ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസൺ പത്താം മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ നേരിടാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലാദ്യമായി തുടർച്ചയായ അഞ്ചു വിജയങ്ങൾ സ്വന്തമാക്കി ജൈത്ര യാത്ര തുടരുകയാണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി റാങ്കിങ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്‌സി.

ചെന്നൈക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകമാനോവിച്ച് പങ്കെടുത്തു. "ഈ ടീമുകൾക്കെതിരെയുള്ള (ചെന്നൈയിൻ എഫ്‌സിയും ബെംഗളൂരു എഫ്‌സിയും) എന്റെ അനുഭവപരിചയങ്ങൾ അവസാന സീസണിൽ നിന്നുള്ളതാണ്. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്, കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തവുമാണ്. ഇരു ടീമുകളും മികച്ചതാണ്. ഒരുമിച്ചും വ്യക്തിഗതമായും മാറ്റങ്ങൾ വരുത്താൻ കഴിവുള്ള മികച്ച താരങ്ങൾ ഇരു ടീമിലുമുണ്ട്. ഒരു പരിശീലകന്റെ കാഴ്ചപ്പാടിൽ നിങ്ങളുടെ ടീമിനെ മറ്റേതു മത്സരത്തിലെയും പോലെതന്നെ തയ്യാറാക്കും. ഇവിടെയൊരു പക്രിയയുണ്ട്. വീണ്ടും ഇതൊരു സതേൺ ഡെർബിയാണ്, മറ്റേതു മത്സരങ്ങളെക്കാളും മികച്ച അനുഭവമത് സമ്മാനിക്കും. ആരാധകരും കളിക്കാരും ഈ മത്സരങ്ങൾ ഇഷ്ടപ്പെടുന്നു. ഒരു കളിക്കാരൻ ഇത്തരം വലിയ മത്സരങ്ങൾ കളിക്കുന്നത് സ്വപ്നം കാണുന്നു. ഇത് പ്രത്യേകമാണ്. ഇത് കേരളത്തിലെ ആരാധകർക്ക് ഇഷ്‍ടമാണ്. അതിനാൽ ഞങ്ങൾ പരമാവധി ശ്രമിക്കുകയും മികച്ചത് നേടാൻ ശ്രമിക്കുകയും ചെയ്യും.” വുകമാനോവിച്ച് പറഞ്ഞു.

"ഒരു പരിശീലകന്റെ കാഴ്ചപ്പാടിൽ നിന്ന്, നിങ്ങൾക്ക് ഒരിക്കലും റെക്കോർഡുകളെക്കുറിച്ചോ അത്തരത്തിലുള്ള ചിന്തകളുമായോ മനസ്സിൽ തിരക്കിലായിരിക്കാൻ കഴിയില്ല. വികാരങ്ങൾ മാറ്റിനിർത്തിയാൽ, ആ ഗെയിമുകൾക്ക് എങ്ങനെ തയ്യാറെടുക്കണം, അടുത്ത എതിരാളിക്കായി എങ്ങനെ തയ്യാറാകണം എന്നിങ്ങനെ വരാനിരിക്കുന്ന മത്സരങ്ങളെക്കുറിച്ച് ചിന്തിക്കും. ഇന്ത്യൻ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് സവിശേഷമായ ടീമാണ്, കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാനും ജയിക്കാനും എല്ലാവർക്കും ആഗ്രഹമുണ്ട്. അതിനാൽ, ഞങ്ങളുടെ ഭാഗത്ത് നിന്ന്, തീർച്ചയായും, ഞങ്ങൾ ഞങ്ങളുടെ മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നു, എതിരാളികളെ തോൽപ്പിക്കാൻ ശ്രമിക്കുന്നു, അത്രമാത്രം. “ഇപ്പോൾ, ഞങ്ങൾ പോയിന്റുകൾ ശേഖരിക്കേണ്ട കാലഘട്ടത്തിലാണ്. കാരണം ഞങ്ങൾ മികച്ച ടീമുകൾക്കൊപ്പം പ്ലേ ഓഫിൽ ആയിരിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഓരോ മത്സരത്തിനായും, എല്ലാ ആഴ്‌ചയും, തയ്യാറെടുക്കുന്നു, അടുത്ത മത്സരത്തിനായി കാര്യങ്ങൾ എങ്ങനെ തയ്യാറാക്കണമെന്ന് ഞങ്ങൾ ചിന്തിക്കുന്നു, തുടർന്ന് ഞങ്ങൾ എങ്ങനെ പോയിന്റുകൾ ശേഖരിക്കുമെന്ന് കാണണം. തീർച്ചയായും, ഓരോ മത്സരവും ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. എല്ലാവരും കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ മികച്ചതാകാൻ ആഗ്രഹിക്കുന്നു. ഞങ്ങളത് അംഗീകരിക്കുന്നു. ഞങ്ങൾ അംഗീകരിക്കുന്നു. ബാക്കി നമുക്ക് കാണാം." വുകമാനോവിച്ച് വ്യക്തമാക്കി.

