നു. ഞങ്ങളുടെ ജോലി സ്ഥിരതയോടെ തുടരാനും കൂടുതല്‍ ലക്ഷ്യങ്ങള്‍ നേടാനും ശക്തമായ അടിത്തറ ഞങ്ങൾക്കിപ്പോഴുണ്ട്. കരാർ വിപുലീകരണത്തിലൂടെ എല്ലാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെയും അഭിനന്ദിക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു" കേരളാ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പറഞ്ഞു.

"കഴിഞ്ഞ വര്‍ഷം ചുമതല ഏറ്റടുത്തതു മുതല്‍, ഈ മനോഹരമായ ക്ലബ്ബിലുടനീളം പോസിറ്റീവ് ഊര്‍ജവും വികാരവും അനുഭവപ്പെട്ടു. ആരാധകരും, കേരളവും എന്നെ ആകര്‍ഷിച്ചു. കൂടുതല്‍ ആത്മാർത്ഥതയോടും അര്‍പ്പണബോധത്തോടും കൂടി മുന്നോട്ടുപോകുവാനുള്ള മികച്ച അവസരമാണ് ഇന്ന് നമുക്കുള്ളത്. കരാര്‍ വിപുലീകരണത്തില്‍ ഞാന്‍ ഏറെ തൃപ്തനും സന്തുഷ്ടനുമാണ്." കരാർ വിപുലീകരണത്തെക്കുറിച്ച് ഇവാൻ പ്രതികരിച്ചു.