ഇന്ത്യൻ സൂപ്പർ ലീഗ് 2023–24 സീസൺ നിർണായക ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ലീഗ് ഷീൽഡിനായും പ്ലേ ഓഫ് പ്രവേശനത്തിനായും കഠിനമായ മത്സരമാണ് ഓരോ ടീമുകളും തമ്മിൽ നടക്കുന്നത്. പതിവുകൾ തെറ്റിച്ച സീസൺ പത്തിൽ പല പ്രതീക്ഷകളും അസ്ഥാനത്തായപ്പോൾ ചില ടീമുകൾ അപ്രതീക്ഷിത നേട്ടങ്ങൾ സ്വന്തമാക്കി, ചരിത്രം തിരുത്തിയെഴുതി

എഫ്സി ഗോവയുടെ 12 മത്സരങ്ങളിലെ അപരാജിത കുതിപ്പ് മുതൽ ഹൈദരാബാദ് എഫ്സിയുടെ 18 മത്സരങ്ങളിലെ വിജയം നേടാനാകാത്ത യാത്രയും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം ഗ്രൗണ്ടിലെ ജൈത്രയാത്രയുമുൾപ്പെടെ ഐഎസ്എൽ പത്താം സീസൺ ആരംഭം മുതൽ അവസാനം വരെ സംഭവബഹുലമാണ്.

സെപറ്റംബറിൽ ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിൽ കഴിഞ്ഞ ആറ് മാസങ്ങളിലായി കളിച്ച 112 മത്സരങ്ങളിൽ നിന്നായി 294 ഗോളുകൾ പിറന്നു, ഒരു മത്സരത്തിൽ ശരാശരി 2.62 ഗോളുകൾ. ഗോളുകളുടെ പിറവിയിൽ താരതമ്യേന ഉയർന്ന വ്യക്തിഗത പങ്കാളിത്തം വഹിച്ച താരങ്ങളെക്കുറിച്ചും ബന്ധപ്പെട്ട കണക്കുകളുമാണ് ലേഖനത്തിൽ പങ്കുവെക്കുന്നത്.

ഡിമിട്രിയോസ് ഡയമന്റകോസ് - 15 (12 ഗോളുകൾ, 3 അസിസ്റ്റ്)

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഫോർവേഡ് താരമായ ഡിമിട്രിയോസ് ഡയമന്റകോസ്, ലീഗ് ഘട്ടം പൂർത്തിയാക്കാൻ ഇനിയും നാലു മത്സരങ്ങൾ ബാക്കിനിൽക്കെ മുൻവർഷത്തെ ഏറ്റവും ഉയർന്ന വ്യക്തിഗത ഗോൾ സ്കോറർ നേട്ടത്തിനൊപ്പമെത്തി. സീസണിൽ ഇതുവരെ 15 മത്സരങ്ങളിൽ ടീമിനായി കളത്തിലിറങ്ങിയ താരം 10 മത്സരങ്ങളിൽ ഗോളുകൾ നേടി. ഇതിൽ യഥാക്രമം ചെന്നൈയിൻ എഫ്സി, എഫ്സി ഗോവ, മോഹൻ ബഗാൻ എസ്ജി എന്നീ ടീമുകൾക്കെതിരെ ഒരു മത്സരത്തിൽതന്നെ രണ്ടുവീതം ഗോളുകൾ നേടി.

പരിക്ക് മൂലം സീസൺ നഷ്ടമായ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സ് നിരയിലെ നിർണായക സാന്നിധ്യമായി മാറിയ ഡയമെന്റക്കൊസ് അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്. സീസണിലിതുവരെ 12 ഗോളുകളും 3 അസിസ്റ്റുകളും നേടിയ ഡയമെന്റക്കൊസ് സീസണിൽ ലീഗിൽ ഇതുവരെ ഏറ്റവുമധികം ഗോൾ പങ്കാളിത്തം നേടിയ താരമായി മാറി. ഒപ്പം ബ്ലാസ്റ്റേഴ്സിനായി ടീമിനായി ഏറ്റവും കൂടുതൽ അവസരങ്ങളും (20) സൃഷ്ടിച്ചു. തുടർച്ചയായി മൂന്നാം സീസണിലും പ്ലേഓഫ് പ്രവേശനത്തിലേക്ക് ഉറ്റുനോക്കിയ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷകൾക്ക് കരുത്തായി ദിമിത്രിയോസ് ഡയമെന്റക്കൊസ്.

