ഇന്ന് തമ്മിൽ നടന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ നാലു ഗോളുകൾക്ക് തകർത്ത് ബെംഗളൂരു എഫ്‌സി.  ഇരു ടീമുകളും 4-3-3 എന്ന ഫോർമേഷനിൽ കളത്തിലിറങ്ങിയ മത്സരം ബെംഗളുരു എഫ്സിയുടെ ആക്രമണത്തോടെയാണ് ആരംഭിച്ചത്. ബെംഗളുരു എഫ്സിയുടെ മുന്നേറ്റത്തെ കൗണ്ടർ അറ്റാക്കിലൂടെ നേരിട്ട ബ്ലാസ്റ്റേഴ്സ് നേരിട്ടു. മത്സരം ആരംഭിച്ച വെറും 5 മിനിറ്റിനുള്ളിൽ തന്നെ ഇരു ടീമുകൾക്കും ഓരോ കോർണർ കിക്കുകൾ വീതം ലഭിച്ചു. ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ പതിവിൽ നിന്ന് വ്യത്യസ്തമായി മൂന്ന് വിദേശ താരങ്ങൾ അണി നിരന്നിരുന്നു. അതിനാൽ തന്നെ മികച്ച ആക്രമണം തന്നെയാണ് ഉണ്ടായത്. ഫക്കുണ്ടോ പെരേരയും, ജോർദാൻ മുറേയും ആക്രമണത്തിൽ ഗാരി ഹൂപ്പറിന് മികച്ച പിന്തുണ നൽകി. മത്സരത്തിന്റെ പത്താം മിനിറ്റിൽ ഫക്കുണ്ടോ പെരേര ബെംഗളുരു പെനാൽറ്റി ബോക്സിന് പുറത്ത് വെച്ച് ഒരു ലോങ്ങ് റേഞ്ചർ ഷോട്ടിലൂടെ ഗോൾ നേടാനുള്ള ശ്രമം നടത്തിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.ബ്ലാസ്റ്റേഴ്സിന്റെ വലതു വിങ്ങിൽ രാഹുൽ കെപി, ജോർദാൻ മുറേ സഖ്യം ബെംഗളുരു എഫ്സിക്ക് തുടർച്ചയായി ഭീഷണി സൃഷ്ടിച്ചു. തുടർന്ന് വലതു വിങ്ങിൽ നിന്ന് ഒരു കിടിലൻ ലോങ്ങ് റേഞ്ചർ ഷോട്ടിനായി ജോർദാൻ മുറേ ശ്രമിച്ചെങ്കിലും ഗോൾകീപ്പർ ആയ ഗുർപ്രീത് സിംഗ് സന്ധു രക്ഷപ്പെടുത്തുകയായിരുന്നു.

പിന്നീട് മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് നടത്തിയ പ്രത്യാക്രമണത്തിൽ പന്ത് ലഭിച്ച ഗാരി ഹൂപ്പർ നടത്തിയ പ്രകടനം ഗോൾ നേടിക്കൊടുത്തു. പന്തുമായി മുന്നേറിയ ഹൂപ്പർ വലതു വിങ്ങിലെ രാഹുൽ കെപിയ്ക്ക് പന്ത് നൽകി. ഒരു മികച്ച ബുള്ളറ്റ് ഷോട്ടിലൂടെ രാഹുൽ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടി. പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ സന്തോഷത്തിനു വിരാമമിട്ട് 28-ആം മിനിറ്റിൽ ക്ലെയ്റ്റൺ സിൽവ ബെംഗളൂരുവിനായി സമനില ഗോൾ നേടി. പെനാൽറ്റി ബോക്സിന് സമീപത്തു വെച്ച് പ്രതിരോധ താരം ലാൽറുവത്താര ബോൾ ക്ലിയർ ചെയ്യാൻ പരാജയപ്പെട്ടപ്പോൾ ലഭിച്ച അവസരമാണ് ക്ലെയ്റ്റൺ സിൽവ മുതലാക്കിയത്. ആദ്യപകുതിക്കു വിരാമമാകും മുൻപ് ഒരു ഗോളിന്റെ ലീഡ് നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും നടന്നില്ല.  ആദ്യപകുതിയിൽ ബെംഗളൂരു എഫ്സി 9 ഗോൾ ശ്രമങ്ങൾ നേടിയെടുത്തപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 3 ഗോൾ ശ്രമങ്ങൾ നടത്തി.