"ഇപ്പോൾ, ചെന്നൈയിൻ എഫ്‌സിക്കെതിരായ ഈ മത്സരത്തോടെ, ഞങ്ങൾ ലീഗിന്റെ പകുതി പൂർത്തിയാക്കും, ഞങ്ങൾ എങ്ങനെ പോകുന്നുവെന്നും എങ്ങനെ മുന്നോട്ട് പോകണമെന്നും മനസിലാക്കാൻ ഞങ്ങൾ സ്വയം വിലയിരുത്തും. ഇതുവരെ, ഞങ്ങൾ സന്തുഷ്ടരാണ്. നിലവിലെ സാഹചര്യങ്ങളനുസരിച്ച്, ഈ രീതിയിൽ ദീർഘകാലം മുന്നേറാൻ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.” വുകമാനോവിച്ച് പറഞ്ഞു.

ചെന്നൈയിൻ എഫ്‌സി താരം അബ്ദനാസർ എൽ ഖയാതി നാളത്തെ മത്സരത്തിൽ ഉയർത്താനിടയുള്ള ഭീഷണികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ലീഗുകളിലൊന്നായ ഡച്ച് ലീഗിൽനിന്ന് അനുവസമ്പത്തുള്ള, ഒരു യൂറോപ്യൻ ടീമിൽ നിന്ന് വരുന്ന മികച്ച കളിക്കാരനാണ് അദ്ദേഹം. അദ്ദേഹം ഈ ലീഗിലേക്ക് അധികമായി എന്തെങ്കിലും കൊണ്ടുവരുന്നതും നന്നായി കളിക്കുന്നതും സന്തോഷകരമാണ്. ഐ‌എസ്‌എല്ലിൽ മികച്ച കളിക്കാരെ കാണുന്നത് എല്ലായിപ്പോഴും സന്തോഷകരമാണ്, പക്ഷേ ഇത് അദ്ദേഹത്തെക്കുറിച്ച് മാത്രമല്ല, മുഴുവൻ ടീമിനെയും കുറിച്ചുള്ളതാണ്. അവരുടെ ദുർബലമായ വശങ്ങൾ നിങ്ങൾ എങ്ങനെ ഉപയോഗിക്കണം, അവരെ എങ്ങനെ തടയണം എന്നിവയെക്കുറിച്ചും ഞങൾ മനസിലാക്കണം. തീർച്ചയായും, അവൻ ഒരു വ്യക്തിഗതമായി കളിയിൽ വ്യത്യാസം വരുത്താൻ കഴിയുന്ന ഒരു കളിക്കാരനാണ്. ഒരു ടീമെന്ന നിലയിൽ, ഞങ്ങൾ വീണ്ടും പലകാര്യങ്ങളും തയ്യാറാക്കേണ്ടതുണ്ട്, നേടാനാഗ്രഹിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.” വുകമാനോവിച്ച് പറഞ്ഞു.

