ഐഎം വിജയൻ: ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലേ ചൊല്ല്?
ആറു സീസണുകൾക്കപ്പുറം കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിന്റെ ഭാഗമാകുകയാണ്. സ്റ്റേഡിയം മഞ്ഞക്കടലാക്കാൻ കച്ചകെട്ടിയാണ് ഫാൻസ്. കോച്ചിന്റെ "കേറിവാടാ മക്കളെ" എന്ന വാക്കുകൾ എല്ലാ അർത്ഥത്തിലും ഏറ്റെടുത്ത് ഗോവയിലേക്ക് പായുകയാണ് ആരാധകക്കൂട്ടം. ട്രെയിനിലും ബസ്സിലും എന്തിന് ഫ്ലൈറ്റിൽ പോലും ടിക്കറ്റുകൾ ഫുള്ളാണ്. കാത്തിരുന്ന കിട്ടിയ അവസരം കേരളം ആഘോഷമാക്കുമ്പോൾ ഞായറാഴ്ച ഫറ്റോർഡ സ്റ്റേഡിയം മഞ്ഞക്കടലാകുമെന്നുറപ്പ്!


ആറു സീസണുകൾക്കപ്പുറം കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിന്റെ ഭാഗമാകുകയാണ്. സ്റ്റേഡിയം മഞ്ഞക്കടലാക്കാൻ കച്ചകെട്ടിയാണ് ഫാൻസ്. കോച്ചിന്റെ "കേറിവാടാ മക്കളെ" എന്ന വാക്കുകൾ എല്ലാ അർത്ഥത്തിലും ഏറ്റെടുത്ത് ഗോവയിലേക്ക് പായുകയാണ് ആരാധകക്കൂട്ടം. ട്രെയിനിലും ബസ്സിലും എന്തിന് ഫ്ലൈറ്റിൽ പോലും ടിക്കറ്റുകൾ ഫുള്ളാണ്. കാത്തിരുന്ന കിട്ടിയ അവസരം കേരളം ആഘോഷമാക്കുമ്പോൾ ഞായറാഴ്ച ഫറ്റോർഡ സ്റ്റേഡിയം മഞ്ഞക്കടലാകുമെന്നുറപ്പ്!
മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി കേരളത്തിന്റെ പൊൻമുത്ത് ഐഎം വിജയനും യാത്രയിലാണ്. സുഹൃത്തുക്കൾക്കൊപ്പം ട്രെയിനിൽ. കേരളാ ബ്ലാസ്റ്റേഴ്‌സ് കപ്പടിക്കുമെന്നുള്ള പൂർണ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. അദ്ദേഹം യാത്രക്കിടയിൽ ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ ടീമിന് നൽകിയ അഭിമുഖത്തിന്റെ പ്രധാന ഭാഗങ്ങൾ വായിക്കാം.
കേരളാ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കപ്പടിക്കുമോ?
“ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലേ ചൊല്ല്. അപ്പോൾ ഈ കപ്പ് നമ്മൾ തന്നെ കൊണ്ട് വരും, അതും ഗോവയിൽ നിന്ന്. നമ്മുടെ സ്വന്തം നാട്ടിൽ നിന്നും കപ്പ് എടുത്താൽ മറ്റുള്ളവരുടെ സ്വാധീനം കൊണ്ട് നേടി എന്നുള്ള കിംവദന്തികൾ കേൾക്കുക സാധാരണയാണ്. പക്ഷെ ഒരു സ്വാധീനവും ഇല്ലാതെ തന്നെ ഗോവയിൽ നിന്നും കപ്പ് നേടാനുള്ള കഴിവ് ഇപ്പോൾ നമുക്കുണ്ട്. നമ്മുടെ നാടിനു പുറമെ മറ്റൊരു നാട്ടിൽ നിന്ന് നിന്നും കപ്പ് കൊണ്ടുവരുന്നതിനു വേറൊരു സുഖം തന്നെയുണ്ട്. ഒരു പ്ലേയറെന്ന നിലക്ക് എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്.”
“ഈ കഴിഞ്ഞ സെമി ഫൈനലുകൾ എങ്ങനെയാണോ അവർ കളിച്ചത് അതുപോലെതന്നെ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന് കാഴ്ചവക്കാൻ കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം.”
