2020-21 ഇന്ത്യൻ സൂപ്പർ ലീഗിന്റെ 35 ആം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എസ്‌സി ഈസ്റ്റ് ബംഗാളുമായി കൊമ്പുകോർക്കും. ഗോവയിലെ ബാംബോളിമിലെ ജിഎംസി സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. ആദ്യ വിജയം ഇതുവരെ നേടാനാകാത്ത ഇരു ടീമുകൾക്കും വിജയം അനിവാര്യമായ മത്സരമാകുമിത്. ഇന്ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ കിബു വികുന പങ്കെടുത്തു.

ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകൾ വഴങ്ങുകയും വെറും അഞ്ച് ഗോളുകൾ നേടുകയും ചെയ്ത ബ്ലാസ്റ്റേഴ്സ് ആക്രമണത്തിലും പ്രതിരോധത്തിലും മെച്ചപ്പെടേണ്ടതുണ്ടെന്ന് കിബു വികുന പറഞ്ഞു . “പ്രതിരോധത്തിൽ ഞങ്ങൾ വളരെയധികം മെച്ചപ്പെടേണ്ടതുണ്ട്. ഗോളുകൾ വഴങ്ങുന്നത് കുറക്കുവാൻ ശ്രമിക്കണം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ഞങ്ങൾ ധാരാളം ഗോളുകൾ വഴങ്ങി. ഞങ്ങൾ ആക്രമണത്തിലും മെച്ചപ്പെടണം. അവസാന മത്സരത്തിൽ ഞങ്ങൾ രണ്ട് ഗോളുകൾ നേടി എന്നത് ശരിയാണ്, എന്നാൽ ഞങ്ങൾ കൂടുതൽ ഗോളുകൾ നേടുകയും കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിക്കുകയും വേണം. ഗെയിമിന്റെ എല്ലാ വശങ്ങളിലും ഞങ്ങൾ മെച്ചപ്പെടണം. ”

ഇതുവരെയുള്ള എസ്‌സി ഈസ്റ്റ് ബംഗാളിന്റെ അഞ്ച് മത്സരങ്ങളും താൻ കണ്ടിട്ടുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് വെളിപ്പെടുത്തി.

“എസ്‌സി ഈസ്റ്റ് ബംഗാളും ഐ‌എസ്‌എല്ലിൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നു എനിക്കറിയാം. ഞങ്ങളെപ്പോലെ, അവരും ഇപ്പോൾ ഒരു വിഷമകരമായ അവസ്ഥയിലാണ്. അവരുടെ എല്ലാ മത്സരങ്ങളും ഞാൻ കണ്ടിട്ടുണ്ട്, അവർ പ്രധാനമായും മൂന്ന് സെന്റർ പ്രതിരോധതാരങ്ങളുമായി കളിക്കുന്നത് ഞാൻ നിരീക്ഷിച്ചു. കൂടാതെ അവർ സാധാരണയായി 3-5-2 ഫോർമേഷനിലാണ് കളിക്കുന്നത്. കളിക്കാരുടെ ലഭ്യതയെ അടിസ്ഥാനമാക്കി അവർ ഇടയ്ക്കിടെ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്."

"ഈസ്റ്റ് ബംഗാളിൽ ഇർഷാദിനെപ്പോലുള്ള പരിചയസമ്പന്നരായ ഇന്ത്യൻ കളിക്കാരുണ്ട്. ജാക്ക് മഗോമ, ആന്റണി പിൽക്കിംഗ്ടൺ എന്നിവരെപ്പോലുള്ള മികച്ച വിദേശ താരങ്ങളും അവരുടെ ടീമിലുണ്ട്. പരിക്കിൽ നിന്ന് കരകയറുന്ന ആരോൺ അമാഡിയും അവർക്ക് ഒരു നല്ല സൂചനയാണ്. ഞങ്ങളെപ്പോലെ, നാളെ അവരും ജയം ആഗ്രഹിക്കും, ഇരു ടീമുകളും മൂന്ന് പോയിന്റുകൾക്കായി പോരാടും” അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശാന്ത്, സഹൽ അബ്ദുൾ സമദ്, ഗോൾകീപ്പർ ആൽബിനോ ഗോമസ് എന്നിവരുടെ വ്യക്തിഗത പ്രകടനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "ടീമിലും കളിക്കാരിലും എനിക്ക് പൂർണ വിശ്വാസമുണ്ട്. പ്രശാന്ത് വളരെ നല്ല കളിക്കാരനാണ്. ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങളിൽ ഞാൻ വളരെ സന്തുഷ്ടനാണ്. പുതിയ സ്ഥാനവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തെ ഒരു ഫുൾ ബാക്ക് അല്ലെങ്കിൽ വിംഗർ ആയി ഉപയോഗിക്കാൻ ഞങ്ങൾക്ക് അവസരമുണ്ട്. അദ്ദേഹം നന്നായി പരിശീലനം നേടുന്നു, ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളാണ് പ്രശാന്ത്. ”അദ്ദേഹം പറഞ്ഞു.

