ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഹൈദരാബാദ് എഫ്സിയെ നേരിടും. നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി കേരളാബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുന മാധ്യമങ്ങളോട് സംസാരിച്ചു. ഈ സീസണിലെ മിക്കവാറും എല്ലാ കളികളിലും തന്റെ വിദേശ സെന്റർ ബാക്കുകളായ ബകാരി കോൺ, കോസ്റ്റ നമോയിനെസു എന്നീ താരങ്ങളെയിറക്കി ആരംഭിക്കാനുള്ള കാരണങ്ങൾ വിശദീകരിച്ചുകൊണ്ടാണ് ആദേശം സംസാരിച്ചു തുടങ്ങിയത്.“ഇത് തന്ത്രപരമായ കാരണങ്ങളാലാണ്. മത്സരത്തിനനുസരിച്ച് ഞാൻ കളിക്കാരെ തിരഞ്ഞെടുക്കുന്നു. വിദേശികളായതുകൊണ്ട് അവർ കളിക്കുമെന്ന് ഇതിനർത്ഥമില്ല. ലാൽറുതാര, ഹക്കു എന്നിവർ കളിക്കാൻ തയ്യാറാണെങ്കിൽ അവർ കളിക്കും, ”സ്പാനിഷ് പറഞ്ഞു.

ഈ സീസണിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് പുറകിലാണ്. എന്നാൽ ഈ വസ്തുതയെ ഈസ്റ്റ് ബംഗാളിനെതിരായ അവസാന മത്സരം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വികുന പ്രതിരോധിച്ചത്. “കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾ ധാരാളം അവസരങ്ങൾ സൃഷ്ടിച്ചുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ മെച്ചപ്പെടുന്നുണ്ട്. സഹൽ (അബ്ദുൾ സമദ്), രോഹിത് (കുമാർ) എന്നിവർ ഉയർന്നു വരുന്നു. അടുത്ത കളികളിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ വേണം. അവസാന മത്സരത്തിൽ രണ്ടാം പകുതിയിൽ ഞങ്ങൾ സ്കോർ ചെയ്തു.  ഗോളിന് ശേഷവും ഞങ്ങൾ നന്നായി കളിച്ചു. രണ്ടാം പകുതിയിൽ ഞങ്ങൾ കൂടുതൽ മെച്ചപ്പെട്ടു. ആ കളിയിൽ ഞങ്ങൾ തീർച്ചയായും ഈസ്റ്റ് ബംഗാളിനേക്കാൾ മികച്ചവരായിരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

സെർജിയോ സിഡോഞ്ചയ്ക്ക് ഈ സീസണിൽ ഭൂരിഭാഗവും കളിക്കാനാകില്ല. അദ്ദേഹത്തിന് പകരമായി മറ്റൊരു മിഡ്ഫീൽഡർ താരവുമായി ക്ലബ് കരാർ ഒപ്പുവച്ചെന്നും ക്വറന്റിൻ നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ അദ്ദേഹം കളത്തിലിറങ്ങാൻ തയ്യാറാകുമെന്നും വികുന സ്ഥിരീകരിച്ചു. “ഞങ്ങൾക്ക് പകരം താരത്തെ  ലഭിച്ചു. അദ്ദേഹം ക്വറന്റിനിലാണ്. ജനുവരി ആദ്യം മുതൽ അദ്ദേഹം കളത്തിലിറങ്ങും. ” കിബു പറഞ്ഞു.

“ഞങ്ങൾ നാളത്തെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞാൻ ഇപ്പോൾ സീസണിനെക്കുറിച്ച് സംസാരിക്കില്ല. ഞങ്ങൾക്ക് ഞങ്ങളുടെ ലക്ഷ്യങ്ങളുണ്ട്. പക്ഷേ നാളെ മൂന്ന് പോയിന്റുകൾ നേടാനും തുടർന്ന് മുംബൈ സിറ്റിക്കെതിരെയും അതാവർത്തിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാ കളിയും ബുദ്ധിമുട്ടുള്ളവയാണ്. ഹൈദരാബാദ് നന്നായി കളിക്കുന്ന ടീമാണ്. മുംബൈയ്‌ക്കെതിരെ അവർ നന്നായി കളിച്ചു. ഞങ്ങളും നന്നായി പരിശീലിക്കുന്നു. ഞങ്ങൾ സ്വയം മെച്ചപ്പെടുകയും മുന്നോട്ട് പോകുകയും ചെയ്യുന്നു. നാളെ ഞങ്ങൾ ഒരു നല്ല മത്സരം കളിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ”

"എടികെ മോഹൻ ബഗാനെതിരായ ആദ്യ മത്സരം ഞങ്ങൾ നന്നായി കളിച്ചു. വളരെ കുറച്ച് അവസരങ്ങളുള്ള ഒരു ഗെയിമായിരുന്നു അത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ, ആദ്യ പകുതിയിൽ ഞങ്ങൾ നന്നായി കളിച്ചു. ഈസ്റ്റ് ബംഗാളിനെതിരെയായിരുന്നു രണ്ടാം പകുതിയിൽ ഞങ്ങൾ മികച്ച രീതിയിൽ കളിച്ചു. എന്നാൽ ഞങ്ങൾ 90 മിനിറ്റ് പൂർണമായും നന്നായി ചെയ്യുവാൻ ഞങ്ങൾക്ക് കഴിയണം. മുഴുവൻ സമയമത്സരവും നന്നായി കളിച്ചതിന് ശേഷം സന്തോഷമായിരിക്കാൻ കഴിയുന്ന ആ മത്സരത്തിനായി ഞാൻ കാത്തിരിക്കുകയാണ് ”വിക്യൂന കൂട്ടിച്ചേർത്തു.

ഇരു ടീമുകളും ഇതുവരെ ആറു മത്സരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. മൂന്നു സമനിലകളും മൂന്നു തോൽവിയുമാണ് ആറു  മത്സരങ്ങളിൽ നിന്നായി കേരളബ്ലാസ്റ്റേഴ്സ് നേടിയത്. എന്നാൽ രണ്ടു ജയവും മൂന്നു സമനിലയും ഒരു തോൽവിയുമാണ് ഹൈദരാബാദിന്റെ ഏഴാം സീസണിലെ സമ്പാദ്യം. രണ്ടു മത്സരത്തിലെ വിജയം ഹൈദരാബാദിന് ആത്മവിശ്വാസം നൽകുമെങ്കിലും അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് രണ്ടു ഗോളുകൾക്ക് ഹൈദരാബാദ് എഫ്സി തോൽവി വഴങ്ങിയിരുന്നു. അതേസമയം ആറു  മത്സരങ്ങളിൽ വിജയം നേടാനാകാത്തത് ബ്ലാസ്റ്റേഴ്സിനെ കൂടുതൽ അക്രമണകാരികളാക്കും. കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചടുത്തോളം ഇന്നത്തെ മത്സരം അഭിമാന പോരാട്ടം തന്നെയാണ്.