ബെംഗളൂരു എഫ്സിയുടെ ആക്രമണത്തോടെ ആരംഭിച്ച രണ്ടാം പകുതിയിൽ നാൽപ്പത്തിയാറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് പ്രതിരോധ താരം ബക്കാരി കോനെ ബെംഗളുരു താരം ഒപ്സെത്തിനെ ഫൗൾ ചെയ്തപ്പോൾ റഫറി പെനാൽറ്റി അനുവദിച്ചെങ്കിലും പെനാൽറ്റി കിക്കെടുത്ത സുനിൽ ഛേത്രിയുടെ ഷോട്ട് ഗോൾകീപ്പർ ആൽബിനോ ഗോമസ് അനായാസം കൈപ്പിടിയിലൊതുക്കി. ശേഷം തുടർച്ചയായി ആക്രമണം അഴിച്ചു വിട്ട ബെംഗളൂരു എഫ്സിക്കായി അമ്പതാം മിനിറ്റിൽ ആഷിഖ് കുരുണിയന്റെ ക്രോസിൽ ഒപ്സെത്ത് ബെംഗളൂരുവിനായി രണ്ടാമതും ഗോൾ നേടി. എന്നാൽ വെറും രണ്ടു മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറായ ആൽബിനോ ഗോമസ് തട്ടിയകറ്റിയ പന്ത് പിടിച്ചെടുക്കുന്നതിൽ പ്രതിരോധ താരം ലാൽറുവത്താര പരാജയപ്പെട്ടു. അതെ നിമിഷത്തിൽ അതിവേഗം മുന്നോട്ടു പാഞ്ഞെത്തിയ ബെംഗളൂരു താരം ഡിമാസ് ഡെൽഗാഡോ ബെംഗളൂരുവിനായി മൂന്നാമത്തെ ഗോൾ സ്വന്തമാക്കി. അറുപതാം മിനിറ്റിൽ ഫക്കുണ്ടോ പെരേരയുടെ സെറ്റ് പീസ് വിസെന്റെ ഗോമസ് ഹെഡറിലൂടെ കൈമാറിയപ്പോൾ ജോർദാൻ മുറേ ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോൾ നേടി.  താരം ഓഫ്സൈഡ് പൊസിഷനിൽ ആയിരുന്നെങ്കിലും റഫറി ഗോൾ അനുവദിക്കുകയായിരുന്നു. പിന്നീട് സമനില ഗോൾ നേടാമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആഗ്രഹത്തിന് തടയിട്ട് അറുപത്തിയഞ്ചാം മിനിറ്റിൽ  ഖാബ്രയുടെ അതിമനോഹരമായ അസിസ്റ്റിൽ ഒരു കിടിലൻ ഹെഡർ ഗോളിലൂടെ സുനിൽ ഛേത്രി ബെംഗളൂരുവിന്റെ ലീഡ് നാലായ് ഉയർത്തി. തുടർന്ന് ബെംഗളൂരു എഫ്സി പ്രതിരോധത്തിലേക്ക് വലിഞ്ഞെങ്കിലും ഗോൾ നേടാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളൊന്നും ഫലവത്തായില്ല. പിന്നീട് വീണ്ടുമൊരു ഗോൾ നേടാൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല.

മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയപ്പോൾ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബെംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനുമേൽ ആധിപത്യം നേടി. മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ബെംഗളൂരു താരം ഡിമാസ് ഡെൽഗാഡോയാണ് ഹീറോ ഓഫ് ദി മാച്ച് അവാർഡ് കരസ്ഥമാക്കിയത്. ഇന്നത്തെ വിജയത്തോടെ ബെംഗളൂരു എഫ്സി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കുയർന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്തു തുടരുന്നു.