ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സ്പാനിഷ് താരം സെർജിയോ സിഡോഞ്ചയുടെ പകരക്കാരനെ സ്വന്തമാക്കിയ വിവരം ഔദ്യോഗീകമായി പ്രഖ്യാപിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ്. സിഡോയുടെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരിക്കുന്നത് മറ്റൊരു സ്പാനിഷ് താരമായ ജുവാണ്ടെ ലോപ്പസിനെയാണ്.

"രാജ്യമെമ്പാടും മികച്ച ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പോലുള്ള ഒരു മികച്ച ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഈ അവസരത്തിന് ക്ലബ് മാനേജ്‌മെന്റിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഒപ്പം എന്റെ ടീമംഗങ്ങളോടും കോച്ചിംഗ് സ്റ്റാഫിനോടും ഒപ്പം ചേരാനായി ഞാൻ അക്ഷമനായി കാത്തിരിക്കുന്നു ” സൈഗിംഗിനെക്കുറിച്ച് ജുവാണ്ടെ പ്രതികരിച്ചു.

"സിഡോയ്ക്ക് പകരക്കാരനായിയെത്തുന്ന പരിചയസമ്പന്നനായ കളിക്കാരനാണ് ജുവാണ്ടെ. അദ്ദേഹത്തിന്റെ അനുഭവവും പക്വതയും അദ്ദേഹം നമുക്കായി ടീമിലേക്ക് കൊണ്ടുവരും. മിഡ്‌ഫീൽഡിലുടനീളം വ്യത്യസ്ത റോളുകൾ ചെയ്യാൻ കഴിയുന്ന കളിക്കാരനാണ് അദ്ദേഹം. അദ്ദേഹം വൈകിയാണ് ടീമിന്റെ ഭാഗമാകുന്നതെങ്കിലും മറ്റു താരങ്ങളിൽ തന്റെ നേതൃത്വപരമായ കഴിവുകൾ അദ്ദേഹം കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” സൈഗിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പറഞ്ഞു.

34 വയസ്സ് പ്രായമുള്ള ജുവാണ്ടെ ലോപ്പസിന്റെ പ്രധാന പൊസിഷൻ ഡിഫൻസീവ് മിഡ്ഫീൽഡ് ആണെങ്കിലും സെന്റർ മിഡ്ഫീൽഡ് പൊസിഷനിലും ഇദ്ദേഹം കളിക്കാറുണ്ട്. നിലവിൽ ഫ്രീ ഏജന്റായ താരം അവസാനമായി കളിച്ചത് ഓസ്ട്രേലിയൻ എ ലീഗ് ക്ലബ്ബായ പെർത്ത് ഗ്ലോറിക്ക് വേണ്ടിയാണ്. ദേശീയ തലത്തിൽ സ്പെയിനിന്റെ അണ്ടർ-21 ടീമിലും അദ്ദേഹം കളിച്ചിട്ടുണ്ട്. സ്പാനിഷ് വംശജനായ താരം ലാ ലീഗ വമ്പന്മാരായ റിയൽ ബെറ്റിസിന്റെ അക്കാദമിയിലൂടെ വളർന്നെത്തിയ താരമാണ്.

2005-ൽ റിയൽ ബെറ്റിസിന്റെ റിസർവ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജുവാണ്ടെ ലോപ്പസ് രണ്ടു വർഷത്തോളം റിസർവ് ടീം ജേഴ്സിയിൽ തിളങ്ങുകയും അധികം വൈകാതെ തന്നെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. പിന്നീട് തുടർച്ചയായ നാല് വർഷത്തോളം റിയൽ ബെറ്റിസിനായി കളത്തിലിറങ്ങിയ താരം അറുപതിലേറെ മത്സരങ്ങളിൽ ബൂട്ടു കെട്ടി. 2011-ൽ ഇദ്ദേഹത്തെ സ്പാനിഷ് ക്ലബ്ബായ ഗ്രാനഡയിലേക്ക് ലോണിൽ അയച്ചു. ഒരു വർഷത്തെ ലോൺ കാലാവധിക്ക് ശേഷം സ്പെയിൻ വിട്ട താരം ബെൽജിയൻ ലീഗിന്റെ ഭാഗമായി. അവിടെ വെസ്റ്റർലോ എന്ന ക്ലബ്ബുമായി അദ്ദേഹം കരാർ ഒപ്പു വെച്ച താരം ഒരു വർഷം അവിടെ കളിച്ച ശേഷം സ്പെയിനിലേക്ക് മടങ്ങുകയും  സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബ്ബായ എസ്ഡി പോൺഫെറാഡിനയിൽ ചേരുകയും ചെയ്തു. രണ്ടു വർഷത്തോളം അവിടെ തുടർന്ന താരം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

