സൂപ്പർ കപ്പ് അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ പരാജയപ്പെടുത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി.

ഇരു ടീമുകളും ടൂർണമെന്റിൽ നിന്ന് മുൻപുതന്നെ പുറത്തായിരുന്നു. മത്സരവിജയത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി കലിംഗ സൂപ്പർ കപ്പ് 2024 തുടർച്ചയായ വിജയങ്ങളോടെ അവസാനിപ്പിച്ചു. പാർത്ഥിബ് ഗൊഗോയ്, മുഹമ്മദ് അലി ബെമാമർ, റിഡീം ത്ലാങ്, ജിതിൻ എംഎസ് എന്നിവരുടെ ഗോളിലാണ് നോർത്ത് ‌ഈസ്റ്റ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ വിജയിച്ചത്. ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സിനായി ആശ്വാസ ഗോൾ നേടി. 4-1നാണ് നോർത്ത് ഈസ്റ്റിന്റെ വിജയം.

കിക്കോഫിന് തൊട്ടുപിന്നാലെ ഗോഗോയിയുടെ ആദ്യ ഗോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഡ് നേടി. പിന്നീട് ഇരുടീമുകൾക്കും ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ഒരു ഗോളിന്റെ ലീഡിലാണ് ആദ്യ പകുതി അവസാനിച്ചത്.

ലീഡ് ഇരട്ടിയാക്കാനുള്ള വ്യഗ്രതയിൽ ജുവാൻ പെഡ്രോ ബെനാലിയുടെ ടീം ആക്രമണ നീക്കങ്ങൾ തുടർന്നു. ലോ-ഡ്രൈവ് ഫ്രീകിക്കിലൂടെ ബെമമ്മറാണ് രണ്ടാം ഗോൾ കണ്ടെത്തിയത്.
എഴുപതാം മിനിറ്റിൽ ദിമിട്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിനായി ഒരു ഗോൾ മടക്കിയെങ്കിലും മത്സരമവസാനിക്കും മുൻപ് നോർത്ത് ഈസ്റ്റ് രണ്ട് ഗോളുകൾ കൂടി നേടി മികച്ച ലീഡോടെ വിജയം നേടിയപ്പോൾ മത്സരത്തിലേക്ക് മടങ്ങിയെത്താൻ കേരളാ ബ്ലാസ്റ്റേഴ്സിനായില്ല.

ബോക്‌സിന് പുറത്തുനിന്നുള്ള തന്റെ ശക്തമായ സ്‌ട്രൈക്കിലൂടെ 75ആം മിനിറ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടി ത്ലാങാണ് രണ്ട് ഗോളിന്റെ ലീഡ് തിരിച്ചുപിടിച്ചത്. 80-ആം മിനിറ്റിൽ സച്ചിൻ സുരേഷിനെ ഡ്രിബ്ലിങ്ങിലൂടെ മറികടന്ന ജിതിൻ പന്ത് ഒഴിഞ്ഞ വലയിലേക്ക് കയറ്റി മൂന്നു ഗോളുകളുടെ ലീഡ് നേടിയതോടെ നോർത്ത് ഈസ്റ്റ് ടീമിന്റെ വിജയം ഉറപ്പിച്ചു.