ഇന്ത്യൻ സൂപ്പർ ലീഗിൽ ഫെബ്രുവരി പന്ത്രണ്ട് തിങ്കളാഴ്ച നടന്ന ഈ വർഷത്തെ ആദ്യ ഹോം മത്സര മത്സരത്തിൽ പഞ്ചാബ് എഫ്‌സിയോട് തോൽവി വഴങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. പഞ്ചാബിന്റെ ലീഗിലെ തുടർച്ചയായ ആദ്യ രണ്ടാം വിജയമാണിത്. കേരളാ ബ്ലാസ്റ്റേഴ്സിനായി മിലോഷ് ഡ്രിൻചിച്ച് ഗോൾ നേടിയപ്പോൾ വിൽമർ ജോർദാൻ ഗിൽ പഞ്ചാബ് എഫ്‌സിക്കായി ഇരട്ട ഗോളുകളും ലൂക്കാ മജ്‌സെൻ ഒരു ഗോളും നേടി.

മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് പങ്കെടുത്തു.

"ഞങ്ങളുടെ എതിർ ടീം ഇന്ന് അർഹിച്ച വിജയമാണ് നേടിയത്. ഇന്നവർ ഞങ്ങളെക്കാൾ മികച്ചവരായിരുന്നു. അവർ നന്നായി കളിച്ചു. സീനിയർ താരങ്ങളുടെ അഭാവം ഈ സാഹചര്യത്തിൽ ഒരു കാരണമായി ഞങ്ങൾക്ക് പറയാനാകില്ല. ഏതെങ്കിലും താരങ്ങളെ നഷ്ടമായാൽ മറ്റുള്ള താരങ്ങൾ മുൻപോട്ടു വരണം. അതൊരു പ്രധാന താരമോ ഒരു ദേശീയ താരമോ ആകാം. ഈ സാഹഹര്യത്തിലാണ് മറ്റുള്ള താരങ്ങൾ മുൻപോട്ടു വരേണ്ടത്. മുൻപ് ഇത്തരം മത്സരങ്ങൾ നമ്മൾ വേഗത്തിൽ ജയിച്ചിരുന്നു.എന്നാൽ ഇന്നത്തെ സാഹചര്യം വ്യത്യസ്തമായിരുന്നു." വുകോമനോവിച്ച് പറഞ്ഞു.

"ഞാൻ ഇന്ത്യയിൽ കേരളത്തിലെത്തിയപ്പോൾ നമ്മുടെ സാഹചര്യം വളരെ മോശമായിരുന്നു. ഇന്നത്തെ റിസൾട്ടിൽ ഒരു പരിശീലകനെന്ന നിലയിൽ ഞാൻ ലജ്ജിക്കുന്നു. കളിക്കാരും ലജ്ജിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഇത്തരത്തിലുള്ള മത്സരങ്ങളാണ് മികച്ച പ്രകടനം നടത്തി വിജയിക്കേണ്ടത്. ഇത് പരിശീലകനെന്ന നിലയിൽ എന്റെ മാത്രം ഉത്തരവാദിത്വമാണ്. ഇന്നത്തെത് വളരെ നിരാശാജനകമായ ഒരു വൈകുന്നേരമാണ്."

"ആദ്യ പകുതിയിൽ ചില സാഹചര്യങ്ങളിൽ ഞങ്ങൾ അവസരങ്ങൾ സൃഷ്ടിക്കുകയും വിജയിക്കാനുള്ള മാനസികാവസ്ഥ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ പല തെറ്റായ തീരുമാനങ്ങളും പിഴവുകളുമാണ് ഈ തോൽവിയിലേക്ക് നയിച്ചത്. ഇത്തരത്തിൽ മുന്നോട്ട് പോയാൽ എല്ലാ മത്സരങ്ങളും വളരെ എളുപ്പത്തിൽ തോൽക്കും. ഇതിലും മോശമായ സാഹചര്യങ്ങളിൽ ഞങ്ങൾ മത്സരങ്ങൾ ജയിച്ചിട്ടുണ്ട്. പക്ഷെ ഇത്തരത്തിലുള്ള തോൽവികൾ നിരാശാജനകമാണ്."

മത്സരത്തിൽ ആദ്യ ലീഡെടുത്തത് ബ്ലാസ്റ്റേഴ്‌സായിരുന്നു. മുപ്പത്തിയൊമ്പതാം മിനിറ്റിൽ ലഭിച്ച കോർണറിൽ നിന്ന് മിലോഷ് ഡ്രിൻചിച്ചാണ് കേരളാ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. വെറും മൂന്നു മിനിറ്റിനുള്ളിൽ പഞ്ചാബ് എഫ്‌സി സമനില ഗോൾ നേടി. മദിഹ് താലാലിന്റെ അസിസ്റ്റിൽ വിൽമർ ജോർദാൻ ഗില്ലാണ് ടീമിനായി ഗോൾ നേടിയത്. ആദ്യ പകുതി ഇരു ടീമുകളുടെയും ഓരോ ഗോളിൽ സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ അറുപത്തിരണ്ടാം മിനിറ്റിലാണ് പഞ്ചാബ് എഫ്‌സി ലീഡ് നേടിയത്. നിഖിൽ പ്രഭുവിന്റെ അസിസ്റ്റിൽ രണ്ടാം ഗോളും നേടിയത് വിൽമർ ജോർദാനായിരുന്നു. എൺപത്തിയെട്ടാം മിനിറ്റിൽ പെനാലിറ്റി ചാൻസിലൂടെയാണ് പഞ്ചാബ് എഫ്‌സി മൂന്നാം ഗോൾ നേടിയത്. ലുക്കാ മജ്‌സെന്റെ വലം കൽ ഷോട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ സച്ചിൻ സുരേഷിന് തടുക്കാൻ ഇടം നൽകാതെ ഇടതുമൂലയുടെ മധ്യത്തിൽ പതിച്ചു.

ഫൈനൽ വിസിൽ മുഴങ്ങി മത്സരം അവസാനിച്ചപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പഞ്ചാബ് എഫ്‌സി തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. മത്സരവിജയത്തോടെ മൂന്നു പോയിന്റുകൾ നേടിയ പഞ്ചാബ് എഫ്‌സി റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തേക്കുയർന്നു. തുടർച്ചയായ രണ്ടാം തോൽവിയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തു തുടരുന്നു.