ജനുവരി 28 ഞായറാഴ്ച നടന്ന ഫൈനലിൽ ഒഡീഷ എഫ്‌സിയെ 3-2ന് തോൽപ്പിച്ച് 2024 കലിംഗ സൂപ്പർ കപ്പ് വിജയികളായി ഈസ്റ്റ് ബംഗാൾ എഫ്‌സി. പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷമാണ് ഈസ്റ്റ് ബംഗാൾ ഒരു കിരീടം സ്വന്തമാക്കുന്നത്.

ആരംഭനിര

ഈസ്റ്റ് ബംഗാൾ: പ്രഭ്സുഖൻ ഗിൽ; നിഷു കുമാർ, ഹിജാസി മഹർ, എംഡി റാക്കിപ്, ജോസ് പർദോ; സൗവിക് ചക്രബർത്തി, ബോർജ ഹെരേര, സൗൾ ക്രെസ്‌പോ; ക്ലീറ്റൺ സിൽവ, നന്ദ ശേഖർ, ഹാവിയർ സിവേരിയോ

ഒഡീഷ എഫ്‌സി: ലാൽത്തുഅമ്മാവിയ റാൾട്ടെ; അജയ് റണവാഡെ, കാർലോസ് ഡെൽഗാഡോ, മൊർതാഡ ഫാൾ, ജെറി ലാൽറിൻസുവാല; ലാൽതതംഗ, അഹമ്മദ് ജാഹൂ, ഇസക്ക റാൾട്ടെ; ഡീഗോ മൗറിസിയോ, സൈ ഗോദാർഡ്, റോയ് കൃഷ്ണ

ഈസ്റ്റ് ബംഗാളിനെ സമ്മർദ്ദത്തിലാഴ്ത്തി ഡീഗോ മൗറീഷ്യോയാണ് മുപ്പത്തിയൊമ്പതാം മിനിറ്റിൽ ആദ്യ ഗോളിലൂടെ ഒഡീഷ എഫ്‌സിക്ക് ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതി ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ കരുത്തോടെ മത്സരത്തിലേക്ക് മടങ്ങിയെത്തിയ ഈസ്റ്റ് ബംഗാൾ അൻപത്തിരണ്ടാം മിനിറ്റിൽ നന്ദകുമാർ ശേഖറിലൂടെ സമനില ഗോൾ നേടി. ശേഷം അറുപത്തിരണ്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ചാൻസ് സൗൾ ക്രെസ്‌പോ ഗോളാക്കി മാറ്റിയപ്പോൾ ഈസ്റ്റ് ബംഗാൾ ഒരു ഗോളിന്റെ ലീഡും നേടി.

അറുപത്തിയൊമ്പതാം മിനിറ്റിൽ ഫൗളിനെത്തുടർന്ന് മൗർതാഡ ഫാളിന് റെഡ് കാർഡ് വിധിച്ചപ്പോൾ ഒഡിഷ പത്തുപേരായി ചുരുങ്ങി.

ഇഞ്ചുറി ടൈമിൽ അഹമ്മദ് ജഹൗ ഒഡിഷക്കായി സമനില ഗോൾ നേടിയപ്പോൾ മത്സരം വീണ്ടും അധിക സമയത്തേക്ക് നീണ്ടു. തൊണ്ണൂറ്റിയേഴാം രണ്ടാം മഞ്ഞക്കാർഡ് ഷൗവിക് പുറത്തായപ്പോൾ ഈസ്റ്റ് ബംഗാൾ എഫ്‌സിയും പത്തുപേരായി ചുരുങ്ങി.

നൂറ്റിപതിനൊന്നാം മിനിറ്റിൽ ക്ലീറ്റൻ സിൽവയുടെ ഗോളിൽ ഈസ്റ്റ് ബംഗാൾ വീണ്ടും ലീഡ് നേടി. നൂറ്റിയിരുപത്തിയൊന്നാം മിനിറ്റിൽ അധിക സമയത്തിനു ശേഷം മത്സരമവസാനിക്കുമ്പോൾ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ച ഈസ്റ്റ് ബംഗാൾ കല്ലിംഗ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി.

കിരീട നേട്ടത്തിനൊപ്പം അടുത്ത സീസണിൽ എഎഫ്‌സി കപ്പിൽ പങ്കെടുക്കാനും ഈസ്റ്റ് ബംഗാൾ യോഗ്യത നേടി.