ഈ സീസണിൽ മറൈനേഴ്സ് നേടിയ ലീഗ് ഡബിളിൽ നിർണായക പങ്കുവഹിച്ച മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്യാപ്റ്റൻ സുഭാശിഷ് ബോസ് അത്യുജ്വല പ്രകടനത്തിലൂടെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) ഈ വർഷത്തെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള അവാർഡ് സ്വന്തമാക്കി.

ചരിത്രത്തിലാദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് നിലനിർത്തുന്ന ആദ്യത്തെ ക്ലബായി മാറുമ്പോൾ നെടുംതൂണായി നിന്നതിനൊപ്പം, ഫൈനലിൽ ബെംഗളൂരു എഫ്സിക്കെതിരെ നടത്തിയ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഐഎസ്എൽ കപ്പിലും മുത്തമിട്ടു താരം. മുംബൈ സിറ്റി എഫ്സിക്ക് ശേഷം ഡബിൾ നേട്ടം സ്വന്തമാക്കുന്ന ഐഎസ്എല്ലിലെ രണ്ടാമത്തെ മാത്രം ക്ലബായി മോഹൻ ബഗാൻ സൂപ്പർ ജയന്റ് മാറുകയും ചെയ്തു. ഈ നേട്ടങ്ങളിൽ കളിക്കളത്തിലും പുറത്തും ടീമിൽ ബോസ് വഹിച്ച സ്ഥാനം ശ്രദ്ധിക്കപ്പെടേണ്ടതും പ്രശംസനീയവുമാണ്.

ലീഗിൽ ഈ വർഷം ആറ് ഗോളുകളും ഒരു അസിസ്റ്റും നേടിയതിന് പുറമെ 13 ക്ലീൻ ഷീറ്റുകൾ നിലനിർത്താൻ ടീമിനെ സഹായിച്ചു ഈ കൊൽക്കത്തൻ ലെഫ്റ്റ് ബാക്ക്. മനോലോ മാർക്വേസ് ദേശീയ ടീമിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം, പ്രത്യേകിച്ച് ആകാശ് മിശ്രയുടെ അഭാവത്തിൽ, ബോസ് ഇന്ത്യൻ ടീമിന്റെ പ്രതിരോധനിരയുടെ നട്ടെല്ലാണ്.

പുരുഷ ഗോൾകീപ്പർ ഓഫ് ദ ഇയർ പുരസ്കാരം വിശാൽ കൈത്തിന്

മികച്ച പുരുഷ ഗോൾകീപ്പർകുള്ള അവാർഡ് നേടി ബോസിനൊപ്പം പുരസ്ക്കാരനിറവിൽ ദേശീയ ടീമിലെയും ക്ലബിലെയും സഹതാരമായ വിശാൽ കൈത്തും ഉൾപ്പെട്ടു. തുടർച്ചയായ രണ്ടാം വർഷവും മറൈനേഴ്സിന്റെ ഗോൾവലക്ക് കീഴിൽ

ഒരു വന്മതിൽ കണക്കെ ഉയർന്നു നിന്ന കൈത്ത്, ഈ സീസണിൽ ഗോൾഡൻ ഗ്ലോവ് അവാർഡിലും മുത്തമിട്ടു.

ചരിത്രനേട്ടങ്ങൾ പലതവണ മാറ്റിയെഴുതിയ ഒരു സീസണിലേക്ക് എംബിഎസ്ജി നടന്നുകയറിയപ്പോൾ, 26 മത്സരങ്ങളിൽ നിന്നും 19 ഗോളുകൾ മാത്രം വഴങ്ങി, 15 ക്ലീൻ ഷീറ്റുകൾ എന്ന റെക്കോർഡും ഈ ഹിമാചൽപ്രദേശുകാരൻ സ്വന്തമാക്കി. ഒപ്പം ചരിത്രപരമായ ഡബിൾ നേട്ടത്തിലേക്കുള്ള കുതിപ്പിൽ ടീമിന്റെ നട്ടെല്ലായും വർത്തിച്ചു. ക്ലബ്ബിലെ അത്യുജ്വല പ്രകടനം അദ്ദേഹത്തിന് ദേശീയ ടീമിലേക്കുള്ള വഴിയും തുറന്നു.

മാർച്ചിൽ മാലദ്വീപിനെതിരായ മത്സരത്തിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ താരം, ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത്. ശേഷം, ബംഗ്ലാദേശിനെതിരായ എഎഫ്സി ഏഷ്യൻ കപ്പ് ഫൈനൽ റൌണ്ട് യോഗ്യത മത്സരത്തിലും അദ്ദേഹം നീലകടുവകൾക്കായി ഗ്ലവ്സ് അണിഞ്ഞു.

