ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങി കേരളാബ്ലാസ്റ്റേഴ്‌സ്. മത്സരത്തിൽ മൂന്നു പോയിന്റ് നേടി നോർത്ത് ഈസ്റ്റ് പ്ലേയോഫിൽ സ്ഥാനമുറപ്പിച്ചു.

നോർത്ത് ഈസ്റ്റിനുവേണ്ടി മലയാളി താരം വി.പി.സുഹൈറും ലാലങ്മാവിയയും ഗോളുകൾ നേടി.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി പ്ലേയിംഗ് XI

സുഭാഷിഷ് റോയ് (ജികെ) (സി), പ്രൊവത് ലക്ര, ഡിലൻ ഫോക്സ്, ബെഞ്ചമിൻ ലംബോട്ട്, നിം ഡോർജി, ഖസ്സ കാമറ, ലാലെങ്‌മാവിയ, ഇമ്രാൻ ഖാൻ, സുഹൈർ വടക്കേപീടിക, ലൂയിസ് മച്ചാഡോ, ഡെഷോർൺ ബ്രൗൺ.

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്ലേയിംഗ് XI

ആൽബിനോ ഗോമസ് (ജികെ), സന്ദീപ് സിംഗ്, ബക്കറി കോൺ, കോസ്റ്റ നമോയിൻസു, ജെസ്സൽ കാർനെറോ (സി), ജീക്സൺ സിംഗ്, വിസെൻറ് ഗോമസ്, പ്രശാന്ത് കരുത്തടത്കുനി, രാഹുൽ കെപി, ജോർദാൻ മുറെ, ഗാരി ഹൂപ്പർ.

മുപ്പത്തിമൂന്നാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. നോർത്ത് ഈസ്റ്റിനുവേണ്ടി മലയാളി താരം വി.പി.സുഹൈറാണ് ആദ്യ ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ബക്കാരി കോനെയുടെ പിഴവാണ് ഗോളിലേക്കുള്ള വഴിതെളിച്ചത്. ഖാസ കമാറ മുന്നോട്ട് നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ കോനെക്കു സംഭവിച്ച പിഴവ് മുതലെടുത്ത സുഹൈർ പന്ത് വരുതിയിലാക്കി സന്ദീപ് സിങ്ങിനെ മറികടന്ന് പന്ത്വ ലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ എക്സ്ട്രാ ടൈമിൽ നോർത്ത് ഈസ്റ്റ് രണ്ടാം ഗോളും നേടി. ലാലെങ്മാവിയയാണ് നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയത്. ലൂയി മഷാഡോയുടെ ക്രോസിൽ പന്ത് നേടിയ ഡൈലാൻ ഫോക്സ്  ലാലങ്മാവിയയ്ക്ക് കൈമാറി. പന്ത് വരുതിയിലാക്കിയ മാവിയ അനായാസമായി പന്ത് വലയിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിനെതിരേ 2-0ന് ലീഡ് നേടി.

രണ്ടാം പകുതിയിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങി മത്സരം അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ടീം 2-0 ന് തോൽവി വഴങ്ങി. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്സിനുമേൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ നോർത്ത് ഈസ്റ്റിനായി. മത്സരത്തിൽ ഡി‌എച്ച്‌എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് അവാർഡ് ഖസ്സ കമാരയ്ക്കും ലാലെങ്‌മാവിയയ്ക്ക് ഹീറോ ഓഫ് ദ മാച്ച് അവാർഡും ലഭിച്ചു.

ഇന്നത്ത മത്സരമുൾപ്പെടെ കഴിഞ്ഞ ഇരുപതു മത്സരങ്ങളിൽ നിന്നായി എട്ടു ജയവും, ഒൻപത് സമനിലയും, മൂന്നു തോൽവിയും നേടിയ നോർത്ത് ഈസ്റ്റ് മുപ്പത്തിമ്മൂന്നു പോയിന്റാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇന്നത്തെ മൂന്നു പോയിന്റോടുകൂടി രണ്ടു സ്ഥാനം മെച്ചപ്പെടുത്തി നോർത്ത് ഈസ്റ്റ് മൂന്നാം സ്ഥത്തേക്കുയർന്നു. മറുവശത്ത് ഇരുപതു മത്സരങ്ങളിൽ നിന്നും മൂന്നു ജയവും, എട്ടു സമനിലയും, ഒൻപതു തോൽവിയും വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്പോ പതിനേഴു പോയിന്റുകൾ നേടി ലീഗ് ടേബിളിൽ പത്താം സ്ഥാനത്താണുള്ളത്.