ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ വച്ച് ഇന്ന് വൈകിട്ട് ഏഴരക്ക്‌ നടന്ന ഗോവയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം കരസ്ഥമാക്കി എഫ്‌സി ഗോവ. ഗോവയുടെ സീസണിലെ ആദ്യ വിജയമാണിത്.

അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 1-1 സമനില നേടിയ ഗോവൻ നിരയിൽ രണ്ട് മാറ്റങ്ങളാണ് ജുവാൻ ഫെറാണ്ടോ വരുത്തിയത്. ജെയിംസ് ഡൊനാച്ചിയും അലക്സാണ്ടറും ഐബൻ‌ബ ഡോഹ്ലിംഗിനും ആൽ‌ബെർട്ടോ നൊഗ്വേരയ്ക്കും പകരക്കാരായി ഇറങ്ങി. മറുവശത്ത് കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയ കിബു വികുന, ദെനെചന്ദ്ര മേത്തയ്, സെർജിയോ സിഡോഞ്ച, സീത്യാസെൻ സിംഗ് എന്നിവർക്ക് പകരമായി ജെസൽ കാർനെറോ, വിസെൻറ് ഗോമസ്, രാഹുൽ കെപി എന്നിവരെയിറക്കി.

ഗോവ ആദ്യ XI

മുഹമ്മദ് നവാസ് (ഗോൾ കീപ്പർ), ഇവാൻ ഗോൺസാലസ്, ജെയിംസ് ഡൊണാച്ചി, ജോർജ്ജ് മെൻഡോസ, ബ്രാൻഡൻ ഫെർണാണ്ടസ്, അലക്സാണ്ടർ ജെസുരാജ്, ഇഗോർ അംഗുലോ, സെറിറ്റൺ ഫെർണാണ്ടസ്, സേവ്യർ ഗാമ, എഡ്യൂ ബെഡിയ (ക്യാപ്റ്റൻ), ലെന്നി റോഡ്രിഗസ്.

കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ XI

ആൽബിനോ ഗോമസ് (ഗോൾ കീപ്പർ), ബകാരി കോൺ, നിഷു കുമാർ, രോഹിത് കുമാർ, ഫാക്കുണ്ടോ പെരേര, ജെസ്സൽ കാർനെറോ, നോങ്‌ഡാംബ നൊറേം, രാഹുൽ കെ പി, വിസെൻറ് ഗോമസ്, കോസ്റ്റ നമോയിൻസു (ക്യാപ്റ്റൻ), ഗാരി ഹൂപ്പർ.

മത്സരത്തിന്റെ ഇരുപകുതികളിലുമായി ഇഗോർ അംഗുലോ രണ്ടു ഗോളുകളും, ജോർജെ ഓർട്ടിസ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു ഗോളും ഗോവയ്ക്കായി നേടി. ഇഗോർ അംഗുലോ രണ്ടാമത്തെ ഗോൾ ഇഞ്ചുറി ടൈമിൽ ആയിരുന്നു നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ 90ആം മിനിറ്റിൽ വിൻസന്റെ ഗോമസ് നേടി. കോസ്റ്റ ചുവപ്പുകാർഡ് കിട്ടി പുറത്തായതിനാൽ പത്തുപേരുമായിയാണ് ബ്ലാസ്റ്റേഴ്സിന് കളി പൂർത്തിയാക്കേണ്ടിവന്നത്. 91ആം മിനിറ്റിൽ റെബല്ലോയ്ക്കെതിരായ ഫൗളിനാണ് കോസ്റ്റ ചുവപ്പുകാർഡ് കണ്ടത്.

കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ രക്ഷകനായിരുന്ന ആൽബിനോ ഗോമസിന്റെ ഭാഗത്തുനിന്ന് സംഭവിച്ച  പിഴവുകളാണ് തോൽവിക്ക് കാരണമായത്. ഇരു പകുതിയിലും അംഗുലോ നേടിയ ഗോളുകൾ ആൽബിനോയുടെ പിഴവുകൾ മുതലെടുത്തായിരുന്നു.

30ആം മിനിറ്റില്‍ സേവിയര്‍ ഗാമയുടെ പാസില്‍ നിന്നാണ് ഇഗോര്‍ അംഗുലോ ഗോവയുടെ ആദ്യ ഗോള്‍ നേടിയത്. ഗാമയുടെ ലോങ് പാസ് സ്വീകരിച്ച അംഗുലോ പന്ത് പിടിക്കാനെത്തിയ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ആന്‍ബിനോ ഗോമസിനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു. പിന്നീട് 52ആം മിനിറ്റില്‍ ജോര്‍ജ് മെന്‍ഡോസയാണ് ഗോവയുടെ രണ്ടാം ഗോള്‍ നേടിയത്. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നായിരുന്നു മെന്‍ഡോസയുടെ ഗോള്‍. 90ആം മിനിറ്റില്‍ നിഷു കുമാറിന്റെ ക്രോസില്‍ ആദ്യ ഗോൾ നേടിയ വിസന്റെ ഗോമസ് ബ്ലാസ്‌റ്റേഴ്‌സിന് സമനില പ്രതീക്ഷ നല്‍കിയെങ്കിലും ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റിൽ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിനു സംഭവിച്ച പിഴവ്  ആ പ്രതീക്ഷകളെല്ലാം ആസ്ഥാനത്താക്കി. അംഗുലോ വലത് വശത്തുള്ളത് ശ്രദ്ധിക്കാതെ ഷോട്ടിന് ശ്രമിച്ച ആല്‍ബിനോയില്‍ നിന്നും പന്ത് തട്ടിയെടുത്ത്    ഗോവയുടെ മൂന്നാം ഗോളും നേടിയ അംഗുലോ, ബ്ലാസ്റ്റേഴ്സിന്റെ തോൽവിയുടെ അവസാനത്തെ ആണിയുമടിച്ചു.

സീസണിലെ രണ്ടാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തും സീസണിലെ ആദ്യ ജയം നേടിയ എഫ്‍സി ഗോവ, അഞ്ചാം സ്ഥാനത്തുമാണ്.