ഐഎസ്എല്ലിന്റെ ഭാഗമായ പ്രശസ്ത ഫുട്ബോൾ ക്ലബ്ബ്കളിൽ ഒന്നാണ് കൊച്ചി ആസ്ഥാനമാക്കിയുള്ള കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി.  2014 മെയ് 24 നു രൂപീകരിച്ച ക്ലബ് തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത് 2014 ഒക്ടോബർ 13  ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ്.

എല്ലായിപ്പോഴും ശരാശരി പതിനയ്യായിരത്തിൽകൂടുതൽ കാണികൾ കളി കാണാൻ എത്തുന്ന ബ്ലാസ്റ്റേഴ്സിന്റെ ഹോംഗ്രൗണ്ട്‌ കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം ആണ്. ഒരുപക്ഷെ കേരളാബ്ലാസ്റ്റേഴ്സിനെക്കാളും പ്രശസ്തിയേറിയതാണ് കേരളാബ്ലാസ്റ്റേഴ്സിന്റെ ആരാധകവൃന്ദമായ മഞ്ഞപ്പട. മറ്റൊരു രീതിയിൽ വിലയിരുത്തിയാൽ ഈ ആരാധക വൃന്ദമാണ് കേരളബ്ലാസ്റ്റേഴ്‌സ് എന്ന ടീമിനെ പ്രശസ്തമാക്കിയത്. ആര് സീസണുകളിലായി കേരളബ്ലാസ്റ്റേഴ്‌സ് ടീമിനെ പടുത്തുയർത്തിയതിൽ പങ്കു വഹിച്ചവരിൽ പ്രധാനികളാണ് മുഖ്യ പരിശീലകർ.  ആറാം സീസണിൽ കേരളത്തിന്റെ അവസാന മത്സരത്തിന് മുൻപായി ഡേവിഡ് ജെയിംസ് മുതൽ എൽകോ ഷട്ടറി വരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രം അവലോകനം ചെയ്യാം.

2014 യിൽ ബ്ലാസ്റ്റേഴ്‌സ് രൂപീകരിക്കപ്പെട്ടപ്പോൾ മാനേജർ ആയിരുന്ന മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ജെയിംസ് മുതൽ എൽകോ ഷെറ്റോറി വരെ ഏഴു മാനേജേഴ്‌സും ഒരു കെയർടേക്കറുമാണ് ബ്ലാസ്റ്റേഴ്സിന് ഉണ്ടായിട്ടുള്ളത്.

ഇംഗ്ലണ്ട് മുൻ അന്താരാഷ്ട്ര ഗോൾ കീപ്പർ ആയിരുന്ന ഡേവിഡ് ജെയിംസ് ആയിരുന്നു കേരളാബ്ലാസ്റ്റേഴ്സിന്റെ ആദ്യ സീസണിലെ മാനേജർ. താരതമ്യേന മികച്ച പ്രകടനമാണ് ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. ആദ്യ സീസണിൽ ഡേവിഡ് ജയിംസിന്റെ പരിശീലനത്തിന് കീഴിൽ സെമിഫൈനലിലേക്ക് യോഗ്യത നേടിയ ബ്ലാസ്റ്റേഴ്സിന് സീസണിൽ രണ്ടാം  സ്ഥാനം നേടാനായി.

ആദ്യ സീസണ് ശേഷം ഡേവിഡ് ജെയിംസ് തിരികെ ടീമിലേക്കു ഇല്ലെന്നു പ്രഖാപിച്ചു. തുടർന്ന് മെയ് 2015-ൽ ഇംഗ്ലണ്ടിന്റെ മുൻ അണ്ടർ ട്വന്റി ഹെഡ് കോച്ച് ആയ പീറ്റർ ടെയ്‌ലറിനെ ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ആയി നിയമിച്ചു. അദ്ദേഹത്തിന്റെ കീഴിൽ കേരളാബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചായിരുന്നു. ജോസു, മുഹമ്മദ് റാഫി, സാഞ്ചസ് വാട്ട് എന്നിവർ നേടിയ മൂന്നുഗോളുകളുടെ പിൻബലത്തിൽ മൂന്നു ഒന്നിന് ബ്ലാസ്റ്റേഴ്‌സ് വിജയം നേടി. മുബൈ സിറ്റിക്കെതിരായി നടന്ന രണ്ടാമത്തെ കളി സമനിലയിലാകുകയും തുടർന്ന് നടന്ന നാലു കളികളിൽ ബ്ലാസ്റ്റേഴ്‌സ് തോൽക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് പീറ്റർ ടെയ്‌ലർ രാജിവക്കുകയും അടുത്ത ഒരു കളിയിൽ അസിസ്റ്റന്റ് കോച്ച് ആയിരുന്ന ട്രീവർ മോർഗൻ ഹെഡ് കോച്ച് ആയി സ്ഥാനമേൽക്കുകയും ചെയ്തു.

