ഇന്ന് നടന്ന 2020-21 ലെ ഇന്ത്യൻ സൂപ്പർ ലീഗ് എൺപത്തിയൊന്നാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്  എഫ്‌സിയോട് തോൽവി വഴങ്ങി കേരളാബ്ലാസ്റ്റേഴ്‌സ്. മത്സരത്തിന്റെ ആദ്യ പകുതിയിൽ വിസെന്റെ ഗോമസ് നേടിയ ആദ്യ ഗോളിൽ കളിയിൽ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിന് അത് രണ്ടാം പകുതിയിൽ നഷ്ടപ്പെടുകയായിരുന്നു. മുംബൈ സിറ്റി എഫ്‌സിക്കായി ബിപിൻ സിങ്ങും ആദം ലെ ഫോണ്ട്രെയും ഓരോ ഗോളുകൾ വീതം നേടി.

മത്സരം ആരംഭിച്ച് ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 11, 15 മിനിറ്റുകളിൽ ആദം ലെ ഫോൺഡ്രെക്ക് ഗോളവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും പുറത്തേക്കു തെറിച്ചു. ഇരു വശത്തു നിന്നും മികച്ച മുന്നേറ്റങ്ങൾ കണ്ട ആദ്യ പകുതിയിൽ ഇരുപത്തിയേഴാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. സഹൽ അബ്ദുൾ സമദിന്റെ കോർണറിൽ നിന്ന് ഹെഡറിലൂടെ വിസന്റെ ഗോമസ് പന്ത് വലയിലെത്തിച്ചു. ഇരുപത്തിയൊമ്പതാം മിനിറ്റിൽ ജോർദാൻ മുറെയുടെ ഷോട്ട് ഗോളുന്നുറപ്പിച്ചെങ്കിലും അമരീന്ദർ സിങ് തട്ടിയകറ്റുകയും പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു. ആദ്യ പകുതി സമനിലയിൽ കലാശിച്ചു.

എന്നാൽ രണ്ടാം പകുതി ആരംഭിച്ച് വെറും 25 സെക്കൻഡുകൾക്കുള്ളിൽ തന്നെ മുംബൈ സമനില ഗോൾ കണ്ടെത്തി. ബിപിൻ സിങ്ങാണ് മുംബൈക്കായി ആദ്യ ഗോൾ നേടിയത്. പിന്നീട് അറുപത്തിയഞ്ചാം മിനിറ്റിൽ ലെ ഫോൺഡ്രെയെ കോസ്റ്റ ബോക്സിൽ വീഴ്ത്തിയതിന് മുംബൈക്ക് അനുകൂലമായ പെനാൽറ്റി വിധി വന്നു. കിക്കെടുത്ത ലെ ഫോൺഡ്രെ ഗോൾകീപ്പർ ആൽബിനോയെ മറികടന്ന് അനായാസമായി പന്ത് വലയിലെത്തിച്ചു. പിന്നീട് ഇരു ടീമുകളും നന്നായി പോരാടിയെങ്കിലും ഗോൾ നേടാനായില്ല.

മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുന മിന്ത്യൻ സൂപ്പർ ലീഗ് മാധ്യമപ്രധിനിതികളുമായി സംസാരിച്ചു. "ഞങ്ങൾ നന്നായി കളിക്കുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ലീഗിലെ ഏറ്റവും മികച്ച ടീമിനെതിരെ ഞങ്ങൾ ഇഞ്ചോടിഞ്ചു പോരാടി. എന്നാൽ ഞങ്ങൾക്ക് ഭാഗ്യമില്ല. മത്സരം വളരെ സമനിലയിലായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ നന്നായി പ്രതികരിച്ചു, അവസരങ്ങൾ സൃഷ്ടിച്ചു. ഞങ്ങൾ അവർക്കു തൊട്ടടുത്തുവരെയെത്തി. ഇന്ന് രാത്രി വിജയിക്കാൻ അവർ യോഗ്യരല്ല, എന്നാൽ റിസൾട് എപ്പോഴും റിസൾട്ടാണ്.

രണ്ടാം പകുതിയിൽ കോസ്റ്റ നമോയിൻസുവിനു സംഭവിച്ച പിഴവിൽ പെനാലിറ്റി വിധിച്ചിരുന്നു. ഇതിനെപ്പറ്റിയും കിബു പ്രതികരിച്ചു. "കഴിഞ്ഞ കുറച്ച് കളികളിലായി ഇത് ഒരേ കഥയാണ്. ഫുട്ബോൾ, കഴിഞ്ഞ കുറച്ച് കളികളിൽ ക്രൂരമായിരുന്നു. ഞങ്ങൾക്ക് നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ പോയിന്റുകൾ ഞങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതാണ്. ഫുട്ബോളിൽ, ഫലത്തിനപ്പുറം നമ്മൾ കാണണം. ഞങ്ങൾ നന്നായി മത്സരിച്ചു എന്ന് ഞാൻ കരുതുന്നു."

"ഞങ്ങൾ ഒരു സമനിലയ്ക്കായി കളിച്ചില്ല, ഗെയിമുകൾ വിജയിക്കാനാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. ടീമിനെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു, ചിലപ്പോൾ ഫുട്ബോൾ വെറും ഗണിതശാസ്ത്രമല്ല. ഞങ്ങൾ നിർഭാഗ്യവാരാണ്. ടീം മെച്ചപ്പെടുന്നുവെന്ന് ഞാൻ കരുതുന്നു" കിബു പറഞ്ഞു.