ഇവാൻ വുകമനോവിച്ച്: നാളത്തെ മത്സരത്തിൽ ഏറ്റവും മികച്ചത് തന്നെയാണ് പ്രതീക്ഷിക്കുന്നത്!
ആറു സീസണുകൾക്കപ്പുറം ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ആരാധകരുടെ ദീർഘനാളത്തെ സ്വപ്നമാണ് സഫലമാകാൻ പോകുന്നത്. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പങ്കെടുത്തു

ആറു സീസണുകൾക്കപ്പുറം ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ആരാധകരുടെ ദീർഘനാളത്തെ സ്വപ്നമാണ് സഫലമാകാൻ പോകുന്നത്. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പങ്കെടുത്തു.
പത്രസമ്മേളത്തിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ;
"കഴിഞ്ഞ സീസണുകളിൽ സംഭവിച്ച എല്ലാ നിരാശകളും അനുഭവിച്ചറിഞ്ഞ ഞങ്ങൾ ഈ വർഷം പൂർണശക്തിയോടെ തിരിച്ചെത്തി. അതിന്റെ ഫലമായി ഞങ്ങൾക്ക് ഇന്ന് ഇവിടെയിരിക്കാനുള്ള ഭാഗ്യമുണ്ടായി. ഇതിനെല്ലാം തന്നെ ഒരുപാട് നന്ദിയുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഞങ്ങൾ ആരംഭിച്ചത് മുതൽ ഞങ്ങളുടെ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. നിങ്ങളോടൊപ്പം ഇന്ന് ഈ വേദിയിൽ പങ്കെടുക്കനായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. നാളത്തെ കളിക്ക് വേണ്ട എല്ലാ തയ്യാറെടുപ്പുകൾ നടത്താനും എല്ലാ ഭംഗിയോടും കൂടി പൂർത്തിയാക്കാനും ഏറെ നാളുകൾക്ക് ശേഷം ഇവിടെയെത്താൻ കഴിഞ്ഞതുമെല്ലാം ക്ലബ്ബിന്റെ ഒരു വലിയ നേട്ടമായി തന്നെ ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ നാളത്തെ ഗെയിമിൽ ഏറ്റവും മികച്ചത് തന്നെയാണ് പ്രതീക്ഷിക്കുന്നത്."
നാളത്തെ മത്സരത്തിൽ സഹൽ ഉണ്ടാകുമോ?
"ചില ചികിത്സകൾക്കൊപ്പം തന്നെ സഹൽ ഇന്ന് രാവിലെ മെഡിക്കൽ സ്റ്റാഫിനൊപ്പം ഗെയിമിനു വേണ്ടി പ്രാക്ടീസ് ചെയ്തിരുന്നു. ഇന്ന് സഹൽ ഞങ്ങളോടൊപ്പം വൈകുന്നേരം പരിശീലന ഗ്രൗണ്ടിൽ ഉണ്ടാകും. നാളെ കളിക്കാനാകുമോയെന്ന് പരിശീലനം കഴിഞ്ഞ് വിലയിരുത്തി കാണണം. മിക്കവാറും നാളത്തെ കളിയിൽ അദ്ദേഹം ലഭ്യമായേക്കും."
പരിശീലനത്തിന്റെ നിങ്ങളുടെ ഫിലോസഫിക്ക് പിന്നിലെ പ്രചോദനം എന്താണ്?
"ആധുനിക ജീവിതത്തിന്റെ ഭാഗമായി നമ്മുടെ എല്ലാരുടെയും ജീവിതത്തിന്റെ മുഴുവൻ വശവും നോക്കുമ്പോൾ പരിണാമങ്ങൾ സംഭവിക്കുന്നുണ്ട്. അനുദിനം പുതിയ കാര്യങ്ങൾ ഉടലെടുക്കുന്നതിനാൽ ആളുകളും പരിണാമത്തിനൊപ്പം പോകാനാവശ്യമായ പ്രവണത കാണിക്കുന്നുണ്ട് . പുതിയ കാറുകളെക്കുറിച്ചും പുതിയ ഫോണുകളെക്കുറിച്ചും നിരവധി പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും നമ്മൾ അനുദിനം സംസാരിക്കുന്നുണ്ട്. ഫുട്ബോളിന്റെ കാര്യവും ഇതുതന്നെയാണ്. ഫുട്ബോളും ആ പരിണാമത്തിന്റെ ഭാഗമാണ്. എല്ലാ വർഷവും ഉയർന്ന തലത്തിലുള്ള ആധുനിക ഫുട്ബോളിലേക്ക് നോക്കുമ്പോൾ, കളിയുടെ ചില വശങ്ങൾ വർഷം തോറും മെച്ചപ്പെടുന്നതായി നമുക്ക് കാണാൻ കഴിയും. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള മുൻനിര ടീമുകളും മികച്ച കളിക്കാരും പുതിയ പ്രവണതകളോടെ വീണ്ടും മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നത് നമുക്ക് കാണാൻ കഴിയുന്നത്. ചില കാര്യങ്ങൾ എങ്ങനെ നേടാം, എങ്ങനെ മെച്ചപ്പെടുത്താം, എതിരാളികളെ എങ്ങനെ മറികടക്കാം തുടങ്ങിയ കാര്യങ്ങളിൽ അവർ വൈദഗ്ധ്യമുള്ളവരാണ്."