പിന്നീട് ഹെഡ് കോച്ച് ആയി വന്നത് ടെറി ഫിലൻ ആയിരുന്നു. എന്നാൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. നിർഭാഗ്യവശാൽ അത്തവണ റാങ്കിങ്ങിൽ ഏറ്റവും അവസാന സ്ഥാനമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്. തുടർന്ന് ക്ലബ്ബയുമായുള്ള പരസ്പര ധാരണയിൽ ട്രീവർ മോർഗൻ ബ്ലാസ്റ്റേഴ്സിൽ നിന്ന് പിരിഞ്ഞു.

മുൻ സീസണിൽ അഭിമുഘീകരിക്കേണ്ടിവന്ന ദയനീയ തോൽവികൾ മുൻനിർത്തി പ്രശസ്ത ഫുട്ബോൾ ക്ലബ് ക്രിസ്റ്റൽ പാലസിന്റെ മുൻ ഹെഡ് കോച്ച് ആയ സ്റ്റീവ് കോപ്പേൽ 2016 ജൂൺ 21 നു സ്ഥാനമേറ്റു. 2015 സീസണിലെപ്പോലെതന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരായ ഒരു ഗോളിന്റെ വിജയവുമായാണ് ബ്ലാസ്റ്റേഴ്‌സ് സീസൺ ആരംഭിച്ചത്. കോപ്പലിന്റെ പരിശീലനത്തിൻകീഴിൽ ആദ്യ പകുതിയിൽ ഡിഫെൻസിൽ ടീം മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടാം പകുതിയിൽ വിനീതിനെ ബെംഗളൂരു എഫ്‌സിയിൽ നിന്ന് കടമെടുത്ത ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തിന്റെ പ്രകടനവും പിന്ബലമാക്കി ഫൈനൽ വരെയെത്തി. കൊൽക്കത്തക്കെതിരായി നടന്ന ഫൈനലിൽ ഒപ്പത്തിനൊപ്പം മികച്ചു നിന്ന ടീം അവസാനം സംഭവിച്ച പെനാൽറ്റി ഗോളിന്റെ  അടിസ്ഥാനത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് തോൽവി വഴങ്ങി. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു ആ തോൽവി.

2017 ജൂലൈ 14 നു റെനേ മേലെൻസ്റ്റീൻ കേരളാബ്ലാസ്റ്റേഴ്സിന്റെ ഹെഡ് കോച്ച് ആയി നിയമിതനായി. എന്നാൽ 2018 ജനുവരി രണ്ടിന് അദ്ദേഹം വ്യക്തിപരമായ കാരണങ്ങളാൽ ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്തുനിന്ന് പിന്മാറി. തുടർന്ന് 2018 ജനുവരി മൂന്നിന് വീണ്ടും ഹെഡ് കോച്ച് ആയി  ഡേവിഡ് ജെയിംസ് സ്ഥാനമേറ്റു. എന്നാൽ ടീമിന്റെ മോശം പ്രകടനത്തിനെത്തുടർന്നു 2018 ഡിസംബർ 18-ന് ഡേവിഡ് ജെയിംസ് ടീം വിട്ടൊഴിഞ്ഞു. തുടർന്ന് 2019 ജനുവരി 18-നു മുൻപോർച്ചുഗൽ ഫുട്ബോൾ താരം നെലോ വിങ്ങാട ഹെഡ് കോച്ച് ആയി സ്ഥാനമേറ്റു.

നിലവിലെ ആറാം സീസണിൽ ഡച്ച്കാരനായ എൽകോ ഷട്ടോരിയെബ്ലാസ്റ്റേഴ്‌സ് മുഘ്യ പരിശീലകനായി നിയമിച്ചു. അവർ മുഴുവൻ മുൻ വിദേശതാരങ്ങളെയും വിട്ടയക്കുകയും കാമറൂണിയൻ താരം റാഫേൽ മെസ്സി ബൗളി, നൈജീരിയൻ താരം ബാർത്തലോമിവ് ഒഗ്‌ബെച്ചെ എന്നിവരുൾപ്പെടെയുള്ള പുതിയ വിദേശ താരങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തു.  എൽകോ ഷെറ്റോറിയുടെ കീഴിൽ മികച്ച പരിശീലനവും പ്ലാനിങ്ങുകളുമായി ടീം ഒരുങ്ങി. സീസൺ തുടങ്ങുന്നതിനു മുൻപ് ആദ്യ തിരിച്ചടി ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നു. സാങ്കേതിക കാരണങ്ങളാൽ ബ്ലാസ്റ്റേഴ്സിന് പ്രീ സീസൺ പകുതിവഴിയിൽ അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. തുടർന്ന് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സ് സീസണ് മുന്നോടിയായുള്ള പരിശീലനം നടത്തിയത്. സീസൺ ആരംഭിക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപ് സന്ദേശ് ജിങ്കന് കാലിൽ പരിക്കേറ്റു. തന്ത്രങ്ങളും പ്ലാനിങ്ങുകളും കൃത്യമായി നടപ്പാക്കിയിരുന്നു ഷെറ്റോറിക്ക് സന്ദേശിന്റെ പരിക്ക് വീണ്ടും തിരിച്ചടിയായി. ഒരു സീസൺ മുഴുവനായും താരത്തിന് സീസൺ വിട്ടു നിൽക്കേണ്ടി വരുമെന്നുറപ്പായ സാഹചര്യത്തിൽ പകരക്കാരനായി രാജു ഗെയ്ക്ക്വാഡിനെ ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷകൾക്കൊത്തുയരാനോ ജിങ്കന് പകരക്കാരനാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്ന് ഡിഫെൻസിലെ കുറവുകൾ‌ നികത്തനായി മുൻപ്ലാനിങ്ങുകളിൽ നിന്ന് വ്യതിചലിച്ച്   ജൈറോ, സൂയിവർലോൺ തുടങ്ങിയ താരങ്ങളെ ഡിഫെൻസിലേക്ക് നിയോഗിച്ചു.

