മാർച്ച് 30 ശനിയാഴ്ച വൈകുന്നേരം ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ മത്സരത്തിൽ ജംഷഡ്പൂർ എഫ്സി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയോട് ഏറ്റുമുട്ടി. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി മത്സരം സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ ജംഷെഡ്പൂരിനായി ഹാവിയർ സിവേറിയോയും കേരളാ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമെന്റാക്കോസും ഗോളുകൾ നേടി

മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്പങ്കെടുത്തു

"ഒരു വശം നോക്കുമ്പോൾ ഞാൻ തൃപ്തനാണ്. കാരണം ഇത് പോസിറ്റീവ് റിസൾട്ട് ആണ്. കഴിഞ്ഞ കാലയളവിൽ ഞങ്ങൾക്ക് ചില മോശം റിസൾട്ട് ഉണ്ടായിരുന്നു. ഞങ്ങൾ ചില മത്സരങ്ങളിൽ പരാജയപ്പെട്ടു. മുൻപ് ഞങ്ങൾ പ്ലേ ഓഫിൽ നിന്ന് യോഗ്യത നേടുന്നതിൽ നിന്ന് അകലെയായിരുന്നു. കളിക്കാരുടെ അഭാവം, മറ്റുള്ള പല കാര്യങ്ങൾ ഞാൻ ഒഴിവുകഴിവായി പറയുന്നില്ല."അദ്ദേഹം പറഞ്ഞു

"തുടർച്ചയായ മൂന്നാം തവണയും പ്ലേ ഓഫിൽ കയറാൻ സാധിക്കുമെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇത് ടീമിന്റെ ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്തതാണ്. കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കുന്ന എല്ലാവർക്കും ഞങ്ങൾ മികച്ചവർക്കൊപ്പമാണെന്നുള്ള വികാരം ഉണ്ടായിരിക്കണം. ഒരു പരിശീലകനെന്ന നിലയിൽ ഞാൻ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു

"മറുവശം ചിന്തിച്ചാൽ ഇന്ന് ഇരു ടീമിലും ഇരു വശത്തും കളിച്ച കളിക്കാരെ ഞാൻ അഭിനന്ദിക്കുന്നു. ഇത്രയും ചൂടുള്ള കാലാവസ്ഥയിലും ഇത്ര നന്നായി കളിച്ച അവരെ ഞാൻ അഭിനന്ദിക്കുന്നു. അവസ്ഥ കളിക്കാർക്ക് വളരെ കഠിനമായിരുന്നു. എങ്കിലും അവർ ഇന്ന് മികച്ചതായിരുന്നു. ബ്രേക്കിന് ശേഷമുള്ള മത്സരങ്ങൾ ഇത്ര തീവ്രതയോടെ കളിയ്ക്കാൻ എളുപ്പമല്ല. എല്ലാ കളിക്കാരും ഇന്ന് നന്നായി പരിശ്രമിച്ചു."

"ഞങ്ങൾ അവസരങ്ങൾ സൃഷ്ടിച്ചു. ഞങ്ങൾ ജയിക്കേണ്ടതായിരുന്നു. എതിർ ടീമും അവസരങ്ങൾ സൃഷ്ടിച്ചു. വ്യക്തിഗത പിഴവുകളും മോശം തീരുമാനങ്ങൾ എടുക്കുന്നത് നമ്മളെ നിരാശരാക്കും. ഇന്ന് പ്രത്യേകിച്ചും അവസാന പത്തു മിനിറ്റിൽ സംഭവിച്ചത്. ഇത്തരത്തിൽ അവിശ്വസനീയമായ രീതിയിൽ പിഴവുകൾ വരുത്തുന്നത് ഒന്നുമില്ലായ്മയിൽ നിന്ന് പോലും എതിർ ടീമുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കാനുള്ള സാഹചര്യം ഒരുക്കും." അദ്ദേഹം അഭിപ്രായപ്പെട്ടു

ഇരു ടീമുകൾക്കും വിജയം അനിവാര്യമായ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെയാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. ഇരുപത്തിമൂന്നാം മിനിറ്റിൽ ബോക്സിനു മധ്യത്തിൽ നിന്ന് ജസ്റ്റിന്റെ പാസിൽ ദിമിത്രിയോസ് ദയമെന്റക്കൊസ് നൽകിയ ഇടം കാൽ ഷോട്ട് വലയുടെ വലതുമൂല തുളച്ചതോടെ കേരളാ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. മത്സരത്തിന്റെ ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ ഫ്രീ കിക്കിൽ നിന്നാണ് രണ്ടാം ഗോൾ പിറന്നത്. ബോക്സിനു മധ്യത്തിൽ നിന്ന് ഹാവിയർ സിവേറിയോയുടെ ഷോട്ട് നെറ്റിന്റെ മധ്യഭാഗം തുളച്ചു. മത്സരം സമനിലയിലായി

രണ്ടാം പകുതിയിൽ ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മറ്റൊരു ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കുമായില്ല. അറുപത്തിയൊന്നാം മിനിറ്റിൽ രാഹുലിന്റെ ഷോട്ടും തൊണ്ണൂറാം മിനിറ്റിൽ മറ്റൊരു ശ്രമവും പരാജയപ്പെട്ടതും തൊണ്ണൂറ്റിയഞ്ചാം മിനിറ്റിൽ ദിമിത്രിയോസിന്റെ ഷോട്ട് രെഹനേഷ് തടഞ്ഞതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. അധിക സമയത്തിന് ശേഷം ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ കലാശിച്ചു

നിലവിൽ ഇന്നത്തെ മത്സരത്തിൽ നേടിയ സമനിലയിൽനിന്നുൾപ്പെടെ പത്തൊൻപത് മത്സരങ്ങളിൽ നിന്നായി മുപ്പതു പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി അഞ്ചാം സ്ഥാനത്തും ഇരുപത് മത്സരങ്ങളിൽനിന്ന് ഇരുപത്തിയൊന്ന് പോയിന്റുമായി ജംഷെഡ്പൂർ എഫ്സി ഏഴാം സ്ഥാനത്തും തുടരുന്നു

ഏപ്രിൽ മൂന്നിന് കൊച്ചിയിൽ നടക്കുന്ന ഇരുപതാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാൾ എഫ്സിയെ നേരിടും. മത്സരത്തിൽ ജയമോ സമനിലയോ നേടാനായാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാം!