ഇന്ത്യൻ പ്രതിരോധ താരം അമേയ് രണവദെയുമായി കരാർ ഒപ്പുവെച്ചതായി ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്ഥിരീകരിച്ചു. 2030 വരെ നീണ്ടുനിൽക്കുന്ന അഞ്ചു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്. 27 വയസ്സുകാരനായ രണവദെ, കഴിഞ്ഞ സീസണിൽ ഒഡീഷ എഫ്സിക്കായാണ് കളിച്ചത്.

2023-24 എസ്എൽ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഒഡീഷ എഫ്സിക്കായി കളിച്ച രണവദെ, 22 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ആറ് അസിസ്റ്റുകളും നേടി. ഒഡീഷയുടെ എസ്എൽ പ്ലേഓഫിലേക്കുള്ള മുന്നേറ്റത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. വേഗത, കായികക്ഷമത, കൃത്യതയാർന്ന ക്രോസുകൾ, പ്രതിരോധത്തിലെ മികവ് എന്നിവ താരത്തിന്റെ കളിശൈലിയുടെ സവിശേഷതകളാണ്.

മുംബൈയിൽ ജനിച്ച് എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്ന രണവദെ, എഫ്സി ഗോവയിലൂടെയാണ് എസ്എല്ലിൽ അരങ്ങേറ്റം കുറിച്ചത്. 2020- മുംബൈ സിറ്റി എഫ്സിയിൽ ചേർന്ന അദ്ദേഹം, 2020-21, 2022-23 സീസണുകളിൽ ഷീൽഡ് നേടിയ മുംബൈ സിറ്റി ടീമിലെ അംഗമായിരുന്നു. 2020-21 സീസണിൽ എസ്എൽ കപ്പും മുംബൈ സിറ്റിക്കൊപ്പം നേടി. അണ്ടർ-17, അണ്ടർ-19 തലങ്ങളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ക്ലബ് സിഇഒ അഭിക് ചാറ്റർജി അഭിപ്രായപ്പെട്ടു: "കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്ന രീതിയിൽ കളിക്കാൻ കഴിവുള്ള ഫുൾബാക്കാണ് അമേയ്. ക്ലബ്ബിനൊപ്പം ചേരുന്നതിൽ അമേയ് ആവേശഭരിതനായിരുന്നു. ഭാവിയിൽ ക്ലബ് നേടാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങൾക്കും അദ്ദേഹത്തിന് മികച്ച സംഭാവന നൽകാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അമേയിനെ നേരത്തെ അറിയാവുന്ന ഒരാൾ എന്ന നിലയിൽ, അദ്ദേഹം തന്റെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും ഊർജ്ജവും കളിക്കളത്തിലേക്ക് കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്."

എസ്എല്ലിലെ മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളാണ് അമേയ് എന്നും, താരം ക്ലബ്ബിലെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു,"ഞങ്ങളുടെ വാഗ്ദാനം സ്വീകരിക്കാൻ അമേയ് തീരുമാനിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എസ്എല്ലിൽ അദ്ദേഹത്തിന്റെ സ്ഥാനത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിട്ടാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവനകൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. ഇന്ത്യൻ ദേശീയ ടീമിലേക്ക് എത്തുവാൻ സഹായിക്കുന്ന ഒരു സീസൺ അമേയ്ക്ക് ഉണ്ടാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു."

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നതിലുള്ള തന്റെ ആവേശം പങ്കുവെച്ച അമേയ് രണവദെ, തന്നിൽ വിശ്വാസമർപ്പിച്ചതിന് ക്ലബ്ബിനോട് നന്ദി അറിയിക്കുകയും ചെയ്തു, "കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ ചേരുന്നതിൽ എനിക്ക് അതിയായ അഭിമാനവും ആവേശവുമുണ്ട്. എന്നിൽ വിശ്വാസമർപ്പിച്ചതിന് മാനേജ്മെന്റിനോട് ഞാൻ നന്ദി പറയുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിക്കാനുള്ള അവസരം വലിയ ഉത്തരവാദിത്വമായാണ് ഞാൻ കാണുന്നത്, ക്ലബ്ബിനായി എന്റെ ഏറ്റവും മികച്ച പ്രകടനം ഞാൻ പുറത്തെടുക്കും."