റോയ് കൃഷ്ണ - 13 (12 ഗോളുകൾ, 1 അസിസ്റ്റ്)

എടികെ എഫ്സിക്കൊപ്പം 2019- ലീഗിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ഇതുവരെ 54 ഗോളുകൾ നേടിയ റോയ് കൃഷ്ണ ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരുടെ നിരയിൽ മൂന്നാമനാണ്. കാലത്തിനനുസരിച്ചും ലീഗിലെ മാറ്റങ്ങൾക്കനുസരിച്ചും സ്വയം  മെച്ചപ്പെട്ടു മുന്നേറിയ താരം തന്റെ പുതിയ ക്ലബ്ബായ ഒഡീഷ എഫ്സിക്കായി സെർജിയോ ലൊബേറയുടെ കീഴിൽ മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്.

കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സിയിൽ ഇതുവരെയുള്ളതിനെ അപേക്ഷിച്ച് ശരാശരി പ്രകടനം കാഴ്ചവച്ച താരം ഒഡിഷ എഫ്സിയിൽ അവിശ്വസനീയമായ ഫോമിലാണ്. പത്താം സീസണിലിതുവരെ 18 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടിയ റോയ് കൃഷ്ണ ഒരു അസിസ്റ്റും 30 അവസരങ്ങളും സൃഷ്ടിച്ചു.

മദിഹ് തലാൽ - 12 (4 ഗോളുകൾ, 8 അസിസ്റ്റ്)

അരങ്ങേറ്റ സീസണിൽ തന്നെ പ്ലേ ഓഫിൽ ഇടം നേടാനുള്ള കുതിപ്പിലാണ് പഞ്ചാബ് എഫ്സി. പ്രയാണത്തിൽ പഞ്ചാബിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് മദിഹ് തലാൽ. പത്താം സീസണിൽ ഇതുവരെ ആക്രമണകാരിയായ മിഡ്ഫീൽഡർ സ്വന്തമാക്കിയത്  സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരമെന്ന റെക്കോർഡാണ്. ടീമിനായി എട്ട് അസിസ്റ്റുകൾ നേടിയ താരം നാല് ഗോളുകളും നേടി

ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 പത്താം സീസണിന്റെ രണ്ടാം പകുതിയിലെ തന്റെ ടീമിന്റെ മുന്നേറ്റത്തിൽ മദിഹ് തലാൽ നിർണായക പങ്ക് വഹിച്ചു. അവസരങ്ങൾ സൃഷ്ടിക്കാനും സമയോചിതമായി പൂർത്തിയാക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് പഞ്ചാബ് എഫ്സിക്ക് മുതൽക്കൂട്ടായി

ജേസൺ കമ്മിംഗ്സ് - 11 (9 ഗോളുകൾ, 2 അസിസ്റ്റ്)

അന്റോണിയോ ഹബാസിന്റെ കീഴിൽ മികച്ച ഫോമിലാണ് ഓസ്ട്രേലിയൻ താരം ജേസൺ കമ്മിംഗ്സ്. സീസണിലിതുവരെ 977 കളിച്ച താരം ടീമിനായി ഒൻപത് ഗോളുകൾ നേടിയ താരം രണ്ടു അസിസ്റ്റുകളും ടീമിനായി നേടി നൽകി. ഐഎസ്എൽ ലീഗ് ഷീൽഡ് നേടാനുള്ള മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിന്റെ പ്രയത്നങ്ങൾക്ക് ജേസൺ കമ്മിംഗ്സിന്റെ മികച്ച പ്രകടനം മുതൽക്കൂട്ടായി. മോഹൻ ബഗാൻ എസ്ജിയുടെ അവസാന മൂന്ന് മത്സരങ്ങളിലും താരം ഓരോ ഗോൾ വീതം നേടി.

ദിമിത്രി പെട്രാറ്റോസ് - 11 (8 ഗോളുകൾ, 3 അസിസ്റ്റ്)

പതിവിനു സമാനമായി ദിമിത്രി പെട്രാറ്റോസ് തന്റെ എക്കാലത്തെയും പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലും മുന്നേറുന്നത്. ക്ലബ്ബിനായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന താരത്തിന്റെ പ്രകടനം നിരവധി ബുദ്ധിമുട്ടുള്ള അവസരങ്ങളിൽ ഗോളുകൾ നേടാനും പ്രധാനപ്പെട്ട പോയിന്റുകൾ നേടാനും മോഹൻ ബഗാൻ എസ്ജിയെ സഹായിച്ചു

ഗോൾ നേട്ടത്തിനൊപ്പം ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച താരങ്ങളുടെ പട്ടികയിലും പെട്രാറ്റോസ് മൂന്നാം സ്ഥാനത്താണ്. പരിക്കിൽ നിന്ന് മടങ്ങിയതിയതിനു ശേഷം മികച്ച ഫോമിലുള്ള പെട്രാറ്റോസ് തന്റെ അവസാന 10 മത്സരങ്ങളിൽ നിന്നാണ് എട്ട് ഗോളുകൾ നേടിയത്.