ഇന്ത്യൻ സൂപ്പർ ലീഗിലെ നേരിടാൻ ഏറ്റവും കടുപ്പമുള്ള കളിക്കാരെക്കുറിച്ച് ഇന്ത്യൻ ടീം ഗോൾ കീപ്പർ ഗുർപ്രീത്‌സിംഗ് സന്ധു സംസാരിച്ചു. കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ലൂണയെക്കുറിച്ചാണ് അദ്ദേഹം ആദ്യം പരാമർശിച്ചത്.

"കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ നേരിടാൻ ഏറ്റവും കഠിനം ലൂണയാണെന്ന് ഞാൻ കരുതുന്നു. എനിക്ക് ലൂണയെ ഇഷ്ടമാണ്, പക്ഷേ അപകടകരമായ പന്തുകൾ ഉപയോഗിച്ച് നിങ്ങളെ വീണ്ടും വീണ്ടും കുത്തുന്നയാളാണ് ലൂണ."

2023 ഡിസംബറിൽ ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ ലീഗ് ഘട്ടത്തിന്റെ ആദ്യ പാതിയിൽ പരിക്കേറ്റ ലൂണ ചികിത്സക്കും വീണ്ടെടുപ്പിനുമായുള്ള ഇടവേളയിലാണ്.
"അദ്ദേഹം പരിക്കിൽ നിന്ന് മുക്തനായി വേഗം തിരിച്ചെത്തുമെന്നും, വീണ്ടും ഞങ്ങൾക്ക് അദ്ദേഹത്തിന്റെ ഫുട്ബോൾ ആസ്വദിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു."

ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും മികച്ച മിന്നും താരമായ ഓഗ്‌ബെച്ചയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
"ഇപ്പോൾ ഐഎസ്എല്ലിൽ ഇല്ലാത്ത, മുൻപുണ്ടായിരുന്ന, അല്ലെങ്കിൽ നിലവിൽ മറ്റെവിടെയെങ്കിലും കളിക്കുന്ന നേരിടാൻ ബുദ്ധിമുട്ടുള്ള കളിക്കാരുണ്ട്‌. ഒഗ്ബെച്ചെയെപ്പോലുള്ള കളിക്കാർ എല്ലായിപ്പോഴും ഞങ്ങളെ ശിക്ഷിക്കും. പ്രത്യേകിച്ച് എന്നെ, നന്നായി കളിക്കാത്തതിന്."

"ഇപ്പോൾ, പഞ്ചാബ് എഫ്‌സിയിൽ നിന്നുള്ള സ്‌ട്രൈക്കർ (ലൂക്കാ മജ്‌സെൻ) എന്റെ എതിരാളിയാണ്. ശത്രുവല്ല, പക്ഷേ സ്‌കോർ ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലും ഗോളുകൾ നേടുന്ന, ഏതു കഠിനമായ അവസ്ഥയിലും എങ്ങനെയെങ്കിലും ഗോളുകൾ നേടുന്ന കളിക്കാരനാണ് അദ്ദേഹം. എന്റെ നിയന്ത്രണത്തിനതീതം, എന്റെ നിയന്ത്രണത്തിലല്ലാത്തപ്പോൾ ഞാൻ നിരാശനാകും. അല്ലാത്തപക്ഷം ഞാൻ നിരാശനാകില്ല." അദ്ദേഹം പറഞ്ഞു.