കേരള ഫുട്ബോളിന്റെ ആവേശവും ഊർജവും ആവാഹിച്ച്, ഒരു ജനതയെ ഒരൊറ്റ കുടക്കീഴിൽ ഒന്നിപ്പിച്ച്, കളിക്കളങ്ങളിൽ നിന്ന് മിന്നും താരങ്ങളെ കണ്ടെത്തി ഇന്ത്യൻ ഫുട്ബോളിന് സംഭാവന ചെയ്ത്, മലയാള നാടിന്റെ സ്വന്തം ക്ലബായി കേരള ബ്ലാസ്റ്റേഴ്‌സ് ഉയർന്നു വന്നിട്ട് പതിനൊന്ന് വർഷം തികയുന്നു.

കാൽപന്തിനെ ഹൃദയത്തിലേറ്റുന്ന, ഫുട്ബോൾ ജീവശ്വാസമാക്കിയ ജനതയുടെ സ്നേഹം അതിവേഗം നേടിയ ക്ലബ് അതിവേഗം വളർന്നു. ഐഎസ്എല്ലിലെ മാത്രമല്ല, ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും ശക്തമായ ആരാധകവൃന്ദമുള്ള ഈ ക്ലബ്, കേരളത്തിൽ ഒരു നവ ഫുട്ബോൾ സംസ്കാരത്തിന് രൂപം നൽകി. തോൽവി നുണഞ്ഞ മൂന്ന് ഫൈനലുകൾ, എന്നുമൊരു വേദനയായി തുടരുമ്പോഴും പുതുതാരങ്ങളെ വളർത്തിയെടുത്തും അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിച്ചും ആരാധകരിൽ പ്രതീക്ഷകളുടെ നാമ്പുകൾ മുളപ്പിച്ച് ക്ലബ് യാത്ര തുടരുകയാണ്.

പതിനൊന്നാം വർഷം പൂർത്തിയാക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായ 11 നിമിഷങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം:

കൊമ്പന്മാരുടെ ജനനം

2014-ൽ ഇന്ത്യൻ സൂപ്പർ ലീഗിന് തിരശ്ശീല ഉയർന്നപ്പോൾ, അതോടൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും പിറവിയെടുത്തു. 2014 മെയ് ഏഴിന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ സഹ ഉടമസ്ഥതയിൽ പിറവിയെടുത്ത ക്ലബ്, കേരളത്തിലെ കാൽപന്ത് ആരാധകരെ മഞ്ഞയെന്ന ഒറ്റ നിറത്തിൽ ഒന്നിപ്പിച്ചു. ആദ്യ ദിനം മുതൽ ഇന്നോളം അടങ്ങാത്ത ആവേശത്തോടെയും വികാരത്തോടെയുമാണ് ആരാധകർ ക്ലബ്ബിനെ പിന്തുണയ്ക്കുന്നത്.

അരങ്ങേറ്റ സീസണിലെ ഫൈനൽ എൻട്രിയും ജിങ്കന്റെ പിറവിയും

ക്ലബിന് ചുറ്റുമുണ്ടായിരുന്ന സംശയങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ അരങ്ങേറ്റ സീസണിൽ പന്ത് തട്ടിയത്. ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ജയിംസിന്റെ പരിശീലനത്തിൽ ഇറങ്ങിയ ടീം, വിജയം അകന്നു നിന്ന ആദ്യത്തെ മൂന്ന് മത്സരങ്ങൾക്ക് ശേഷം, പതിയെയാണ് ലീഗിൽ നിലയുറപ്പിച്ചത്. സ്വന്തം തട്ടകത്തിൽ ആരാധകരുടെ പിന്തുണയോടെ പോയിന്റുകൾ നേടിയ ടീം, ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പൂനെ സിറ്റിക്കെതിരെ ഒരു ഗോളിന് ജയിച്ച് പട്ടികയിൽ നാലാമതെത്തി പ്ലേഓഫ് ഉറപ്പിച്ചു.

