ഞായറാഴ്ച ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ്‌സി ഗോവയോട് 1-3 ന് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിന്റെ ഇരുപകുതികളിലുമായി ഇഗോർ അംഗുലോ രണ്ടു ഗോളുകളും, ജോർജെ ഓർട്ടിസ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു ഗോളും ഗോവയ്ക്കായി നേടി. ഇഗോർ അംഗുലോ രണ്ടാമത്തെ ഗോൾ ഇഞ്ചുറി ടൈമിൽ ആയിരുന്നു നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ 90ആം മിനിറ്റിൽ വിൻസന്റെ ഗോമസ് നേടി. കോസ്റ്റ ചുവപ്പുകാർഡ് കിട്ടി പുറത്തായതിനാൽ പത്തുപേരുമായിയാണ് ബ്ലാസ്റ്റേഴ്സിന് കളി പൂർത്തിയാക്കേണ്ടിവന്നത്.

മത്സരത്തിന് ശേഷം നടന്ന അഭിമുഖത്തിൽ പങ്കെടുത്ത ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികുന സീസണിന്റെ ആരംഭത്തെക്കാളും കൂടുതൽ അന്തിമ ഫലങ്ങളിലാണ് തനിക്ക് വിശ്വാസമെന്ന് പറഞ്ഞു. നിലവിലെ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന മിഡ്ഫീൽഡറായിരുന്ന സെർജിയോ സിഡോഞ്ചക്ക് പരിക്ക് കാരണം എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിയ്ക്കാൻ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അഭാവം ടീമിനേറ്റ കനത്ത പ്രഹരമാണെന്ന് വികുന എടുത്തുപറഞ്ഞു.

"ഫലങ്ങൾ പ്രധാന ആശങ്കയാണ്. എന്നാൽ ഞങ്ങൾ ഒരു പ്രക്രിയയിലാണെന്ന് ഞാൻ കരുതുന്നു. സെർജിയോയ്ക്ക് പരിക്കേറ്റു. അത് ടീമിന്റെ മനോവീര്യത്തെ ബാധിച്ചു. പക്ഷേ ഞങ്ങൾക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. ഞങ്ങൾക്ക് വ്യത്യസ്ത മത്സരങ്ങൾ വരാനിരിക്കുന്നു. ഞങ്ങൾ നന്നായി കളിക്കാൻ പോകുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്” കിബു വികുന പറഞ്ഞു.

ഗോവയുടെ ശക്തമായ പ്രകടനത്തെ അഭിനന്ദിച്ച വികുന, ഗോവയ്ക്കായി മികച്ച കളിക്കാർ മുൻ‌നിരയിലുണ്ടെന്ന് പറഞ്ഞു. ഇരു ടീമുകളും പന്തിനുവേണ്ടി പോരാടിയ നിമിഷങ്ങൾ മത്സരത്തിൽ കണ്ടുവെന്നും എന്നാൽ എഫ്‌സി ഗോവ ചില മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വച്ചുവെന്നും അദ്ദേഹം പറഞ്ഞു.

"അവർ നന്നായി കളിച്ചുവെന്ന് ഞാൻ കരുതുന്നു, ഇരു ടീമുകൾക്കും അവസരങ്ങളുണ്ടായിരുന്നു. അവർക്ക് വളരെ നല്ല കളിക്കാരാണ് മുന്നിലുള്ളത്. ഇത് പന്തിനായുള്ള പോരാട്ടമാണെന്ന് ഞാൻ കരുതുന്നു. രണ്ട് മേഖലകളിലും അവർ മികച്ചരായിരുന്നുവെന്ന് ഞാൻ കരുതുന്നു," വിചുന പറഞ്ഞു.

“അവർ നന്നായി കളിച്ചു. ഞങ്ങൾ തെറ്റുകൾ ചെയ്തു” അദ്ദേഹം പറഞ്ഞുനിർത്തി.

30ആം മിനിറ്റില്‍ സേവിയര്‍ ഗാമയുടെ പാസില്‍ നിന്നാണ് ഇഗോര്‍ അംഗുലോ ഗോവയുടെ ആദ്യ ഗോള്‍ നേടിയത്. ഗാമയുടെ ലോങ് പാസ് സ്വീകരിച്ച അംഗുലോ പന്ത് പിടിക്കാനെത്തിയ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ആന്‍ബിനോ ഗോമസിനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു. പിന്നീട് 52ആം മിനിറ്റില്‍ ജോര്‍ജ് മെന്‍ഡോസയാണ് ഗോവയുടെ രണ്ടാം ഗോള്‍ നേടിയത്. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നായിരുന്നു മെന്‍ഡോസയുടെ ഗോള്‍. 90ആം മിനിറ്റില്‍ നിഷു കുമാറിന്റെ ക്രോസില്‍ ആദ്യ ഗോൾ നേടിയ വിസന്റെ ഗോമസ് ബ്ലാസ്‌റ്റേഴ്‌സിന് സമനില പ്രതീക്ഷ നല്‍കിയെങ്കിലും ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റിൽ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിനു സംഭവിച്ച പിഴവ്  ആ പ്രതീക്ഷകളെല്ലാം ആസ്ഥാനത്താക്കി. അംഗുലോ വലത് വശത്തുള്ളത് ശ്രദ്ധിക്കാതെ ഷോട്ടിന് ശ്രമിച്ച ആല്‍ബിനോയില്‍ നിന്നും പന്ത് തട്ടിയെടുത്ത്    ഗോവയുടെ മൂന്നാം ഗോളും നേടിയ അംഗുലോ, ബ്ലാസ്റ്റേഴ്സിന്റെ തോൽവിയുടെ അവസാനത്തെ ആണിയുമടിച്ചു.

സീസണിലെ രണ്ടാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തും സീസണിലെ ആദ്യ ജയം നേടിയ എഫ്‍സി ഗോവ, അഞ്ചാം സ്ഥാനത്തുമാണ്.