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം പ്രശാന്തിനെ എതിർ ടീമിൽ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ഇവാൻ സംസാരിച്ചു. "ഒരു കളിക്കാരൻ എന്ന നിലയിൽ, കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ, പുതിയ തലത്തിൽ ഊർജ്ജം ആവശ്യമുള്ള ഒരു കംഫർട്ട് സോണിലേക്ക് നിങ്ങൾ പ്രവേശിക്കുന്നു, വീണ്ടും മുന്നേറാൻ ഓരോ താരത്തിനും ഒരു പ്രചോദനം ആവശ്യമാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, കൂടുതൽ കളിക്കാനുള്ള സമയം കിട്ടുന്നതായിരിക്കും നല്ലതെന്ന് ഞങ്ങൾ ചിന്തിച്ചു, അത് സംഭവിച്ചു. അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്, ഒരു നല്ല കളിക്കാരനാണ്. അവൻ ഞങ്ങളോടൊപ്പം ആയിരിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടു. എന്നാൽ ഈ മാറ്റം അദ്ദേഹത്തിന് നല്ലതായി ഭവിച്ചു. അദ്ദേഹം അവിടെ പോയി, പുതിയ ഊർജ്ജം അനുഭവിക്കുകയും, പുതിയ കാര്യങ്ങൾ അറിയുകയും ഇത്രയും നന്നായി കളിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഞാൻ സന്തോഷിക്കുന്നു. ഞങ്ങൾ അദ്ദേഹത്തിനായി ആഗ്രഹിച്ചതും അത് തന്നെയാണ്. അദ്ദേഹത്തിന്റെ ഭാവി തീർച്ചയായും മികച്ചതായിരിക്കും." വുകമാനോവിച്ച് പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനായി തന്റെ ആദ്യ ഗോൾ നേടിയ മാർക്കോ ലെസ്കോവിച്ചിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

"2014 മുതൽ ഞങ്ങൾ ഒരു യൂറോപ്യൻ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ മുതൽ എനിക്ക് മാർക്കോയെ അറിയാം. അപ്പോൾ അദ്ദേഹം ഒരു ക്രൊയേഷ്യൻ ക്ലബ്ബിനായി കളിക്കുകയായിരുന്നു, ഞാൻ ബെൽജിയൻ ക്ലബ്ബിനെ പരിശീലിപ്പിക്കുകയായിരുന്നു. ഞങ്ങൾ ഒരു ഗ്രൂപ്പ്-സ്റ്റേജ് ഗെയിമിൽ കളിക്കുകയായിരുന്നു. അദ്ദേഹം ചെറുപ്പമായിരുന്നു, കഴിവുള്ള കളിക്കാരൻ, വളരെ നല്ല കളിക്കാരൻ. ഞങ്ങളുടെ സെൻട്രൽ ഡിഫൻഡർമാരിൽ ഒരാൾ അമേരിക്കയിലെ MLS-ൽ കരാർ ഒപ്പിടുന്ന ഒരു സാഹചര്യം ആ കാലഘട്ടത്തിൽ ഞങ്ങൾക്കുണ്ടായി. ലെസ്കോവിച്ചിനെ വേണമായിരുന്നു, പക്ഷേ, തീർച്ചയായും, യൂറോപ്യൻ ഫുട്ബോൾ വിപണിയിൽ ആവശ്യങ്ങൾ അധികമാണ്, താരങ്ങൾക്ക് ധാരാളം ഓഫറുകളുണ്ട്, ഞങ്ങളുടെ മുന്നോട്ടുവച്ച ഓഫർ അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ ഡിനാമോ സാഗ്രെബ് എന്ന വലിയ ക്ലബ്ബിനെപ്പോലെ ശക്തമായിരുന്നില്ല. അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്, മികച്ച പ്രൊഫഷണലാണ്, ഡ്രസ്സിംഗ് റൂമിൽ ഉണ്ടായിരിക്കാവുന്ന മികച്ച വ്യക്തിത്വമാണ്. ഇപ്പോൾ, ഈ സാഹചര്യത്തിൽ, യുവ കളിക്കാർക്ക്, പ്രത്യേകിച്ച് ഞങ്ങളുടെ പ്രതിരോധനിരക്കും യുവ കളിക്കാർക്കെല്ലാം ഒരു നേതാവെന്ന നിലയിൽ ചെയ്യേണ്ട എല്ലാ കാര്യങ്ങളിലും, ചില സാഹചര്യങ്ങളെ നേരിടാനും സ്ഥിരതയോടെ കളിക്കുകയെന്നതിന്റെ അർത്ഥം മനസിലാക്കികൊടുക്കാനും ഒരു മികച്ച ഉദാഹരണമാണ് അദ്ദേഹം. അദ്ദേഹത്തെ ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കഴിഞ്ഞ വർഷം ഞങ്ങൾക്ക് അവനെ സൈൻ ചെയ്യാനുള്ള സാഹചര്യമുണ്ടായപ്പോൾ, തീർച്ചയായും ഞങ്ങൾക്കത് സന്തോഷമായിരുന്നു. ഞങ്ങൾ അവനെ ആഗ്രഹിച്ചതുകൊണ്ടാണ് ഞങ്ങൾ ശ്രമിച്ചത്. ഒരു ടീമെന്ന നിലയിൽ, ഒരു പരിശീലകനെന്ന നിലയിൽ, ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിൽ ഇത്തരത്തിലുള്ള വ്യക്തിത്വങ്ങൾ ഉള്ളതിൽ സന്തോഷമുണ്ട്, കാരണം ഇത് ടീമിന് പലതും അധികമായി നൽകുന്നു."

കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ മാർക്കോ ലെസ്‌കോവിച്ചും വുകൊമാനോവിച്ചിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ താരം ബെംഗളൂരു എഫ്‌സിക്കെതിരെ 3-2 ന് വിജയിച്ച അവസാന മത്സരത്തിൽ തന്റെ ആദ്യ ഗോൾ നേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി തന്റെ ആദ്യ ഗോൾ നേടിയപ്പോഴുള്ള സന്തോഷം താരം പങ്കുവച്ചു." ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ ഗോളുകൾ നേടുമ്പോഴുള്ള വികാരം അവർണനീയമാണ്. ഇതെന്റെ പ്രിയപ്പെട്ട ഗോളാണ്, കാരണം ഇത് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള എന്റെ ആദ്യ ഗോളാണ്. എനിക്ക് സന്തോഷം തോന്നുന്നു. ഇത് ടീമിന് പ്രധാന ഗോളായിരുന്നു. അങ്ങനെ ഞങ്ങൾ കളിയിൽ തിരിച്ചെത്തി വിജയിച്ചു." ലെസ്‌കോവിച്ച് തന്റെ സന്തോഷം പ്രകടിപ്പിച്ചു.

"ഇവാനിൽ ഒരു പരിശീലകനുണ്ടായതിൽ വലിയ സന്തോഷമുണ്ട്. ഒരു പരിശീലകൻ എന്ന നിലയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹം അത്ഭുതകരമാണ്. ഞങ്ങൾക്ക് എന്ത് വേണമെങ്കിലും അദ്ദേഹവുമായി സംസാരിക്കാം. അദ്ദേഹം ഒരു സാധാരണക്കാരനാണ്. അദ്ദേഹത്തെപ്പോലൊരു മികച്ച പരിശീലകനെ ലഭിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്. എനിക്ക് ഇവാനെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രമേ പറയാൻ കഴിയൂ, കാരണം ഞങ്ങൾക്കിടയിൽ നല്ല ആശയവിനിമയമുണ്ട്. ഞങ്ങൾ ഇതുപോലെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." ലെസ്‌കോവിച്ച് പരിശീലകൻ ഇവാനെക്കുറിച്ച് പറഞ്ഞു.