“സഹൽ ഒരു നല്ല കളിക്കാരനും ലീഗിലെ ഏറ്റവും പ്രഗത്ഭനായ താരവുമാണ്. ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ് അദ്ദേഹം.  പരിക്കുകളിൽ നിന്ന് അദ്ദേഹം സുഖം പ്രാപിക്കുവാനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, അദ്ദേഹത്തിന് ഒരു ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നു, അതിനാലാണ് കഴിഞ്ഞ കുറച്ച് ഗെയിമുകളിൽ അദ്ദേഹത്തിന് കളിയ്ക്കാൻ കഴിയാത്തത്. വരാനിരിക്കുന്ന മത്സരങ്ങളിൽ അദ്ദേഹം ഞങ്ങളെ നന്നായി സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

ഈ സീസണിൽ ഇതുവരെ രണ്ട് പെനാൽറ്റികൾ തടഞ്ഞ ആൽബിനോ ഗോമസിനെയും വികുന പ്രശംസിച്ചു. “അൽബിനോ ഒരു മികച്ച ഗോൾകീപ്പറാണ്. ഫുട്ബോളിൽ, മികച്ച പ്രകടനം നടത്തുന്നതും തെറ്റുകൾ സംഭവിക്കുന്നതുമായ മത്സരങ്ങൾ ഉണ്ടാകും. എനിക്ക് ആൽബിനോയിൽ പൂർണ്ണ വിശ്വാസമുണ്ട്. ചെന്നൈയിൻ എഫ്‌സിക്കെതിരെയും ബെംഗളൂരു എഫ്‌സിക്കെതിരെയും നടത്തിയ  ഗംഭീരമായ പെനാൽറ്റി സേവിലൂടെ അദ്ദേഹം ഗോൾകീപ്പർ എന്ന നിലയിലെ ഉത്തരവാദിത്തങ്ങൾ സംരക്ഷിച്ചു. ടീമിലെ മറ്റ് മൂന്ന് ഗോൾകീപ്പർമാരുടെയും (പ്രഭുസുഖൻ ഗിൽ, ബിലാൽ ഖാൻ, മുഹീത് ഷബീർ) കഴിവുകളിലും എനിക്ക് വിശ്വാസമുണ്ട്. ”

"ഇതുവരെയുള്ള ടീമിന്റെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്. കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങൾ നന്നായി പരിശീലിക്കുന്നു. ടീമിലും കളിക്കാരിലും എനിക്ക് വിശ്വാസമുണ്ട്, ഈസ്റ്റ് ബംഗാളിനെതിരെ ഞങ്ങൾ മികച്ചതായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫുട്ബോളിൽ, ഓരോ മത്സരവും ഒരു പുതിയ വെല്ലുവിളിയാണ്. ചിലപ്പോൾ കുറച്ച് മത്സരങ്ങളിൽ നല്ല ഫലങ്ങൾ ലഭിക്കില്ല. അത്തരം സാഹചര്യങ്ങളിൽ നമ്മിലും നമ്മുടെ പ്രകടനങ്ങളിലും ഉള്ള വിശ്വാസം സാവധാനം നഷ്ടപ്പെടും. ഞങ്ങൾ ഇപ്പോൾ അത്തരമൊരു അവസ്ഥയിലാണ്, മൂന്ന് പോയിന്റുകൾ നേടുന്നതിനായി അടുത്ത മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ് അതിനായുള്ള ഏറ്റവും മികച്ച മരുന്ന്. ഒരു നല്ല ഫലം കളിക്കാരനെന്ന നിലയിൽ പ്രകടനത്തിലും കഴിവുകളിലും താരങ്ങളുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തും. കഠിനമായി പരിശീലിക്കാനും ആ പോരാട്ട വീര്യം ഉള്ളിൽ നിലനിർത്താനും ഇത് സഹായിക്കും. ഒരു ടീം എന്ന നിലയിൽ, അതാണ് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട വശം. നല്ല റിസൾട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ”

പ്രതിരോധത്തിലെ നിരവധി പിഴവുകൾക്ക് ശേഷം, പ്രത്യേകിച്ച് ബെംഗളൂരു എഫ്‌സി, എഫ്‌സി ഗോവ എന്നി ടീമുകൾക്കെതിരെ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള തന്ത്രങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു."ഇതുവരെ ഞങ്ങൾ നടത്തിയ എല്ലാ മത്സരങ്ങളും പരിശീലന സെഷനുകളും ഞങ്ങൾ വിശകലനം ചെയ്യുകയാണ്. നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം, ഓരോ മത്സരത്തിലും ഞങ്ങൾ ഒരേ രീതിയിൽ കളിച്ചിട്ടില്ല എന്നതാണ്. ഞങ്ങൾക്ക് പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി, പ്ലാൻ ഡി എന്നിങ്ങനെ പ്ലാനുകൾ ഉണ്ട്. എതിരാളികളെ അടിസ്ഥാനമാക്കി ഞങ്ങളുടെ കളിയുടെ രീതി മാറുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് അറിയണമെന്നതാണ് ഏറ്റവും പ്രധാനം.”