ഇവാൻ വുകമാനോവിച്ച്: ഇത് ആരാധകരുടെ നേട്ടമാണ്!
നീണ്ട ആറു സീസണുകൾക്കപ്പുറം ആരാധകരുടെ സ്വപ്നസാഫല്യമായി ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ ഫൈനലിലേക്ക് പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്രതീക്ഷകൾ പൂവണിഞ്ഞ രാത്രിയിൽ ഇവാന്റെ ചുണക്കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആക്രമണവും പ്രതിരോധവും കൃത്യമായി സമന്വയിപ്പിച്ച പ്രകടനത്തിൽ സഫലമായത് ആറ് വർഷത്തെ കാത്തിരിപ്പാണ്.


നീണ്ട ആറു സീസണുകൾക്കപ്പുറം ആരാധകരുടെ സ്വപ്നസാഫല്യമായി ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ ഫൈനലിലേക്ക് പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്രതീക്ഷകൾ പൂവണിഞ്ഞ രാത്രിയിൽ ഇവാന്റെ ചുണക്കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആക്രമണവും പ്രതിരോധവും കൃത്യമായി സമന്വയിപ്പിച്ച പ്രകടനത്തിൽ സഫലമായത് ആറ് വർഷത്തെ കാത്തിരിപ്പാണ്. സെമി ഫൈനലിൽ പ്രവേശിച്ചെങ്കിൽ ഫൈനലിലും പ്രവേശിക്കുമെന്ന കൊമ്പന്മാരുടെ മുൻകാല ചരിത്രവും ഇതോടുകൂടി കാത്തുസൂക്ഷിക്കപ്പെട്ടു. രണ്ടാം പാദ സെമി ഫൈനലിൽ ജംഷഡ്പുരിനെ 1–1ന് തകർത്ത് ഇരു പാദങ്ങളിലുമായി 2–1ന്റെ ലീഡിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് നടന്നുകയറുന്നത്. മത്സരത്തിൽ അഡ്രിയൻ ലൂണ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയപ്പോൾ പ്രണോയ് ഹാൽദർ ജംഷെഡ്പൂരിനായി സമനില ഗോൾ നേടി.
നാളെ നടക്കുന്ന ഹൈദരാബാദ് എടികെ മോഹൻ ബഗാൻ മത്സരത്തിലെ വിജയിയാകും ഫൈനലിൽ ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടുക.
മത്സരത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ ഇവാൻ വുകമാനോവിച്ച് പങ്കെടുത്തു.
ആറു സീസണുകൾക്കപ്പുറം കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നു. എന്താണ് തോന്നുന്നത്?
"ആദ്യമായി ഇന്നീ സ്ഥാനത്തായിരിക്കുന്നത് ക്ലബ്ബിന്റെ നേട്ടമാണ്, രണ്ടാമതായി വളരെക്കാലമായി കാത്തിരിക്കുന്ന ആരാധകരുടെ നേട്ടമാണ്. കഴിഞ്ഞ സീസണുകളിൽ നേരിടേണ്ടിവന്ന നിരാശയുടെ, മോശം പ്രകടനത്തിന്റെ! ഇന്ന് ഞങ്ങൾ മഹത്തായത് നേടിയിരിക്കുന്നു. നമ്മളെല്ലാവരും സന്തോഷിക്കണം. കേരളത്തിൽ നിന്നുള്ള, മഞ്ഞപ്പടയിൽ നിന്നുള്ള എല്ലാവരും. ഇന്ന് രാത്രിയിൽ എന്റെ കുട്ടികളെയോർത്ത് ഞാൻ അഭിമാനിക്കുന്നു. സീസണിലുടനീളം അവർ മികച്ചതായി പോരാടി. കഴിഞ്ഞ ഓഗസ്റ്റിൽ ഞങ്ങൾ ആരംഭിച്ചപ്പോൾ റാങ്കിങ് ടേബിളിൽ ഏറ്റവും മുകളിലെത്താനുള്ള പോട്ടെൻഷ്യൽ ടീമിനുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഇന്ന് ലീഗിലെ ഏറ്റവും മികച്ച ടീമിനെയാണ് നേരിടേണ്ടതെന്നു ഞങ്ങൾക്കറിയാമായിരുന്നു. ഇന്നത്തെ മത്സരം ശാരീരീകമായിരിക്കുമെന്നു ഞങ്ങൾക്കറിയാമായിരുന്നു. ഇന്നത്തേത് കഠിനമായ പോരാട്ടമാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഫൈനലിലേക്ക് പ്രവേശിക്കാൻ ഇവയെല്ലാം മറികടക്കണമെന്നു ഞങ്ങൾക്കറിയാമായിരുന്നു."
"ഇത് ഞങ്ങൾക്ക് നൽകുന്നത് അഭിമാനമാണ്. വരും ദിവസങ്ങൾ ആസ്വദിക്കുകയും ആഘോഷിക്കുകയും വേണമെന്നു ഞങ്ങൾക്കറിയാം. ഫൈനൽ ഞങ്ങൾ ആസ്വദിക്കണം. കാരണം കേരളത്തിൽ നിന്നുള്ള ഓരോ ആരാധകരും ഞങ്ങളെ പിന്തുടരുന്ന ഓരോരുത്തരും അതർഹിക്കുന്നു. അവർ ഫൈനൽ വന്നു കാണാൻ അർഹരാണ്. തുടക്കം മുതൽ ഒട്ടും എളുപ്പമുള്ള ജോലിയല്ല എന്റെ കുട്ടികൾ ചെയ്തിരുന്നത്. കഴിഞ്ഞ സീസണിൽ ടേബിളിൽ അവസാനത്തു നിന്ന് രണ്ടാമത് അവസാനിച്ച ടീമെന്ന നിലയിൽ കുറെയധികം കാര്യങ്ങൾ ഞങ്ങൾ മറികടക്കേണ്ടിയിരുന്നു. ഒട്ടനവധി മികച്ച ടീമുകൾക്കെതിരെ പോരാടേണ്ടിയിരുന്നു. ഇന്നത്തെ നേട്ടത്തിൽ ഞങ്ങളെല്ലാം അഭിമാനിക്കുന്നു. ഇന്ന് ഞങ്ങൾ അഭിമാനത്തോടെയുറങ്ങും. വരും ദിനങ്ങളിൽ ഫൈനലിൽ നേടാനായി ഞങ്ങളാൽ കഴിയുന്നതിന്റെ പരമാവധി ചെയ്യാനായി ഞങ്ങൾ ശ്രമിക്കും."
സഹലിന്റെ പരിക്കിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
"ഇന്നലെ പരിശീലനത്തിനിടയിലാണ് അത് സംഭവിച്ചത്. മസിലുകളിൽ ചെറിയ ബുദ്ധിമുട്ട് അദ്ദേഹത്തിനനുഭവപ്പെട്ടു. ഞങ്ങൾ റിസ്ക് എടുക്കാൻ ആഗ്രഹിച്ചില്ല. ഇതുപോലുള്ള സാഹചര്യങ്ങളിൽ റിസ്ക് എടുക്കുന്നത് കാര്യങ്ങൾ വഷളാകുന്നതിലേക്കു നയിക്കും. ഇത്തരം റിസ്കുകൾ അദ്ദേഹത്തെ കളിക്കളത്തിൽനിന്ന് ദീർഘനാൾ നിന്ന് അകറ്റി നിർത്തിയേക്കാം. ഇന്ന് അദ്ദേഹത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതിനാൽ, പരിചരിക്കേണ്ടതിനാൽ അദ്ദേഹത്തെ ഒഴിവാക്കി നിർത്തണമായിരുന്നു. ഇത്തരം കാര്യങ്ങളിൽ ഞാൻ കണിശക്കാരനാണ്. എനിക്കാരെയും ത്യജിക്കാൻ കഴിയില്ല. അവരെ പരിഗണിക്കാതിരിക്കാനാകില്ല. ഞങ്ങൾക്ക് ആവശ്യത്തിന് കളിക്കാരുണ്ട്. കോവിഡ് മഹാമാരിയുടെ വരവിനു ശേഷം ഞങ്ങൾക്ക് കഠിനമായ നിമിഷങ്ങളുണ്ടായിരുന്നു. ഞങ്ങൾ അവയെ മറികടക്കേണ്ടിയിരുന്നു. അത് ഞങ്ങളെക്കൊണ്ട് സാധിച്ചു. ഇപ്പോൾ അവസാനം വരെയും കളിക്കാനാകും എന്നതിൽ ഞാൻ അഭിമാനിക്കുന്നു. നമുക്ക് നല്ലതിനായി പ്രതീക്ഷിക്കാം. "