ആദ്യപകുതിയിൽ നന്നായി കളിച്ചുവെന്നും രണ്ടും പകുതിയുടെ തുടക്കത്തിൽ വഴങ്ങിയ ഗോൾ ടീമിന്റെ ആക്കത്തെ ഇല്ലാതാക്കിയെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ. ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എഫ്‌സി ഗോവക്കെതിരായ തോൽവിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

എഫ്‌സി ഗോവയോടേറ്റ തോൽവി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകളെ അതിവിദൂരതയിലേക്കാണ് നീക്കിയത്. ആറാമതുള്ള മുംബൈ സിറ്റി എഫ്‌സിക്കെതിരെ എട്ടു പോയിന്റുകൾ അകലെയാണ് ടീം. ഇനി ലീഗിൽ ബാക്കിയുള്ളത് മൂന്ന് മത്സരങ്ങൾ മാത്രവും.

ഗോവക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഗോൾ വഴങ്ങിയതോടെ, മധ്യനിരയിൽ അവസരങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രശ്നാണണ് ഉണ്ടായെന്ന് പരിശീലകൻ പറഞ്ഞു.

"ആദ്യ പകുതിയിൽ മത്സരം മികച്ചതായിരുന്നു, രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ ഗോൾ വഴങ്ങി. അവിടെ നിന്നും ഞങ്ങളുടെ മധ്യനിരയിൽ രൂപപെടുത്തലുകൾ (അവസരങ്ങളുടെ) ഒന്നും ഉണ്ടായില്ല. മധ്യനിരയിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് വീണ്ടും ഞങ്ങൾ ഗോൾ വഴങ്ങിയതോടെ എല്ലാം അവസാനിച്ചു. രണ്ടാം പകുതിയിലാണ് അത് സംഭവിച്ചത്, ആദ്യ പകുതിയിൽ എന്താണ് പ്ലാൻ ചെയ്തതെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ടായിരുന്നു. അത് കൃത്യവുമായിരുന്നു. പക്ഷെ രണ്ടാം പകുതിയിൽ കൈവിട്ടുപോയി," അദ്ദേഹം വ്യക്തമാക്കി.

നോവ സാദോയിക്കൊപ്പം സച്ചിൻ സുരേഷ്, സസ്പെൻഷനിലായ ഹോർമിപാം റുയിവ എന്നിവരുടെ അഭാവം ടീമിനെ ഇന്ന് പ്രതിസന്ധിയിലാഴ്ത്തി. മത്സരത്തിന് മുൻപ് താരങ്ങൾക്കുണ്ടായ അപ്രതീക്ഷിത ബുദ്ധിമുട്ടുകൾ ടീമിന്റെ തുലനത്തെയും തന്ത്രങ്ങളെയും ബാധിച്ചെന്ന് പരിശീലകൻ ചൂണ്ടി കാണിച്ചു.

"രണ്ട് മൂന്ന് കളിക്കാരുടെ കാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായതോടെ, അവരെ മാറ്റാൻ ഞങ്ങൾ നിർബന്ധിതരായി. അത് ഞങ്ങളുട പ്ലാനുകൾക്കെതിരായിരുന്നു. എവേ മത്സരങ്ങൾ കളിക്കുമ്പോൾ അത് സംഭവിക്കാറുണ്ട്, പ്രൊഫെഷണൽ കളിക്കാരനെന്ന നിലയിൽ ഇതെല്ലം മറികടന്ന് എവേ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാറുള്ളത് സ്വാഭാവികമാണ്," പുരുഷോത്തമൻ കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം സ്വന്തം ഹോമായ കൊച്ചിയിലാണ്. മാർച്ച് ഒന്നിന് പ്ലേ ഓഫ് ലക്ഷയമാക്കി പൊരുതുന്ന ജംഷഡ്പൂർ എഫ്‌സിയാണ് എതിരാളികൾ. അവർക്കെതിരായ ജയത്തിലൂടെ തിരിച്ചുവരവിന് ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

"മാർച്ച് ഒന്നിന് ജംഷഡ്പൂരിനെതിരെ ഞങ്ങൾക്ക് മത്സരമുണ്ട്. അതിലൂടെ ഒരു തിരിച്ചുവരവിന് ഞങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് തിരിച്ചുവന്ന്, ബാഡ്ജിനു വേണ്ടിയും ആരാധകർക്ക് വേണ്ടിയും ടീമിന് വേണ്ടിയും കളിക്കേണ്ടതുണ്ട്. എല്ലാ സാഹചര്യങ്ങളിലൂടെയും കടന്നുപോയി ഞങ്ങൾക്ക് ജയത്തിന്റെ പാതയിലെത്തണം," മലയാളി പരിശീലകൻ പറഞ്ഞവസാനിപ്പിച്ചു.