മാർച്ച് രണ്ടിന് ബംഗളുരുവിലെ ശ്രീ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ പതിനേഴാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിട്ടു. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു എഫ്‌സി വിജയം സ്വന്തമാക്കി. ആവേശകരായ മത്സരത്തിന്റെ അവസാന മിനിറ്റിൽ ജാവിയർ ഹെർണാണ്ടസാണ് ബെംഗളൂരു എഫ്‌സിക്കായി ഗോൾ നേടിയത്.

മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ ഇവാൻ വുകോമനോവിച്ച് പങ്കെടുത്തു.

"ഇത്തരത്തിൽ തോൽവി വഴങ്ങുന്നത് തീർച്ചയായും നിരാശാജനകമാണ്. പ്രത്യേകിച്ചും അവസാന നിമിഷങ്ങളിൽ. കളിക്കാർ അവരുടെ പരമാവധി പരിശ്രമിച്ചു, അവരാൽ സാധിക്കുന്നതെല്ലാം നൽകി. ഒരു പരിശീലകനെന്ന നിലയിൽ അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. മറുവശത്ത്, ഇത്തരം കളികൾ കൂടുതൽ അവസരങ്ങൾ ലഭിക്കാത്ത വിധത്തിൽ കടുപ്പമുള്ളതായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എതിരാളിയെ അപകടകരമായ അവസരങ്ങൾ സൃഷ്ടിക്കാൻ അനുവദിക്കാത്ത തരത്തിൽ ഇരു ടീമുകളും ആ സുരക്ഷയും ഒതുക്കമുള്ള ലൈനുകളും നിലനിർത്താൻ ശ്രമിച്ചു.” അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

“ആദ്യ പകുതിയുടെ ആദ്യ ഭാഗത്തിൽ പോലും ഞങ്ങൾ കുറച്ച് കഷ്ടപ്പെട്ടു, പിച്ചിൽ ഞങ്ങളുടെ ഗ്രിപ്പ് കണ്ടെത്താൻ ശ്രമിച്ചു. പിന്നീട്, ആദ്യത്തെ വാട്ടർ ബ്രേക്കിന് ശേഷം, അല്ലെങ്കിൽ അതിനുമുമ്പുതന്നെ, ആഗ്രഹിച്ച ചില ചലനങ്ങളും മറ്റുചില കാര്യങ്ങൾ ആഗ്രഹിച്ച തരത്തിൽ അവസാനിപ്പിക്കാനും ഞങ്ങൾക്കായി. ആദ്യ പകുതിയുടെ അവസാനം, ഞങ്ങൾ യഥാർത്ഥത്തിൽ ആഗ്രഹിച്ച അവസ്ഥയിലായിലേക്കെത്തി. രണ്ടാം പകുതിയിൽ, തുടക്കത്തിൽ, ഞങ്ങൾ കുറച്ചുകൂടി മികച്ചതായിരുന്നു. ഞങ്ങളുടെ എതിരാളിയേക്കാൾ മികച്ച പ്രകടനം നടത്തി. എന്നാൽ ഇത്തരം ടീമുകൾക്കെതിരെ ഇത്തരം മത്സരങ്ങൾ കളിക്കുമ്പോൾ... അത് കടുപ്പമായിരിക്കും. ഇത്തരത്തിലുള്ള ഗെയിമുകളിൽ നിങ്ങൾക്ക് ഇരുപത് അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് പ്രതീക്ഷിക്കാനാകില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.

"അവരുടെ ഗോൾകീപ്പർ, പ്രതിരോധ നിര മുതൽ മിഡ്ഫീൽഡ് വരെ, ദേശീയ ടീമിനായി അവരുടെ അഞ്ചോ ആറോ (കളിക്കാർ ദേശീയ ടീമിന്റെ ആരംഭനിരയിൽ ഉള്ളവരാണ്. നല്ലതും നിലവാരമുള്ളതുമായ വിദേശ കളിക്കാരെക്കൂടി അവർക്കൊപ്പം കൂട്ടിച്ചേർക്കുമ്പോൾ, അതൊരു വളരെ മികച്ച ടീമാകും. ഇത്തരത്തിലുള്ള സാഹചര്യത്തിൽ ഞങ്ങളവരെ അഭിമുഖീകരിക്കുമ്പോൾ, അത് കഠിനമായിരിക്കുമെന്നറിയാം. ഞങ്ങൾക്ക് ഞങ്ങളുടെതായ അവസരങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾക്കും കുറച്ച് നിമിഷങ്ങൾ (സ്കോർ ചെയ്യാൻ) ലഭിച്ചു.” അദ്ദേഹം പറഞ്ഞു.

“എല്ലാത്തിനുമൊടുവിൽ, കളി തോറ്റത് നിരാശാജനകമാണ്. നമുക്ക് കൂടുതൽ എന്തെങ്കിലും ലഭിക്കുമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇന്നുറങ്ങുകയും വീണ്ടും പരിശ്രമം തുടരുകയും ചെയ്യും. മുൻനിര ടീമുകൾക്കൊപ്പം തുടരാനും പ്ലേഓഫിൽ കടക്കാനും ഞങ്ങൾക്ക് അഞ്ച് മത്സരങ്ങൾ കൂടി ശേഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.

മത്സരത്തിലുടനീളം ഒരൽപം മുൻ‌തൂക്കം ബെംഗളുരുവിന് ഉണ്ടായിരുന്നുവെന്നുവേണം പറയാൻ. ബോൾ പൊസഷനിലും പാസിംഗ് ആക്യുറസിയിലുമെല്ലാം ബെംഗളൂരു മുന്നിട്ടു നിന്നു. ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിലും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകൾക്കുമായില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ അവസാനം എൺപത്തിയൊമ്പതാം മിനിറ്റിലാണ് വിജയ ഗോൾ പിറന്നത്. ബെംഗളൂരു താരം ശിവാൽദോ സിംഗിന്റെ അസിസ്റ്റിൽ ജാവി ഹെർണാണ്ടസ് ബോക്‌സിന്റെ മധ്യഭാഗത്ത് നിന്ന് വലത് കോണിലേക്ക് നൽകിയ വലം കാൽ ഷോട്ട് വലതുളച്ചു. ഇഞ്ചുറി ടൈമിന് ശേഷം ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു എഫ്‌സി വിജയം സ്വന്തമാക്കി. ബെംഗളൂരു എഫ്‌സിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. വിജയത്തോടെ ബെംഗളൂരു എഫ്‌സിയുടെ പ്ലേ ഓഫ് സാധ്യതകൾ സജീവമായി.

മത്സരവിജയത്തോടെ പതിനെട്ടു മത്സരങ്ങളിൽ നിന്നായി ഇരുപത്തിയൊന്ന് പോയിന്റുകൾ നേടിയ ബെംഗളൂരു എഫ്‌സി റാങ്കിങ്ങിൽ മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കുയർന്നു. മാർച്ച് പതിമൂന്നിന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.