"ഒരു പരിശീലകനെന്ന നിലയിൽ, അവർ നടപ്പിലാക്കുന്ന കാര്യങ്ങൾ പിന്തുടരാനും, എതിരാളികളെ തോൽപ്പിക്കാൻ കഴിയുന്ന രീതികൾ പരീക്ഷിക്കാനും എനിക്ക് ഏറെ താല്പര്യമാണ്. ഇന്ത്യൻ കളിക്കാരെക്കുറിച്ച് പറയുകയാണെങ്കിൽ, അവർ മെച്ചപ്പെടാൻ ആഗ്രഹിക്കുകയും, ഉയർന്ന തലത്തിലേക്ക് പോകുകയും പിന്നീട് ദേശീയ ടീമുകളിൽ കളിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, തീർച്ചയായും ഈ വിശദാംശങ്ങൾ നടപ്പിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആ ആധുനിക ഒഴുക്കിനൊപ്പം പോകാനും, അതിനൊപ്പം നാളെ അവർ ഒരു അന്താരാഷ്ട്ര ടീമിനെയും എതിരാളികളെയും നേരിടുമ്പോൾ, അവർക്ക് ഉയർന്ന തീവ്രതയോടെ കളിക്കാനും അവരെ മറികടക്കാനും അവർക്ക് കഴിഞ്ഞേക്കും.”
“പ്രീമിയർ ലീഗുകളും ബുണ്ടസ്‌ലിഗ ലീഗുകളും കാണുമ്പോൾ, ഗെയിമിൽ ഉയർന്ന തീവ്രതയും സമ്മർദ്ദവും കല്പനകളും നിങ്ങൾക്ക് സാക്ഷ്യം വഹിക്കാനാകും. ഒരു പരിശീലകനെന്ന നിലയിൽ ഫുട്ബോൾ പരിണാമത്തിൽ ആ കാര്യങ്ങളെല്ലാം പിന്തുടരുന്നത് ഞാൻ അവ പരീക്ഷിച്ച് നടപ്പിലാക്കാൻ ആഗ്രഹിക്കുന്നതിനാലാണ്. തീർച്ചയായും ഒരു പരിശീലകനെന്ന നിലയിൽ ഞങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ അതിലൂടെ കഴിയുമെന്ന് കാണുമ്പോൾ എനിക്കത് വലിയൊരു ആത്മ വിശ്വാസം നൽകുന്നുണ്ട്. പിച്ചിൽ കളിയെ എങ്ങിനെ നേരിടണമെന്ന് കാണിക്കണമെന്ന് ഇതിലൂടെ ഞങ്ങളുടെ ആൺകുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുകയും ചെയ്യുന്നു. കളിയുടെ അവസാനം അവർ വിജയം ആസ്വദിക്കുന്നത് കാണുമ്പോൾഎനിക്ക് അഭിമാനം തോന്നാറുണ്ട്. എന്റെ മാത്രമല്ല, എല്ലാ ടെക്‌നിക്കൽ സ്റ്റാഫിന്റെയും ഫിലോസഫി ഇതു തന്നെയാണ്. അത് തന്നെയാണ് ഒരു ക്ലബ്ബിന് മികവ് നേടിത്തരുന്നതും."
