ഇന്ത്യയിറങ്ങുന്നു, സൗഹൃദ മത്സരത്തിൽ എതിരാളികൾ തായ്ലൻഡ്
അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന AFC ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പായിട്ടാണ് ഇരു ടീമുകളും ഈ മത്സരത്തെ കാണുന്നത്.

2027 AFC ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് 3-ലെ സുപ്രധാന പോരാട്ടത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി തായ്ലൻഡിനെതിരെ സൗഹൃദ മത്സരം കളിക്കാനൊരുങ്ങി ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീം. ജൂൺ 4 ബുധനാഴ്ച തായ്ലൻഡിലെ തമ്മാസത് സ്റ്റേഡിയത്തിൽഇന്ത്യൻ സമയം വൈകുന്നേരം 6:00-നാണ് കിക്കോഫ്. ഫാൻകോഡ് ആപ്പിലൂടെ മത്സരം തത്സമയം കാണാം.
ഫിഫ റാങ്കിംഗിൽ 99-ാം സ്ഥാനത്തുള്ള തായ്ലൻഡും 127-ാം സ്ഥാനത്തുള്ള ഇന്ത്യയും തമ്മിലുള്ള ഈ മത്സരം ഇരു ടീമുകൾക്കും നിർണ്ണായകമാണ്. അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന AFC ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പായിട്ടാണ് ഇരു ടീമുകളും ഈ മത്സരത്തെ കാണുന്നത്.
ജൂൺ 10-ന് ഹോങ്കോങ്ങിനെതിരായ AFC ഏഷ്യൻ കപ്പ് 2027 യോഗ്യതാ ഫൈനൽ റൗണ്ട് മത്സരത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് സ്പാനിഷ് പരിശീലകൻ മനോലോ മാർക്വേസിന്റെ കീഴിലുള്ള ഇന്ത്യൻ നിര ഈ മത്സരത്തെ കണക്കാക്കുന്നത്. ഹോങ്കോങ് മത്സരത്തിന് മുമ്പ് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ടീമിന് ഒരുമിച്ച് കളിക്കാനുമുള്ള അവസരം കൂടിയാണിത്. തായ്ലൻഡ് മത്സരം കഴിഞ്ഞാൽ ഉടൻ ഇന്ത്യൻ ടീം ഹോങ്കോങ്ങിലേക്ക് യാത്ര തിരിക്കും.
തായ്ലൻഡ് ടീമും തങ്ങളുടെ AFC ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്. തുർക്ക്മെനിസ്ഥാനെതിരെയാണ് അവർക്ക് നിർണായകമായ അടുത്ത മത്സരം. ഇന്ത്യയെപ്പോലെ, ശക്തമായൊരു മത്സരത്തിലൂടെ ആക്കം കണ്ടെത്താനാണ് അവരുടെയും ശ്രമം. ഇന്ത്യക്കെതിരെ കളിച്ച അവസാനത്തെ രണ്ട് മത്സരങ്ങളിലും തായ്ലൻഡ് തോൽവി രുചിച്ചിരുന്നു.
ഏഷ്യൻ കപ്പ് യോഗ്യത എന്ന ഒരേ ലക്ഷ്യം മനസിലുള്ള ഇരു ടീമുകൾക്കും ഈ പോരാട്ടം മികച്ചതാകുമെന്ന്മത്സരത്തിന് മുന്നോടിയായി തായ്ലൻഡിൽ നടന്ന പത്രസമ്മേളനത്തിൽ ഇന്ത്യൻ പരിശീലകൻ മനോലോ മാർക്കേസ് പറഞ്ഞു. "ഹോങ്കോങ് മത്സരത്തിന് വേണ്ടിയാണ് ഞങ്ങൾ തയ്യാറെടുക്കുന്നത്. തായ്ലൻഡ് തുർക്ക്മെനിസ്ഥാൻ മത്സരത്തിന് വേണ്ടിയും. ഒരേ സാഹചര്യത്തിലുള്ള (ഏഷ്യൻ കപ്പ് യോഗ്യത) രണ്ട് ടീമുകൾക്കും ഇത് നല്ലൊരു സൗഹൃദ മത്സരമാണ്."
ഈ മത്സരത്തിൽ ജയം കണ്ടെത്തിയാൽ അത് ഹോങ്കോങിനെതിരെ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് വിങ്ങർ ലാലിയൻസുവാല ചാങ്തെ വ്യക്തമാക്കി, "ഈ രണ്ട് മത്സരങ്ങൾക്കായി ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നു. ഈ സൗഹൃദ മത്സരം ഞങ്ങൾ ഗൗരവമായി കാണുന്നു, ജയിക്കാൻ ആഗ്രഹിക്കുന്നു. എല്ലാവരും പ്രചോദിതരാണ്. തായ്ലൻഡ് ആക്രമണത്തിലും പ്രതിരോധത്തിലും മികച്ചൊരു ടീമാണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് വ്യക്തമായൊരു പദ്ധതിയുണ്ട്, അത് നടപ്പിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കളി ജയിച്ചാൽ ഹോങ്കോങ് മത്സരത്തിന് അത് ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും."
ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2019-ലാണ്. അന്ന് രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. 2019 AFC ഏഷ്യൻ കപ്പിൽ 4-1നും കിങ്സ് കപ്പിൽ 1-0നും ഇന്ത്യ തായ്ലൻഡിനെ തോൽപ്പിച്ചു. എന്നാൽ, ആറ് വർഷം മുൻപുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും, ഇരു ടീമുകളിലും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും മനോലോ മാർക്കേസ് ഓർമ്മിപ്പിച്ചു. 2019-ലെ ഇന്ത്യൻ ടീമിൽ നിന്ന് ഏഴ് കളിക്കാർ മാത്രമാണ് ഇപ്പോൾ ഉള്ളത്. തായ്ലൻഡ് ടീമിലാകട്ടെ രണ്ട് പേർ മാത്രവും.
മത്സരത്തിന്റെ വിശദാംശങ്ങൾ
മത്സരം: ഇന്ത്യ vs ഹോങ്കോങ്
തീയതി: 4 ജൂൺ, 2025 | 6:00 PM
വേദി: തമ്മാസത് സ്റ്റേഡിയം, തായ്ലൻഡ്
സ്ട്രീമിംഗ്: ഫാൻകോഡ്