2021ലെ ആദ്യത്തെ ഐ‌എസ്‌എൽ മത്സരത്തിൽ ഇന്ന് മുംബൈ സിറ്റി എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടും.  ഗോവയിലെ വാസ്‌കോഡുഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ കിബു വികുന പങ്കെടുത്തു.

പരിക്കുമൂലം കഴിഞ്ഞ പല മത്സരങ്ങളിലും കളത്തിലിറങ്ങുവാൻ സാധിക്കാതിരുന്ന സഹൽ അബ്ദുൾ സമ്മദിനു ഏഴു മത്സരങ്ങളിലായി വെറും 209 മിനിറ്റ് മാത്രമേ കളത്തിലിറങ്ങുവാൻ സാധിച്ചിരുന്നൊള്ളു. സഹലിനെപ്പറ്റിയാണ് കോച്ച് സംസാരിച്ചു തുടങ്ങിയത്. “പുറത്തും അകത്തും കളിക്കാനുള്ള ഗുണങ്ങൾ സഹലിന് ഉണ്ട്. പൊസഷനിലും ട്രാൻസിഷനിലും സഹൽ കഴിവുള്ളവനാണ്. സഹൽ എല്ലാ ദിവസവും മെച്ചപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. സഹൽ ഞങ്ങൾക്ക് ഒരു പ്രധാന കളിക്കാരനാണെന്ന് സഹലിനറിയാം”വികുന പറഞ്ഞു.

മുൻമത്സരത്തിൽ പരിക്കേറ്റ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സെർജിയോ സിഡോഞ്ച നാട്ടിലേക്ക് മടങ്ങിയിരുന്നു. ഒരു സീസൺ പൂർണമായും അദ്ദേഹത്തിന് നഷ്ടമാകുമെന്ന് ഉറപ്പിച്ച സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിനു പകരമായി ജുവാണ്ടെയെ ടീമിലെത്തിച്ചു. പെർത്ത് ഗ്ലോറിക്ക് വേണ്ടി അവസാനമായി കളിച്ച താരത്തിന് ഒന്നിലധികം പൊസിഷനുകളിൽ കളിക്കാനാകുമെന്ന് വികുന അഭിപ്രായപ്പെട്ടു. “ആദ്യ മൂന്ന് മത്സരങ്ങളിൽ സിഡോഞ്ച വ്യത്യസ്ത റോളുകൾ സ്വീകരിച്ചു. പരിചയസമ്പന്നനായ കളിക്കാരനാണ് ജുവാണ്ടെ. അദ്ദേഹത്തിന് വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കഴിയും. മുംബൈ വളരെ നല്ല കളിക്കാരുള്ള ഒരു നല്ല ടീമാണ്. അവർ നന്നായി കളിക്കുന്നു. ഐ‌എസ്‌എല്ലിലെ മികച്ച ടീമുകളിലൊന്നാണവർ. പരിശീലന സെഷനുകളിൽ ഞങ്ങൾ മെച്ചപ്പെടുന്നു. ഞങ്ങൾ പരിശീലിക്കുന്ന രീതിയിൽ സന്തുഷ്ടരാണ്.” വികുന പറഞ്ഞു.

പരിക്ക് കാരണം അവസാന മത്സരത്തിൽ പങ്കെടുക്കാതിരുന്ന ഗാരി ഹൂപ്പർ, ബകാരി കോൺ, കോസ്റ്റ നമോയിൻസു എന്നിവർ പരിശീലനത്തിലേക്ക് തിരിച്ചെത്തി എന്നതാണ് വികുനയെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷവാർത്ത. ഈ താരങ്ങളുടെ അഭാവത്തിൽ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യ വിജയം നേടിയ ഹൈദരാബാദ് എഫ്‌സിക്കെതിരായ അവസാന മത്സരത്തിൽ രണ്ട് സെന്റർ ബാക്കുകളായി സന്ദീപ് സിംഗ്, അബ്ദുൽ ഹക്കു എന്നിവരെ വികുനക്ക് കളത്തിലിറക്കേണ്ടി വന്നിരുന്നു. “മികച്ചതായിരിക്കുമെന്ന് ഞങ്ങൾ കരുതുന്ന ടീം നാളെ കളിക്കും. സന്ദീപും ഹക്കുവും നന്നായി കളിച്ചു. അവർ കൂടുതൽ ആത്മവിശ്വാസത്തോടെ നന്നായി പരിശീലനം നടത്തുന്നു. കോസ്റ്റ, ഹൂപ്പർ, കോൺ എന്നിവർ പരിശീലനത്തിൽ മടങ്ങിയെത്തിയിട്ടുണ്ട്. നാളെ ഞങ്ങളുടെ ഏറ്റവും മികച്ച ലൈനപ്പ് ഉപയോഗിച്ച് ഞങ്ങൾ കളിക്കും. എല്ലാവരും കളിക്കാൻ ആഗ്രഹിക്കുന്നു. എല്ലാ ദിവസവും ഞങ്ങൾ കളിക്കുന്ന മികച്ച ടീമിനെക്കുറിച്ച് ചിന്തിക്കുന്നു. അവസാന മത്സരത്തിൽ ഞങ്ങൾ അഞ്ച് മാറ്റങ്ങൾ ടീമിൽ വരുത്തി. ടീം മികച്ച പ്രകടനം നടത്തി, ഞങ്ങൾ വിജയിച്ചു. പുതുതായി ടീമിലെത്തിയ കളിക്കാർ ടീമിൽ തുടരാനും കളി തുടരാനും ആഗ്രഹിക്കുന്നു, ”അദ്ദേഹം വിശദീകരിച്ചു.

“ഞങ്ങൾ പോസെഷൻ ഉപേക്ഷിച്ചതല്ല. ഹൈദരാബാദ് പൊസഷനിൽ അധിഷ്ഠിതമായ ടീമാണ്. ഞങ്ങൾ നന്നായി പ്രതിരോധിച്ചു,  പ്രതിരോധത്തിൽ കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കുന്നു. ഞങ്ങൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. ഞങ്ങൾ ഇപ്പോൾ കൂടുതൽ ഫ്ലെക്സിബിൾ ആണ്. ഞങ്ങൾക്ക് വ്യത്യസ്ത സാധ്യതകളുണ്ട്”  കിബു പറഞ്ഞു നിർത്തി.

ഇന്ന് നടക്കുന്ന മത്സരത്തിൽ മുൻ‌തൂക്കം മുംബൈ സിറ്റി എഫ്‌സിക്കാണ്. പക്ഷെ ആദ്യ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്നിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് കരുത്ത് പ്രവചനാതീതമായിരിക്കും.