ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാം ഘട്ട മത്സരങ്ങൾ പ്രഖ്യാപിച്ചു. സീസൺ 2024 ജനുവരി 31 ബുധനാഴ്ച മുതലാണ് പുനരാരംഭിക്കുക. ജംഷഡ്പൂർ എഫ്‌സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും തമ്മിൽ ജംഷഡ്പൂർ ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടക്കുന്ന മത്സരത്തോടെയാകും സീസൺ രണ്ടാം ഘട്ടം ആരംഭിക്കുക. മത്സരങ്ങൾ 7.30 PM IST ന് കിക്ക് ഓഫ് ചെയ്യും. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളിലെ ആദ്യ മത്സരം 5:00 PM ISTക്ക് ആരംഭിക്കും.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഒഡിഷക്കെതിരെ ഫെബ്രുവരി മൂന്നിന് നടക്കും. ഭുവനേശ്വറിലെ കല്ലിംഗ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ഫെബ്രുവരി പന്ത്രണ്ടിന് പഞ്ചാബ് എഫ്‌സിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തമ്മിലുള്ള മത്സരം ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ മാർച്ച് 2ന് നടക്കും. ഏപ്രിൽ പന്ത്രണ്ടിന് ഹൈദരാബാദ് എഫ്‌സിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് ഘട്ട മത്സരം. ഏപ്രിൽ മൂന്നിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് ഘട്ട ഹോം മത്സരം.

നിലവിൽ പന്ത്രണ്ടു മത്സരങ്ങളിൽ നിന്ന് ഇരുപത്തിയാറു പോയിന്റുമായി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ടുതന്നെ ഫെബ്രുവരി ഒന്നിന് നടക്കുന്ന ഗോവ ഹൈദരാബാദ് മത്സരവും, ഫെബ്രുവരി രണ്ടിന് നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സും ഒഡിഷയും തമ്മിലുള്ള മത്സരവും ടേബിൾ ടോപ്പേഴ്സിനെ തീരുമാനിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ സ്‌പോർട്‌സ് 18 നെറ്റ്‌വർക്ക്, വിഎച്ച്1 നെറ്റ്‌വർക്ക്, ഡിഡി ബംഗ്ലാ, സൂര്യ മൂവീസ്, ന്യൂസ് 18 എന്നീ ചാനലുകളിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ബംഗാളി എന്നീ ഭാഷകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇതിനുപുറമെ, വൺഫുട്ബോളുമായുള്ള FSDL-ന്റെ പങ്കാളിത്തത്തിന്റെ ഭാഗമായി, ISL തത്സമയ സംപ്രേഷണങ്ങളും വരാനിരിക്കുന്ന 2023-24 സീസണിലെ എല്ലാ മത്സരങ്ങളുടെയും ഹൈലൈറ്റുകളും 190-ലധികം രാജ്യങ്ങളിൽ സംപ്രേഷണം ചെയ്യും.

മത്സരങ്ങൾ (link)