യുവതാരങ്ങളെ ദേശീയ ടീമിലെത്തിക്കുന്ന പാരമ്പര്യമാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. കഴിഞ്ഞ 3 സീസണുകളിൽ ഞങ്ങൾക്ക് സഹൽ അബ്ദുൾ സമദും രാഹുൽ കെ.പിയും, ജീക്‌സണും ഉണ്ടായിരുന്നു. ഈ വർഷം പ്രഭ്സുഖൻ ഗിൽ പിന്നെ ഹോർമിപാമും വളരെയധികം മതിപ്പുളവാക്കി. മികവിനുള്ള അവസരം നൽകുമ്പോൾ യുവതാരങ്ങളിൽ നിങ്ങൾ കാണുന്ന കാര്യങ്ങൾ എന്തൊക്കെയാണ്. അവർ എങ്ങനെയാണ് സ്വയം തെളിയിക്കുന്നത്?
"ഈ യുവ താരങ്ങൾക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഫുട്‌ബോളിൽ പ്രായം പ്രശ്‌നമല്ലെന്ന് ആദ്യം നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഗുണമേന്മയുള്ളിടത്തോളം, നിങ്ങൾ ചെറുപ്പമാണോ പ്രായമുള്ളവരാണോ എന്നത് പ്രശ്നമല്ല. നിങ്ങളുടെ എതിരാളികളെക്കാൾ മികച്ച നിലവാരം നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾ കളിക്കാൻ കഴിവുറ്റവരാണ്. ഒരുപക്ഷേ ഈ ചെറുപ്പക്കാർക്ക് തോന്നിയിട്ടുണ്ടാകും ഇത് അവർക്കു വേണ്ടി പോരാടുകയും ചില കാര്യങ്ങൾ പഠിക്കുകയും മെച്ചപ്പെടുത്തുകയും മികച്ചവരാകുകയും ചെയ്യാനുമുള്ള അവസരമാണ്. ഈ സീസണിൽ എല്ലാവർക്കും കളിക്കാൻ അവസരങ്ങൾ ലഭിക്കുമെന്ന് ഞങ്ങൾ തന്നെ അവർക്ക് കാണിച്ചു കൊടുത്തിട്ടുണ്ട്. പ്രത്യേകിച്ച് സ്വയം തെളിയിക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർ വളർന്ന് ദേശീയ ടീമിൽ പ്രവേശിക്കാനുള്ള സാധ്യത പ്രകടിപ്പക്കാറുണ്ട്. ഒരു യുവകളിക്കാരനെന്ന നിലയിൽ അവർക്ക് ആ അഭിലാഷം ഉണ്ടായിരിക്കണം. വിജയിക്കാനും മികച്ചത് പുറത്തെടുക്കാനും ശരിക്കും പരിശ്രമിക്കുന്ന യുവാക്കളുടെ ഒരു കൂട്ടം ഞങ്ങൾക്കുണ്ട് എന്നതിൽ എനിക്ക് സന്തോഷമുണ്ട്.”
“തീർച്ചയായും നിങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണ് കളിക്കുന്നതെങ്കിൽ, നിങ്ങൾക്ക് സാധിക്കുന്നതെല്ലാം കാണിക്കേണ്ടതുണ്ട് എന്ന ഒരു അധിക കടപ്പാട് കൂടെ നിലനിൽക്കുന്നുണ്ട് . അതൊരു നല്ല വികാരമാണ്. ലഭിക്കുന്ന എല്ലാ പിന്തുണയോടെയും നമ്മൾ അത് ചെയ്യണം, അല്ലാത്തപക്ഷം നമ്മൾ തെറ്റായ പാതയിലാണ്. അതിനാൽ ഈ യുവാക്കൾ ഞങ്ങളുടെ ടീമിൽ ഉണ്ടെന്നതിൽ ഞാൻ ശരിക്കും നന്ദിയുള്ളവനും സന്തുഷ്ടനുമാണ്. അർഹരാണെങ്കിൽ ഞങ്ങൾ അവർക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ തയ്യാറാണ്. മൈതാനത്തിൽ ഓരോ മിനിറ്റിലും അവർ പോരാടേണ്ടതുണ്ടെന്ന് അവർ മനസ്സിലാക്കുന്നുണ്ട്. കഴിഞ്ഞ 5 മാസമായി അവർ ഇവിടെ ഗോവയിലും അതിനുമുമ്പ് കൊച്ചിയിലും കഠിനാധ്വാനം ചെയ്യുന്നതിനു സാക്ഷിയായതിൽ ഞാൻ ശരിക്കും സന്തോഷിക്കുന്നു."