മികച്ച പുരുഷ യുവതാരത്തിനുള്ള അവാർഡ് ബ്രൈസൺ ഫെർണാണ്ടസിന്

പുരുഷതാരങ്ങളിൽ മികച്ച ഭാവി വാഗ്ദാനമായി എഫ്സി ഗോവയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ ബ്രൈസൺ ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു

തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണായിരുന്നു 24-കാരനായ താരത്തിന് 2024-25. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി, ഒരുപിടി അവസരങ്ങളും സമയവും ഇത്തവണ അദ്ദേഹത്തിന് ലഭിച്ചു. ലഭിച്ച അവസരങ്ങൾ കൃത്യമായി ഉപയോഗിച്ച ഗോവൻ താരം, ഈ സീസൺ ഐഎസ്എല്ലിൽ ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടുകയും ഒപ്പം ദേശീയ ടീമിലേക്കുള്ള അവസരം സ്വന്തമാക്കുകയും ചെയ്തു.

മാർച്ചിൽ ബംഗ്ലാദേശിനെതിരെ നടന്ന 0-0 സമനിലയിൽ ഇന്ത്യയ്ക്ക് വേണ്ടി പകരക്കാരനായി ഇറങ്ങിയ ഫെർണാണ്ടസ് ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഈ സീസണിൽ ലീഗിലെ ഏറ്റവും മികച്ച യുവതാരം കൂടിയായിരുന്നു അദ്ദേഹം.

എഐഎഫ്എഫിന്റെ മികച്ച പുരുഷ പരിശീലകനായി ഖാലിദ് ജാമിൽ

ജംഷദ്പൂർ എഫ്സിയുടെ മുഖ്യ പരിശീലകൻ ഖാലിദ് ജാമിൽ തുടർച്ചയായ രണ്ടാം വർഷവും എഐഎഫ്എഫിന്റെ മികച്ച പുരുഷ പരിശീലകനുള്ള അവാർഡ് സ്വന്തമാക്കി.

ഒരു ഇടവേളക്ക് ശേഷം അദ്ദേഹത്തിന്റെ കീഴിൽ മെൻ ഓഫ് സ്റ്റീൽ, പ്ലേഓഫിലേക്ക് തിരികെയെത്തുകയും സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ ഉജ്ജ്വല ജയം നേടാനും സാധിച്ചു.

ജംഷഡ്പൂർ എഫ്സിയെ ആദ്യ കപ്പ് ഫൈനലിലേക്ക് നയിച്ച ജാമിൽ, ശനിയാഴ്ച കലിംഗ സൂപ്പർ കപ്പിൽ എഫ്സി ഗോവയെ നേരിടും

ഈ സീസണിൽ ഇന്ത്യൻ വിമൻസ് ലീഗിലെ (ഐഡബ്ല്യുഎൽ) മികച്ച പ്രകടനത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സി ഫോർവേഡ് സൗമ്യ ഗുഗുലോത്തിനെ എഐഎഫ്എഫ് ഈ വർഷത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തു. ഒമ്പത് ഗോളുകൾ നേടി ഏറ്റവും കൂടുതൽ ഗോളടിച്ച ഇന്ത്യൻ താരമായി മാറിയ സൗമ്യ ടീമിനെ കിരീടം ഉയർത്താൻ സഹായിച്ചു.

14 മത്സരങ്ങളിൽ നിന്ന് ഏഴ് ക്ലീൻ ഷീറ്റുകൾ നിലനിർത്തി, സീസണിലുടനീളം ടീമിന്റെ പ്രതിരോധം ഊട്ടിയുയർപ്പിച്ചതിന് ഈസ്റ്റ് ബംഗാൾ എഫ്സിയുടെ തന്നെ ഗോൾ കീപ്പർ പന്തോയ് ചാനു, ഈ വർഷത്തെ മികച്ച വനിതാ ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം ഡിവിഷനിൽ നിന്നും സ്ഥാനം കയറ്റം നേടിയെത്തിയ ശ്രീഭൂമി എഫ്സിയെ ഈസ്റ്റ് ബംഗാളിനും ഗോകുലം കേരളയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് നയിച്ചതിലൂടെ മുഖ്യ പരിശീലക സുജാത കാർ ഈ വർഷത്തെ മികച്ച വനിതാ പരിശീലകയായും തിരഞ്ഞെടുക്കപ്പെട്ടു.

ശ്രീഭൂമി എഫ്സിയുടെ തന്നെ 18-കാരിയായ പ്രതിരോധ താരം ടോയ്ജാം തോയിബിസാന ചാനു, വനിതാ പ്രോമിസിംഗ് പ്ലെയർ ഓഫ് ദ ഇയർ ബഹുമതി സ്വന്തമാക്കി.