ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ നേരിടും. ഇതുവരെ നാല് മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് രണ്ടു സമനിലയും, രണ്ടു തോൽവിയും വഴങ്ങി പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. അതുകൊണ്ടു തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് സ്വപ്നം കാണുന്നില്ല. നാല് മത്സരങ്ങൾ പൂർത്തിയാക്കിയ ബെംഗളൂരു എഫ്സി ഒരു വിജയവും, മൂന്ന് സമനിലയുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇതുവരെ കളിച്ച മത്സരങ്ങളിൽ തോൽവിയറിയാത്ത ടീമാണ് ബെംഗളൂരു എഫ്സി.

ഇരു ടീമുകളുടെയും മുന്നേറ്റ നിരക്ക് ഇതുവരെ മികച്ച ഫോമിലെത്താൻ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ താരം  ഗാരി ഹൂപ്പറിന് ഇതുവരെ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരത്തിന് നാല് മത്സരങ്ങളിൽ നിന്നായി പെനാൽറ്റിയിലൂടെ ഒരു ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഒരേയൊരു ഓൺ ടാർഗറ്റ് ഷോട്ട് മാത്രമാണ് താരം നടത്തിയത്. മുന്നേറ്റത്തിൽ ഒരേയൊരു സ്ട്രൈക്കറെ മാത്രം അണി നിരത്തുന്ന കിബു വികൂനയുടെ ശൈലിയിൽ ജോർദാൻ മറേയ്ക്ക് ഇതുവരെ കാര്യമായ അവസരങ്ങൾ ലഭിച്ചിട്ടുമില്ല. പ്രതിരോധത്തിലും, മധ്യനിരയിലും ആധിപത്യം സൃഷ്ടിക്കുന്ന ബ്ലാസ്റ്റേഴ്‌സ് അമ്പേ പരാജയപ്പെട്ടുന്നതും ഇവിടെയാണ്. ഏറ്റവും കൂടുതൽ മിസ്സ് പാസുകളും, പിഴവുകളും ബ്ലാസ്റ്റേഴ്‌സ് വരുത്തുന്നതും ഈ മേഖലയിലാണ് എന്നത് ഗൗരവം വർധിപ്പിക്കുന്നു.

പരിക്കേറ്റ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സെർജിയോ സിഡോഞ്ചയുടെ മടക്കവും പ്രതിരോധ താരമായ കോസ്റ്റ നമോയിനേസു ചുവപ്പ് കാർഡ് കണ്ടതിനാൽ കളത്തിലിറങ്ങാൻ സാധിക്കില്ല എന്നതും ടീമിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. അതിനാൽ മുന്നേറ്റ നിരയിലേക്ക് ജോർദാൻ മുറേയെ കൂടി ഉൾപ്പെടുത്തി രണ്ടു സ്ട്രൈക്കർമാരെ കിബു കളത്തിലിക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മുന്നേറ്റ നിരയ്ക്ക് തിളങ്ങാൻ സാധിച്ചാൽ മാത്രമേ ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ആദ്യവിജയം സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ.

തുടർച്ചയായി വഴങ്ങുന്ന സമനിലകളാണ് ബെംഗളൂരുവിന്റെ പ്രശ്നം. തങ്ങളുടെ ആദ്യ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് ലീഡ് നേടിയ ശേഷമാണ് എഫ്സി ഗോവയോട് ബെംഗളൂരു എഫ്സി സമനില വഴങ്ങിയത്. രണ്ടാമത്തെ മത്സരത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരെ ഒരു ഗോൾ പോലും നേടാൻ ബെംഗളൂരു എഫ്സിക്ക് സാധിക്കാത്തതിനാൽ ഈ മത്സരവും സമനിലയിൽ അവസാനിച്ചു. ചെന്നൈയിൻ എഫ്സിക്കെതിരെ സുനിൽ ഛേത്രി നേടിയ പെനാൽറ്റി ഗോളിൽ ബെംഗളൂരു തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. പക്ഷെ അതൊരിക്കലും ആശ്വസിക്കാനുള്ള വക ബെംഗളൂരുവിന് നൽകുന്നില്ല. അവസാനം നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ ടീം വിജയ പ്രതീക്ഷ ഉയർത്തിയെങ്കിലും രണ്ടാം പകുതിയിൽ ഗോൾ വഴങ്ങിയതോടെ ടൂർണമെന്റിലെ മൂന്നാം സമനിലയും ബെംഗളൂരു എഫ്സി വഴങ്ങി. മുന്നേറ്റ നിരയിൽ കളിക്കാൻ  മൂന്ന് വിദേശ താരങ്ങളും, ഇന്ത്യൻ താരങ്ങളായ സുനിൽ ഛേത്രി, ഉദാന്ത സിംഗ് തുടങ്ങിയ വൻ താര നിരയുടെ സാന്നിധ്യത്തിലാണ്  ബെംഗളൂരു എഫ്സി ആക്രമണത്തിൽ തിരിച്ചടി നേടുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ വിജയം നേടാനുറച്ച് കേരള ബ്ലാസ്റ്റേഴ്സും, സമനിലകുരുക്ക് തകർക്കാനുറച്ച് ബെംഗളൂരു എഫ്സിയും ഇറങ്ങുമ്പോൾ ഇന്നത്തെ മത്സരം തീ പാറുമെന്നുറപ്പാണ്.

കേരള ബ്ലാസ്റ്റേഴ്സ് vs ബെംഗളൂരു എഫ്സി സാധ്യതാ ഇലവൻ

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

ഫോർമേഷൻ: 4-2-3-1

ആൽബിനോ ഗോമസ്, നിഷു കുമാർ, ബക്കാരി കോനെ, അബ്ദുൾ ഹക്കു, ജെസ്സെൽ കാർനെയ്റോ, സെത്യാസെൻ സിംഗ്, വിസെൻ്റ് ഗോമസ്, രോഹിത് കുമാർ, ഫക്കുണ്ടോ പെരേര, നൊങ്ഡാംബ നോറെം, ഗാരി ഹൂപ്പർ

ബെംഗളൂരു എഫ്സി

ഫോർമേഷൻ: 4-3-3

ഗുർപ്രീത് സിംഗ് സന്ധു, ഹർമൻ‌ജോത് ഖബ്ര, രാഹുൽ ഭെകെ, ജുവാനൻ, ആഷിക് കുരുണിയൻ, എറിക് പാർത്താലു, ഡിമാസ് ഡെൽഗാഡോ, സുരേഷ് വാങ്ജാം, ക്ലീറ്റൺ സിൽവ, സുനിൽ ഛേത്രി, ഡെഷ്റോൺ ബ്രൗൺ

മത്സരത്തിന്റെ വിവരങ്ങൾ

മത്സരം: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി vs ബെംഗളൂരു എഫ്സി

തീയതി: ഡിസംബർ 13, 2020

സമയം: 07:30 PM

സ്ഥലം: ഫത്തോർഡ സ്റ്റേഡിയം, മർഗാവോ, ഗോവ