ഇന്ന് നടന്ന മത്സരത്തിൽ ഹൈദരാബാദിനെതിരെ കേരളാബ്ലാസ്റ്റേഴ്‌സ് ഉജ്വലവിജയം സ്വന്തമാക്കി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ ഏഴാം മത്സരത്തിൽ  ആദ്യ വിജയം കേരളാബ്ലാസ്റ്റേഴ്‌സ് കരസ്ഥമാക്കിയത്. ആവേശകരമായ മത്സരത്തില്‍ കരുത്തരായ ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. കളിയുടെ എല്ലാ മേഖലകളിലും ഹൈദരാബാദ് എഫ്സിക്കെതിരെ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യജയം.

മത്സരത്തിന് ശേഷം മാധ്യമപ്രധിനിതികളുമായി സംസാരിക്കവെ ആദ്യ വിജയത്തിന്റെ സന്തോഷം കോച്ച് കിബു വികുന പങ്കുവച്ചു. ശക്തമായ  പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.

“ഈ സീസണിൽ നന്നായി കളിക്കുന്ന ഒരു ടീമിനെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചതിൽ ഞാൻ സംതൃപ്തനാണ്. ഞങ്ങൾ  നന്നായി കളിച്ചു. ഇന്ന് രാത്രി, ഈ മത്സരത്തിൽ വിജയിക്കാൻ ഞങ്ങൾ അർഹരാണ്. കഴിഞ്ഞ മൂന്ന് ആഴ്ചയായി ഞങ്ങൾ നന്നായി പരിശീലനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഫലങ്ങൾ കാണുന്നു."

ഹൈദരാബാദിനെതിരായ ആദ്യ പതിനൊന്നിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിംഗ് ലൈനപ്പിലെ മൂന്ന് പ്രധാന താരങ്ങളായ ബകാരി കോൺ, കോസ്റ്റാ നമൈൻസു, ഗാരി ഹൂപ്പർ എന്നി താരങ്ങളെ ഒഴിവാക്കിയിരുന്നു.

"അവർക്ക് പരിക്കുകളുണ്ടായിരുന്നു, അവർ കളിക്കാനായി തയ്യാറായിരുന്നുല്ല. എന്നാൽ ഇന്ന് കളിച്ച കളിക്കാർ അതിശയകരമായിരുന്നു. സന്ദീപ് സിംഗ്, അബ്ദുൾ ഹക്കു, ജോർദാൻ മറെ എന്നിവരുടെ പ്രകടനങ്ങൾ മികച്ചതായിരുന്നു, അവർ നന്നായി കളിച്ചു."

ഹൈദരാബാദിനെതിരായ ടീമിൽ സഹൽ അബ്ദുൾ സമദിനെ എന്തിനാണ് ഇടതുവശത്ത് വിനയോഗിച്ചതെന്ന് കിബു വിശദീകരിച്ചു. ഇന്ത്യൻ അന്താരാഷ്ട്ര താരമായ സഹലിന്റെ വൈദഗ്ദ്ധ്യം ടീമിന് കൂടുതൽ നേട്ടം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"സഹൽ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. അദ്ദേഹത്തിന് ഇരുവശത്തും കളിക്കാൻ കഴിയും, അകത്തും പുറത്തും കളിക്കാൻ കഴിയും. കൂടാതെ അദ്ദേഹം ഞങ്ങൾക്ക് ന്യൂമെരിക്കൽ സുപ്പീരിയോരിറ്റി (സംഖ്യാ മികവ്) നൽകുന്നു. ഒപ്പം അദ്ദേഹം ഒരു നല്ല കളിക്കാരനാണ്. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗെയിമായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ പ്രകടനത്തിൽ വളരെ സന്തുഷ്ടനാണ്. മുന്നോട്ടുള്ള എല്ലാ കളികളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എനിക്കറിയാം” കോച്ച് പറഞ്ഞു.

"ഹാഫ് ടൈമിൽ, ചില തന്ത്രപരമായ പ്രശ്നങ്ങളെക്കുറിച്ച് ഞാൻ സംസാരിച്ചു, അവർ ചെയ്യേണ്ടതെന്തെന്നും. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം രണ്ടാമത്തെ ഗോൾ നേടുക എന്നതായിരുന്നു. കാരണം ഹൈദരാബാദ് അരിഡെയ്ൻ, സാൻ‌ഡാസ തുടങ്ങിയ മികച്ച സ്‌ട്രൈക്കർമാരുള്ള ടീമാണ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ, ഞങ്ങൾക്ക് മികച്ച അവസരങ്ങൾ ലഭിച്ചു, ജോർദാൻ മറെയ്ക്കും സഹലിനും രണ്ട് നല്ല അവസരങ്ങൾ. എന്നാൽ ഞങ്ങൾക്ക് സ്കോർ ചെയ്യുവാനായില്ല. പക്ഷേ ജോർദാൻ അവസാനം സ്കോർ ചെയ്തു. അങ്ങനെ ഞങ്ങൾക്ക് അർഹമായ വിജയം ലഭിച്ചു ” കോച്ച് പറഞ്ഞു നിർത്തി.

ഈ മത്സരത്തോടെ മൂന്നു പോയിന്റുകൾ നേടിയ ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനം നിലനിർത്തിയപ്പോൾ ഹൈദരാബാദ് എട്ടാം സ്ഥാനത്തു തുടരുന്നു.