ചെന്നൈയിൻ എഫ്‌സിക്കെതിരായ രണ്ടുപാദ സെമിഫൈനലിൽ, രണ്ടാം പാദം സമനിലയിൽ പിരിഞ്ഞപ്പോൾ അധികസമയത്ത് സ്റ്റീഫൻ പിയേഴ്‌സൺ നേടിയ ഗോളാണ് കൊമ്പന്മാരെ ഫൈനലിലെത്തിച്ചത്. കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ ടീമിനെ, തൊണ്ണൂറാം മിനിറ്റിൽ മുഹമ്മദ് റഫീഖ് നേടിയ ഹെഡർ ഗോളിലൂടെ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത പരാജയപ്പെടുത്തി. കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമായെങ്കിലും, സന്ദേശ് ജിങ്കൻ എന്ന പ്രതിരോധനിരയിലെ കരുത്തന്റെ ഉദയത്തിന് ആ സീസൺ സാക്ഷിയായി.. ആ സീസണിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡും അദ്ദേഹം സ്വന്തമാക്കി.

ഐഎസ്എൽ ഫൈനലിലേക്കുള്ള രണ്ടാം വരവ്

സ്വന്തം കാണികളുടെ അകമഴിഞ്ഞ പിന്തുണയാൽ രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് യോഗ്യത നേടി. ഇത്തവണയും എതിരാളികൾ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയായിരുന്നു. കലാശ പോരാട്ടമാകട്ടെ സ്വന്തം തട്ടകമായ കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. കപ്പിനരികെ വീണ്ടുമെത്തിയെങ്കിലും, സ്വന്തം കാണികൾക്ക് മുന്നിൽ ക്ലബ്ബിനെ കാത്തിരുന്നത് മറ്റൊരു നിരാശയായിരുന്നു.

കൊച്ചിയിലെ മഞ്ഞക്കൂട്ടത്തിന്റെ ഉദയം

ആദ്യ മൂന്ന് സീസണുകളിൽ രണ്ടിലും ഫൈനലിലെത്തിയത് കേരളത്തിൽ ക്ലബ്ബിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. മത്സരദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ, മക്കളുടെ ഫുട്ബോൾ ആവേശത്തിൽ മാതാപിതാക്കളും പങ്കുചേർന്നതോടെ സംസ്ഥാനത്ത് ഒരു ഫുട്ബോൾ സംസ്കാരം വളർത്തിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. ചുരുങ്ങിയ കാലം കൊണ്ട് അതിവേഗം വളർന്ന ക്ലബ്, സ്റ്റേഡിയം നിറച്ചതിനൊപ്പം സാമൂഹിക മാധ്യമങ്ങളിലും തങ്ങളുടേതായ സ്ഥാനം കണ്ടെത്തി. ആവേശമുയർത്തുന്ന ചാന്റുകളും ടിഫോകളുമായി ഒത്തുചേർന്ന മഞ്ഞയണിഞ്ഞ ആരാധകക്കൂട്ടം സ്റ്റേഡിയങ്ങളെ കോട്ടകളായും മത്സരങ്ങളെ ഉത്സവങ്ങളാക്കിയും മാറ്റി.

സഹൽ അബ്ദുൾ സമദ് എന്ന താരകം

യുഎഇയിലെ അൽ ഐനിൽ ജനിച്ച മലയാളി പയ്യൻ, ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്രീയേറ്റീവ് പ്ലേ മേക്കറായി മാറിയ കഥ, അത് വല്ലാത്തൊരു കഥയാണ്. ക്ലബ്ബിന്റെ സ്കൗട്ടിംഗിലൂടെ റിസർവ് നിരയിലെത്തിയ ഈ താരം, ഇതിഹാസ ഫുട്ബോളർ ദിമിറ്റർ ബെർബറ്റോവിന് പകരക്കാരനായി ബെഞ്ചിൽ നിന്നാണ് ആദ്യമായി ഐഎസ്എൽ വേദിയിലെത്തുന്നത്. പിന്നീട് ഒരിക്കലൂം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത ഒരു അരങ്ങേറ്റം. വളരെ വേഗം ആരാധകരുടെ പ്രിയങ്കരനും ക്ലബ്ബിന്റെ പോസ്റ്റർ ബോയിയുമായി മാറിയ സഹലിനെ തേടി 2018-19 സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും വൈകാതെ ദേശീയ ടീമിലേക്കുള്ള വിളിയുമെത്തി. നീലക്കുപ്പായത്തിൽ സ്ഥിരം സാന്നിധ്യമായി മാറിയ സഹൽ, 2023-ൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിലേക്ക് ചേക്കേറി.