 2014-ൽ അദ്ദേഹം ഇറ്റാലിയൻ ക്ലബ്ബായ സ്പെസിയ കാൽസിയോയിൽ എത്തി. നാലു വർഷത്തോളം ക്ലബ്ബിന്റെ ഭാഗമായിരുന്ന താരം ഒരു വർഷം സ്പാനിഷ് ക്ലബ്ബായ മുർസിയക്ക് വേണ്ടി ലോൺ വ്യവസ്ഥയിലും കളിച്ചു. 2018-ൽ ഓസ്ട്രേലിയൻ എ ലീഗ് ക്ലബ്ബായ പെർത്ത് ഗ്ലോറിയുമായി രണ്ടു വർഷത്തെ കരാർ ഒപ്പു വെച്ച ജൂവാണ്ട ലോപ്പസ് 2018-19 സീസണിൽ ക്ലബ്ബിനോടൊപ്പം എ ലീഗ് പ്രീമിയർ കിരീടം സ്വന്തമാക്കി.  എ ലീഗിൽ 43 മത്സരങ്ങൾ കളിച്ച താരം 2 ഗോളുകളും സ്വന്തം പേരിൽ കുറിച്ചു.

ഒരു പക്കാ ഡിഫൻസീവ് മിഡ്ഫീൽഡർ എന്ന് നമുക്ക് വിശേഷിപ്പിക്കാവുന്ന ജുവാണ്ടെ ലോപ്പസ് മികച്ച സാങ്കേതീക മികവുള്ള കായികക്ഷമതയുള്ള താരമാണ്. ഹെഡർ ഗോളുകൾ നേടാൻ മിടുക്കനായ താരം മാൻ ടു മാൻ മാർക്കിംഗിലും, പാസിംഗ് കൃത്യതയിലും അഗ്രഗണ്യനാണ്. കളിക്കളത്തിലെ ക്ലിയർ ടാക്കിളുകൾക്ക് പേരു കേട്ട താരം കൂടിയാണ് ജുവാണ്ടെ. എതിരാളികളുടെ കൗണ്ടർ അറ്റാക്കുകൾ ഏതു വിധേനയും തടയുന്ന താരത്തിന് കളിച്ച ഭൂരിഭാഗം മത്സരങ്ങളിലും മികച്ച വർക്ക് റേറ്റ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏത് സമ്മർദ്ദ ഘട്ടത്തിലും കളി നിയന്ത്രിക്കാൻ വിദഗ്ധനാണ് ജുവാണ്ടെ.

34 വയസ്സ് പ്രായമുണ്ടെങ്കിലും 90 മിനിറ്റും കളം നിറഞ്ഞു കളിക്കാൻ സാധിക്കുന്ന ഒരു മിഡ്ഫീൽഡ് എൻജിൻ തന്നെയാണ് ജുവാണ്ടെ ലോപ്പസ് എന്ന ഈ സ്പാനിഷ് താരം. ഇദ്ദേഹത്തിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിൽ ഡിഫൻസീവ് മിഡ്ഫീൽഡ് പൊസിഷനിൽ കളിക്കുന്ന വിസെന്റെ ഗോമസിന് കളിക്കളത്തിൽ കൂടുതൽ സ്വതന്ത്രമായി കളിക്കാനും, ആക്രമണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രാപ്തനാക്കും. ജുവാണ്ടെ ലോപ്പസിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകുമെന്നുറപ്പാണ്.