ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീമിനോട് വിടപറഞ്ഞ് കേരളാ ബ്ലാസ്റ്റേഴ്സ് ഇടത് വിങ്ങറായ ബ്രൈസ് മിറാൻഡയും സെന്റർ ഫോർവേഡായ ബിദ്യാസാഗർ സിങ്ങും. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും പുതിയ ക്ലബ്ബായ ക്ലബ്ബായ പഞ്ചാബ് എഫ്സിയിലേക്കാണ് രണ്ടു താരങ്ങളും കുടിയേറുന്നത്.  

ഒൻപതാം സീസണ് മുന്നോടിയായാണ് ബ്രൈസ് മിറാൻഡയെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്വന്തമാക്കിയത്. 2022 ജൂണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ ബ്രൈസ് നാല് വർഷത്തെ കരാറിലാണ് ടീമിലെത്തിയത്. അതുകൊണ്ടുതന്നെ കരാർ കാലാവധിയിൽ ഇനിയും രണ്ട് വർഷം താരത്തിന് ബാക്കിയാണ്. പത്താം സീസണിൽ വെറും നാല് മത്സരങ്ങളിലായി 170 മിനിറ്റ് മാത്രമാണ് ബ്രൈസ്ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സിനായി ഇന്ത്യൻ സൂപ്പർ ലീഗിലെ പതിനാലു മത്സരങ്ങൾ ഉൾപ്പെടെ18 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം രണ്ട് അസിസ്റ്റുകളുംടീമിനായി നേടി നേടി. പഞ്ചാബ് എഫ്സിക്കൊപ്പം കളിക്കളത്തിൽ കൂടുതൽ സമയം ബ്രൈസിന് ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുന്നേറ്റ താരമായ ബിദ്യാസാഗർ സിങ് ബംഗളൂരു എഫ്സിയിൽ നിന്ന് ഒരു വർഷത്തെ ലോണിൽ ഒൻപതാം സീസണിന് മുന്നോടിയായാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ലോൺ കാലാവധിക്ക് ശേഷം പത്താം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ് ബിദ്യാസാഗറുമായുള്ള കരാർ 2024 മെയ് 31 വരെ നീട്ടി. ഐഎസ്എൽ ഒൻപതാം സീസണിൽ ആറ് കളികളിൽ നിന്നായി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും ടീമിനായി നേടിയ ബിദ്യാസാഗറിന് ഐഎസ്എൽ പത്താം സീസണിൽ ഒരു മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്. ഐഎസ്എൽ പത്താം സീസണിന്റെ രണ്ടാം ഘട്ടത്തിൽ ബ്രൈസ് മിറാൻഡയും ബിദ്യാസാഗർ സിങ്ങും പഞ്ചാബ് എഫ്സിക്കൊപ്പമായിരിക്കും.  

ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം ഘട്ടം ജനുവരി മുപ്പത്തിയൊന്നിന് പുനരാരംഭിക്കുകയാണ്ജംഷഡ്പൂർ എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും തമ്മിൽ ജംഷഡ്പൂർ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന മത്സരത്തോടെയാകും സീസൺ രണ്ടാം ഘട്ടം ആരംഭിക്കുക. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഒഡിഷക്കെതിരെ ഫെബ്രുവരി മൂന്നിന് നടക്കും. ഭുവനേശ്വറിലെ കല്ലിംഗ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം

ഫെബ്രുവരി പന്ത്രണ്ടിന് പഞ്ചാബ് എഫ്സിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തമ്മിലുള്ള മത്സരം ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ മാർച്ച് 2ന് നടക്കും. ഏപ്രിൽ പന്ത്രണ്ടിന് ഹൈദരാബാദ് എഫ്സിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് ഘട്ട മത്സരം. ഏപ്രിൽ മൂന്നിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് ഘട്ട ഹോം മത്സരം.