തുടർവീഴ്ചകളും ഇവാൻ വുക്കോമനോവിച്ചിന്റെ വരവും

ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവുമധികം പരിശീലകരെ പരീക്ഷിച്ച ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇടക്കാല പരിശീലകരടക്കം, ആദ്യത്തെ ഏഴ് സീസണുകളിൽ സൈഡ് ലൈനിൽ ടീമിനെ നയിച്ചത് പതിനൊന്ന് പേർ. ആദ്യ മൂന്ന് സീസണിൽ രണ്ട് ഫൈനലുകളെന്ന നേട്ടത്തിന് ശേഷം, തുടർച്ചയായ നാല് വർഷം പ്ലേഓഫിലേക്ക് യോഗ്യത നേടാൻ പോലും ടീമിന് സാധിച്ചില്ല.

ആ സാഹചര്യത്തിലാണ് 2021-ൽ സെർബിയക്കാരനായ ഇവാൻ വുക്കോമനോവിച്ചിന്റെ വരവ്. അദ്ദേഹത്തിന് കീഴിലുള്ള മൂന്ന് സീസണുകളിലും ക്ലബ്ബിനെ പ്ലേ ഓഫിലെത്തിക്കുകയും ആദ്യ സീസണിൽ ഫൈനലിലെത്തിക്കുകയും ചെയ്ത അദ്ദേഹം, ഏറ്റവുമധികം മത്സരങ്ങളിൽ ക്ലബ്ബിനെ പരിശീലിപ്പിച്ച, ഏറ്റവുമധികം മത്സരങ്ങൾ ജയിപ്പിച്ച, ഒരു സീസണിൽ പോസിറ്റീവ് ഗോൾ വ്യത്യാസം നിലനിർത്തിയ ഏക പരിശീലകൻ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയാണ് ആരാധകരുടെ പ്രിയപ്പെട്ട 'ഇവാൻ ആശാൻ' 2024-ൽ പടിയിറങ്ങിയത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ അധ്യായങ്ങളിലൊന്നായാണ് വുക്കോമനോവിച്ചിന്റെ കാലഘട്ടം ഇന്നും ഓർമിക്കപ്പെടുന്നത്.

മൂന്നാം ഫൈനലും മാറ്റമില്ലാത്ത നിരാശയും

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സീസണുകളിലൊന്നായിരുന്നു 2021-22. ടീം അത്യധികം പക്വതയും, മെന്റാലിറ്റിയും, ആക്രമണോത്സുകതയും പ്രകടിപ്പിച്ചുകൊണ്ട് തങ്ങളുടെ മൂന്നാമത്തെ ഐഎസ്എൽ ഫൈനലിൽ പ്രവേശിച്ചു. എന്നാൽ, ആരാധകരുടെ ഹൃദയം തകർക്കുന്നതായിരുന്നു ഗോവയിലെ ബയോ ബബ്ബിളിൽ നടന്ന കലാശപ്പോരാട്ടം.

അഭിമാനകരമായ പ്രകടനം കാഴ്ചവെച്ചെങ്കിലും, ഹൈദരാബാദ് എഫ്‌സിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതോടെ ചരിത്രം വീണ്ടും ആവർത്തിച്ചു. ട്രോഫിയില്ലാതെ മൂന്നാം തവണയും ടീമിന് മടക്കം. ആ സീസണിലെ ഉജ്ജ്വല പ്രകടനത്തിലൂടെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ ബ്ലാസ്റ്റേഴ്സിന്റെ പ്രഭ്‌സുഖൻ ഗിൽ സ്വന്തമാക്കി.

ഗോൾഡൻ ബൂട്ട് നേടി ചരിത്രമെഴുതി ഡയമന്റകോസ്

ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോററായി മാറി പുതുചരിത്രം രേഖപ്പെടുത്തിയ താരമാണ് ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസ്. 2023-24 സീസണിൽ ഐഎസ്എൽ ഗോൾഡൻ ബൂട്ട് നേടിയ ഈ താരം, തന്റെ ക്ലിനിക്കൽ ഫിനിഷിംഗിലൂടെയും സ്ഥിരതയാർന്ന ഫോമിലൂടെയും ഫൈനൽ തേർഡിലെ കൃത്യതയിലൂടെയും ക്ലബ്ബിനെ പ്ലേഓഫിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

അഡ്രിയാൻ ലൂണ: കളിക്കളത്തിലെ ഒരു യഥാർത്ഥ നായകൻ

2021-ൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറിയത് മുതൽ, അഡ്രിയാൻ ലൂണ എന്ന പേര് ആരാധകർക്ക് ഒരു വികാരമാണ്. കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും, ടീമിനെ മുന്നോട്ട് നയിക്കാനുള്ള കഴിവും, ഒരു കളിക്കാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മികവും ഓരോ സീസണിലും ടീമിന്റെ മുന്നേറ്റത്തിൽ നിർണായകമാവുകയാണ്.