 സീസൺ പുരോഗമിച്ചോപ്പോൾ പരിക്ക് വീണ്ടും പ്രശ്നമായി.  മാരിയോ ആർക്കസ്,  സെർജിയോ സിഡോഞ്ഞ, സുയിവർലൂൺ മുതലായ താരങ്ങൾക്കു പരിക്കേറ്റു. ഈ ആഘാതത്തിൽനിന്നു ടീം കരകയറും മുൻപാണ് ജൈറോ റോഡ്രിഗസിനു പരിക്കേറ്റത്. ഡിഫെൻസിനെ കുറച്ചെങ്കിലും മെച്ചപ്പെടുത്താൻ ഡ്രോബറോവിനെ ടീമിലേക്ക് തിരഞ്ഞെടുത്തു. ഇതൊന്നും ടീമിനെ മോശം പ്രകടനത്തിൽനിന്നു കരകയറ്റാനായില്ല. ഗോൾ കീപ്പേഴ്സിന്റെ പ്രകടനവും മികച്ചതായിരുന്നില്ല.

എന്നാൽ ഈ ഘട്ടങ്ങളിലെല്ലാം മികച്ച പ്രകടനമാണ് നായകനായ ഓഗ്‌ബെച്ചേ കാഴ്ചവച്ചത്. ടീമിന്റെ മറ്റൊരാശ്വാസമായിരുന്നു കാമറൂണിയൻ താരം റാഫേൽ മെസ്സി ബൗളിയുടെ പ്രകടനം. ഇന്ത്യൻ സൂപ്പർ ലീഗിൽ തുടക്കകാരനായിരുന്നിട്ടും പതിമൂന്നു കളികൾ നിന്ന് മാത്രമായി ഏഴു ഗോളുകൾ നേടാൻ അദ്ദേഹത്തിനായി. പതിനഞ്ചു കളികളിൽ നിന്ന് പതിമൂന്നു ഗോളുകൾ ഓഗ്‌ബെച്ചെയും നേടി. എൽകോയുടെ തീരുമാനങ്ങളിൽ ഏറ്റവും മികച്ചതായിരുന്നു ഈ താരങ്ങളെ തിരഞ്ഞെടുത്തത് എന്ന് നിസംശയം പറയാം. 

ഇതിനിടക്കാണ് സഹലിന് അവസരങ്ങൾ നൽകുന്നില്ല എന്ന വിവാദങ്ങൾ ഉയർന്നു തുടങ്ങിയത്. വ്യക്തമായ തെളിവുകൾ നിരത്തിയാണ് ഈ വിവാദങ്ങളെ അദ്ദേഹം തുരത്തിയത്. അദ്ദേഹത്തിന്റെ അഭിപ്രയങ്ങളെ സഹലും പിന്താങ്ങിയതോടെ വിവാദങ്ങൾ കെട്ടടങ്ങി. അഞ്ചു മത്സരങ്ങൾക്കപ്പുറം ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലാദ്യമായി കേരളബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെതിരെ നേടിയ വിജയം അദ്ദേഹത്തിനും ടീമിനും പുത്തനുന്മേഷം സമ്മാനിച്ചു.

ഈ സീസണിൽ എൽകോ എന്ന പരിശീലകൻ അദ്ദേഹത്തിന്റെ പരമാവധി ടീമിനായി പരിശ്രമിച്ചുവെന്ന് നിസംശയം പറയാം. എപ്പോഴൊക്കെ ജയിക്കുമെന്ന് അദ്ദേഹം ഉറപ്പു പറഞ്ഞുവോ, അപ്പോഴെല്ലാം ടീം ജയിച്ചു. പ്ലാനിങ്ങുകൾ തെറ്റിയത് പരിക്കുകൾ വില്ലനായപ്പോൾ മാത്രമാണ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ച മികച്ച താരങ്ങൾക്കപ്പുറം ടീമിന്റെ മുഖമായി മാറാൻ എൽകോക്ക്‌ കഴിഞ്ഞു.

അസിസ്റ്റന്റ് പരിശീലകന്റെ വാക്കുകൾ കടമെടുത്താൽ "ഈ ടീമിനെ ഇതുപോലെ തന്നെ അടുത്തവർഷം നിലനിർത്തിയാൽ ആദ്യ കിരീടം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയും".

അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരം പ്രതി ശരിയാണ്.  പക്ഷെ അമരക്കാരനായി എൽകോ ഉണ്ടെങ്കിൽ ആ വാക്കുകൾക്കുറപ്പ് കൂടും!