ഇന്ത്യൻ സൂപ്പർ ലീഗിൽ മാർച്ച് പതിമൂന്നിന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സും ഏറ്റുമുട്ടി. പത്താം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പതിനെട്ടാം മത്സരമായിരുന്നുവിത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ ഒരു ഗോളിന്റെ ലീഡിൽ മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ് വിജയിച്ചു. 

മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമെന്റക്കൊസ് ഇരട്ട ഗോളുകളും വിബിൻ മോഹനൻ ഒരു ഗോളും നേടിയപ്പോൾ മോഹൻ ബഗാൻ താരം അർമാൻഡോ സാദികൂ രണ്ടു ഗോളുകളൂം ദീപക് താങ്ഗ്രി ഒരു ഗോളും ജേസൺ കുമ്മിങ് ഒരു ഗോളും നേടി.

ആരംഭനിര

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, 4-4-2

കരൺജിത് സിംഗ് പർമർ, സൊറൈഷാം സന്ദീപ് സിംഗ്, മിലോസ് ഡ്രിൻചിച്, പ്രീതം കോട്ടാൽ, പ്രബീർ ദാസ്, ഡെയ്സുകെ സകായ്, ജീക്‌സൺ സിംഗ് തൗണോജം, വിബിൻ മോഹനൻ, രാഹുൽ കുന്നോളി പ്രവീൺ, ഡിമിട്രിയോസ് ഡയമന്റകോസ്, ഫെഡോർ സെർണിച്ച്

മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ്, 3-2-4-1

വിശാൽ കൈത്, സുഭാഷിഷ് പ്രൊദ്യുത് ബോസ്, ഹെക്ടർ യുസ്റ്റെ കാന്റൺ, അനിസ അൻവർ അലി, ജോണി എൻസിയോ കൗക്കോ, ദീപക് താംഗ്രി, മൻവീർ സിംഗ്, ദിമിട്രിയോസ് പെട്രാറ്റോസ്, സഹൽ അബ്ദുൾ സമദ്, ആശിഷ് റായ്, അർമാൻഡോ സാദികു

മത്സരത്തിന്റെ നാലാം മിനിറ്റിലാണ് ആദ്യ ഗോൾ ആദ്യ ഗോൾ പിറന്നത്. മോഹൻ ബഗാൻ താരം അൻവർ അലിയുടെ അസിസ്റ്റിൽ അർമാൻഡോ സാദികുവിന്റെ ബോക്സിനു പുറത്തു നിന്നുള്ള വലം കാൽ ഷോട്ട് വലതുളച്ചു. ആദ്യ പകുതിയിൽ മറ്റൊരു ഗോളിനായി ഇരു ടീമുകളും ശ്രമിച്ചു. എങ്കിലും പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ മോഹൻ ബഗാന്റെ ഒരു ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതി നാടകീയ നിമിഷങ്ങളാൽ സമ്പന്നമായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ വിബിൻ മോഹനനാണ് കേരളാ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. രാഹുൽ കെപിയുടെ അസിസ്റ്റിൽ ബോക്സിനു നടുവിൽ നിന്ന് വിബിൻ തൊടുത്ത പന്ത് പോസ്റ്റിനു താഴെ ഇടതു മൂല തുളച്ചു. വെറും ആറു മിനിറ്റിനുള്ളിൽ മൻവീർ സിംഗിന്റെ അസിസ്റ്റിൽ വീണ്ടും അർമാൻഡോ സാദികുവിന്റെ വലം കാൽ ഷോട്ട് പോസ്റ്റിനു താഴെ ഇടതു മൂല തുളച്ചപ്പോൾ മോഹൻ ബഗാൻ ലീഡ് നേടി.

വെറും മൂന്നു മിനിറ്റിനുള്ളിൽ അറുപത്തിമൂന്നാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും സമനില പിടിച്ചു. ഫെഡോർ സെർണിച്ചിന്റെ അസിസ്റ്റിൽ ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്സിനായി സമനില ഗോൾ നേടിയത്.

വെറും അഞ്ചു മിനിറ്റിനുള്ളിൽ അറുപത്തിയെട്ടാം മിനിറ്റിൽ വീണ്ടും മോഹൻ ബഗാൻ ലീഡ് നേടി. ദിമിട്രിയോസ് പെട്രാറ്റോസിന്റെ അസിസ്റ്റിൽ ദീപക് താംഗ്രിയാണ് മോഹൻ ബഗാനായി ഗോൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മോഹൻ ബഗാൻ താരം ജേസൺ കുമ്മിങ്സ് നാലാം ഗോളും നേടി.

രണ്ടു ഗോളിന്റെ ലീഡിൽ മത്സരമവസാനിച്ചുവെന്ന് ഉറപ്പിച്ചു നിൽക്കെ ഇഞ്ചുറി ടൈമിന്റെ ഒൻപതാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി ഡയമെന്റക്കൊസ് ബ്ലാസ്റ്റേഴ്സിനായി മൂന്നാം ഗോളും നേടി.

ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ മൂന്നിനെതിരെ നാലു ഗോളുകൾക്ക് വിജയിച്ച മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മൂന്നു പോയിന്റുകളും സ്വന്തമാക്കി.

ജംഷെഡ്പൂർ എഫ്‌സിക്കെതിരെ മാർച്ച് മുപ്പത്തിനാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.