ഇത്തവണ എന്തായിരിക്കും വിജയ ഘടകം എന്നാണ് താങ്കൾ പ്രതീക്ഷിക്കുന്നത്?
“കേരള ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ച ടീം തന്നെയാണ്. വളരെ ആത്മാർത്ഥമായി കളിയെ സമീപിക്കുന്ന പ്ലേയേഴ്‌സ് ആണ് ടീമിൽ നമുടെ കൂടെ ഉള്ളത്. അതിൽ എടുത്തു പറയുകയാണെങ്കിൽ ലൂണയുടേത് വളരെ ഔട്ട്സ്റ്റാൻഡിങ് ആയിട്ടുള്ള ഗോളുകൾ ആണ്. ലോകകപ്പിലും പ്രീമിയർ, സ്പാനിഷ് ലീഗുകളിലും ഒക്കെ ഒരുപാട് ആവിശ്വാസനീയമായ ഗോളുകൾ നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ ഗോളുകൾ സ്കോർ ചെയ്യുന്ന ലൂണയെപ്പോലുള്ള കളിക്കാരുള്ളപ്പോൾ നമുക്ക് ആരെയും പേടിക്കേണ്ടതില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.”
പ്രശസ്തരായ മികച്ച വിദേശ താരങ്ങളുടെ കുറവ് ഈ സീസണിൽ ടീമിനെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ?
“അങ്ങിനെയൊരു കുറവ് നമ്മുടെ ടീമിനെ വലിയ രീതിൽ തന്നെ ബാധിക്കുന്നുണ്ട്. (ചിരിക്കുന്നു) കാരണം അന്ന് നമുക്ക് കിട്ടിയതെല്ലാം തന്നെ വളരെ നല്ല പ്ലേയേഴ്‌സ് ആയിരുന്നു. പക്ഷെ ആദ്യത്തെ ഗെയിം ജയിച്ചെങ്കിലും പല ഗോളുകളുടെയും കുറവിൽ പിന്നീടുള്ള കളികളിലെല്ലാം തന്നെ നമ്മൾക്ക് പരാജയം കൈ വരിക്കേണ്ടി വന്നു. പക്ഷെ ഇതങ്ങനെയല്ല. അതാണ് ഞാൻ മുൻപും പറഞ്ഞത് ഇത്രയും ആത്മാർത്ഥതയുള്ള ഫോറിൻ കളിക്കാരെ ഞാൻ ഇതു വരെ കണ്ടിട്ടില്ലായെന്ന്. ലൂണയെപ്പോലെ കളിക്കളത്തിൽ ഇറങ്ങി വന്ന് ഡിഫെൻഡ് ചെയ്‌തിട്ട് പോകുന്ന കളിക്കാരെ ബ്ലാസ്റ്റേഴ്സിലും ഇന്നുവരെ ഞാൻ കണ്ടിട്ടില്ല. ലൂണ നമ്മുടെ ബ്ലാസ്റ്റേഴ്‌സിന് യോജിച്ച തിരഞ്ഞെടുപ്പ് തന്നെ ആണ്.”
ഇവാൻ വുകുമാനോവിച് എന്ന പരിശീലകനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?
“അദ്ദേഹം തികച്ചും ഒരു സൈലന്റ് കില്ലർ തന്നെയാണ്. ആദ്യമായാണ് അദ്ദേഹത്തിന് ഒരു യെല്ലോ കാർഡ് കിട്ടുന്നത് കാണുന്നത്. ഏതു സാഹചര്യത്തിലും തന്റെ സീറ്റിൽ നിന്നും എഴുന്നേൽക്കാത്ത വ്യക്തിയാണ് അദ്ദേഹം. എന്നിട്ടുപോലും യെല്ലോ കാർഡ് കിട്ടി എന്നത് ആവിശ്വസനീയമാണ്. ഒരു ഗോൾ സ്കോർ ചെയ്താലും കൈ വിട്ടുപോയാലും എല്ലായ്‌പോഴും സംയമനം പാലിക്കുന്ന ഒരു വ്യക്തി കൂടി ആണ്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നട്ടെല്ല് തന്നെയാണ് അദ്ദേഹം. ടീം കപ്പടിക്കും, അതിനു സംശയമില്ല!”