ടീമിന്റെ പ്ലേമേക്കിംഗിൽ നിർണായക പങ്കുവഹിക്കുന്ന ഈ താരം, മൈതാനത്തിന്റെ ഇരുവശത്തും വിശ്രമമില്ലാതെ ഓടിനടന്ന് തന്റെ മുഴുവൻ കഴിവും പുറത്തെടുത്ത്, ക്ലബ്ബിന്റെ ഇതിഹാസ താരങ്ങളുടെ നിരയിലേക്ക് സ്വന്തം പേര് എഴുതിച്ചേർത്തു. ആംബാൻഡ് അണിയുന്ന വെറുമൊരു ക്യാപ്റ്റൻ മാത്രമല്ല, ടീമിന് വഴികാട്ടുന്ന ഒരു യഥാർത്ഥ നേതാവ് കൂടിയാണ് ഈ ഉറുഗ്വേ താരം.

യുവപ്രതിഭകളുടെ മുന്നേറ്റം

സന്ദേശ് ജിങ്കന് പുറമെ, ഒട്ടനവധി ഇന്ത്യൻ താരങ്ങളെ സ്കൗട്ട് ചെയ്ത കണ്ടെത്തി വളർത്തിയെടുത്ത ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മുഹമ്മദ് റാകിപ്, നാലാം സീസണിലെ മികച്ച യുവതാരമായ ലാൽറുവാതാര, U17 ഫിഫ ലോകകപ്പ് താരങ്ങളായ ജീക്സൺ സിംഗ്, ധീരജ് സിംഗ്, പ്രഭ്സുഖൻ ഗിൽ തുടങ്ങി നോങ്ദംബ നോറം, നവോച്ച സിംഗ്, ഹോർമിപാം നിലവിലെ സീസണിലെ സെൻസേഷനായ കൊറോ സിംഗ് അടക്കമുള്ളവർ കേരള ബ്ലാസ്റ്റേഴ്സിലൂടെ വളർന്ന മറുനാടൻ താരങ്ങളാണ്.

ഒപ്പം, മലയാളി താരങ്ങളെ കണ്ടെത്തി മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതും ക്ലബ്ബിന്റെ കാഴ്ചപ്പാടുകളിൽ ഒന്നാണ്. സഹൽ അബ്ദുൽ സമദിന്റെ പാത പിന്തുടർന്ന്, ഐഎസ്എല്ലിന്റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ ഒരുപിടി മലയാളി താരങ്ങളും യെല്ലോ ആർമിക്ക് ഉണ്ടായിരുന്നു. രാഹുൽ കെ.പി., വിബിൻ മോഹനൻ, ലക്ഷദ്വീപ് സ്വദേശികളും കേരള ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ സഹോദരങ്ങൾ ഐമൻ, അസ്ഹർ, നിഹാൽ സുധീഷ്, മുഹമ്മദ് സഹീഫ്, സച്ചിൻ സുരേഷ് എന്നിവർ ക്ലബ്ബിലൂടെ വളർന്നുവന്ന മലയാളി താരങ്ങളാണ്. ഓരോ സീസണിലും പുത്തൻ പ്രതിഭകളെ കണ്ടെത്തുന്ന ബ്ലാസ്റ്റേഴ്‌സ്, ഇന്ത്യൻ ഫുട്ബോളിന്റെ നഴ്സറി കൂടിയായി മാറുകയാണ്.

ഒരു പുതിയ അധ്യായം: ബ്ലാസ്റ്റേഴ്സിൽ ഇനി കറ്റാലയുഗം

2024-25 സീസണിനിടെ പരിശീലകനായിരുന്ന മിക്കേൽ സ്റ്റാറെ പടിയിറങ്ങിയതോടെ, 2025 മാർച്ചിൽ സ്പാനിഷ് പരിശീലകൻ ദവീദ് കറ്റാല മുഖ്യ പരിശീലകന്റെ സ്ഥാനമേറ്റു. അദ്ദേഹത്തിന് കീഴിൽ കലിംഗ സൂപ്പർ കപ്പിൽ പ്രീ-ക്വാർട്ടറിൽ ബ്ലാസ്റ്റേഴ്‌സ് പുറത്തായെങ്കിലും, പുതിയ തന്ത്രങ്ങളും ആധുനിക ഫുട്ബോൾ ശൈലിയുമായുള്ള അദ്ദേഹത്തിന്റെ വരവ് ടീമിനെ പുതിയ പാതയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ.