പത്താം സീസണിന്റെ ആദ്യ പകുതിയിൽ തുടർച്ചയായ വിജയങ്ങളുമായി മുന്നേറിയ കേരളാ ബ്ലാസ്റ്റേഴ്സിൽ പരിക്കുകൾ സൃഷ്‌ടിച്ച പ്രതിസന്ധി വലുതാണ്. എങ്കിലും പ്രതീക്ഷകൾ നിലനിർത്തുന്ന പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്. അതിൽ ടീമിന്റെ പ്രധിരോധനിരയുടെ പങ്ക് ചെറുതല്ല. ടീമിന്റെ ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന പ്രധിരോധനിരയിലെ പ്രധാനിയാണ് മിലോസ് ഡ്രിൻസിക്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് പതിനാലിനാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു വർഷത്തെ കരാറിൽ മോണ്ടിനെഗ്രിൻ താരമായ മിലോസ് കുടിയേറുന്നത്. കൊച്ചിയിൽ സെപ്തംബർ 21-ന് പത്താം സീസൺ ഉദ്‌ഘാടന മത്സരത്തിൽ ബെംഗളുരുവിനെതിരെയാണ് താരം ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചത്, മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് 2-1ന് വിജയിച്ചു. ഒക്ടോബർ എട്ടിന് മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ മിലോസിന് മൂന്ന് മത്സരങ്ങളുടെ സസ്പെൻഷൻ ലഭിച്ചു.

മൂന്നു മത്സരങ്ങൾക്ക് ശേഷം നവംബർ 25-ന് ഹൈദരാബാദിനെതിരായ മത്സരത്തിൽ മടങ്ങിയെത്തിയ താരം ക്ലബിനായി തന്റെ ആദ്യ ഗോൾ നേടി, ആ ഗോൾ ബ്ലാസ്‌റ്റേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയത്തിലേക്ക് നയിച്ചു. ഈ വർഷം സീസണിന്റെ രണ്ടാം പകുതിയിൽ ഫെബ്രുവരി പന്ത്രണ്ടിന് പഞ്ചാബ് എഫ്‌സിക്കെതിരെ അദ്ദേഹം സീസണിലെ തന്റെ രണ്ടാമത്തെ ഗോളും നേടി.

ടീമിന്റെ പ്രധിരോധത്തിൽ ഉറച്ച സാന്നിധ്യമായി മുന്നേറുന്ന താരം മലയാളമനോരമക്ക് നൽകിയ അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ഇതുവരെയുള്ള അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവച്ചു.

ടീമിനൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചും ടീമിലെ സാഹചര്യങ്ങളെക്കുറിച്ചും മിലോസ് സംസാരിച്ചു. കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു സ്വപ്ന ക്ലബ്ബാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ഫുട്ബോൾ ക്ലബ്ബിന്റെ ഭാഗമാകാൻ കഴിഞ്ഞത് വാക്കുകൾക്കതീതമായ വികാരമാണെന്നും തുറന്നു പറഞ്ഞു. "ആരാധകരുടെ ഊർജവും ആവേശവും വളരെ വലുതാണ്. നിറഞ്ഞ ഗാലറി ഹോം മത്സരങ്ങളിൽ അന്തരീക്ഷം സവിശേഷമാക്കുന്നു. എവേ മത്സരങ്ങളിലും ടീമിനൊപ്പം യാത്ര ചെയ്യാൻ നിരവധി ആരാധകരാണുള്ളത്. ഇതും സന്തോഷം തരുന്ന കാര്യമാണ്." അദ്ദേഹം പറഞ്ഞു.

കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ഒരു ഫുട്ബോൾ താരമെന്ന രീതിയിൽ തനിക്ക് ലഭിക്കുന്ന കരിയറിലെ വളർച്ചയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "ഞാൻ ഫുട്ബോൾ ഇഷ്‌ടപ്പെടുന്നു. അത്തരത്തിലുള്ള ഒരു ജീവിതശൈലിയാണ് ഞാൻ മുന്നോട്ടു കൊണ്ടുപോകുന്നതും. എന്റെ യാത്രയുടെ പ്രാരംഭ ഘട്ടത്തിലാണെന്നാണ് ഞാനും വിശ്വസിക്കുന്നത്. ഒരു നീണ്ട കരിയർ ആഗ്രഹിക്കുകയും അത് സാധ്യമാകുമെന്നും പ്രതീക്ഷിക്കുന്നു. ഏഷ്യയിലെ തന്നെ പ്രമുഖ ടീമുകളിലൊന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ഇവിടെ കളിക്കുന്നത് അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കും. വമ്പൻ ക്ലബ്ബുകളൊന്നും ഓഫറുകളുമായി എന്നെ സമീപിച്ചില്ലെങ്കിൽ, വർഷങ്ങളോളം കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഇവിടെ തുടരുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. ക്ലബ്ബിലെ ഒരു ഇതിഹാസമായി മാറാൻ സാധിച്ചാൽ അതൊരു ബഹുമതിയായിരിക്കും."

പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെക്കുറിച്ചും തന്റെ അഭിപ്രായങ്ങൾ അദ്ദേഹം പങ്കുവച്ചു. "ഇവാൻ വുകൊമാനോവിച്ച് വളരെ വലിയൊരു പരിശീലകനും അസാധാരണമായ വ്യക്‌തിത്വവുമാണ്. കളിക്കളത്തിനകത്തും പുറത്തും തന്റെ സഹായം ഉറപ്പാക്കുന്ന വ്യക്‌തിയാണ് കോച്ച്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിനു കീഴിൽ പരിശീലിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. "കൗശലക്കാരനായ' പരിശീലകനാണ് അദ്ദേഹം. ഓരോ മത്സരങ്ങളിലുമുള്ള അദ്ദേഹത്തിന്റെ സമീപനം തന്ത്രപരമായി വ്യത്യസ്തമാണ്. അതു ഞങ്ങൾ കളിക്കാർക്കു കാര്യങ്ങൾ വളരെ എളുപ്പമാക്കുന്നു. ഞാൻ ക്ലബ്ബിനൊപ്പം ചേർന്നതുമുതൽ അദ്ദേഹത്തിനുവേണ്ടി എല്ലാ മത്സരങ്ങളും 90 മിനിറ്റും കളിക്കാൻ സാധിച്ചു. ആ അവസരത്തിന് അദ്ദേഹത്തോട് എനിക്ക് നന്ദിയുണ്ട്."

താനുൾപ്പെടുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രധിരോധ നിര ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച പ്രധിരോധ നിരകളിൽ ഒന്നാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പ്രതിരോധം അതേൽപ്പിക്കപ്പെട്ട നാല് കളിക്കാരുടെ മാത്രം ഉത്തരവാദിത്തമല്ലയെന്നും വ്യക്തമാക്കി. "പ്രതിരോധം അതിന് നിയുക്‌തരായ നാല് കളിക്കാരുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് ഓർമിക്കേണ്ടതു പ്രധാനമാണ്. മുഴുവൻ ടീമും അതിന് പ്രതിജ്‌ഞാബദ്ധമാണ്. നിർഭാഗ്യവശാൽ നിരവധി താരങ്ങളുടെ പരിക്കുകൾ ഞങ്ങൾക്ക് വെല്ലുവിളിയായി. ഇത് സ്‌റ്റാർട്ടിങ് ലൈനപ്പ് എപ്പോഴും മാറുന്നതിനു കാരണമായി. ടീമിന്റെ പ്രകടനത്തിലെ സ്‌ഥിരതയെയും ബാധിക്കുന്നു."

പരിക്ക് ടീമിന്റെ പ്രതിസന്ധിയുടെ പ്രധാന കാരണമാണെന്ന് വ്യക്തമാക്കി. "പരിക്ക് ഒരു വെല്ലുവിളിയാണ്. ചില പ്രധാന കളിക്കാരുൾപ്പെടെ ഞങ്ങളുടെ പല കളിക്കാരും പരിക്കുകൾ കാരണം ടീമിന് പുറത്താണ്, ഇതു ഞങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കുമെന്നതിൽ സംശയമില്ല. പരിക്കേറ്റ താരങ്ങളുടെ അഭാവത്തിൽ ആ വിടവ് നികത്താനും പ്രകടന മികവ് നിലനിർത്താനും ബാക്കിയുള്ളവർ തങ്ങളുടെ നൂറു ശതമാനത്തിലധികം നൽകേണ്ടതുണ്ട്. അതേസമയം, ഈ സാഹചര്യം കൂടുതൽ യുവതാരങ്ങൾക്ക് അവസരം ലഭിക്കുന്നതിലേക്ക് നയിച്ചു. എങ്കിലും നിലവിൽ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു." അദ്ദേഹം പറഞ്ഞു.

കേരളാ ബ്ലാസ്റ്റേഴ്സിന് ഇതുവരെ നേടാനാകാത്ത കിരീടമെന്ന സ്വപ്നത്തെക്കുറിച്ചും ഡ്രിൻസിക് സംസാരിച്ചു. "വിജയിക്കാൻ അവസരമുള്ള ദിവസം വരെ ഞങ്ങൾക്ക് ഈ സ്വപ്നത്തിൽ വിശ്വാസമുണ്ട്. ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾ പ്രതിജ്‌ഞാബദ്ധരായതിനാൽ ഞങ്ങൾ ഓരോ ദിവസവും കഠിനാധ്വാനം ചെയ്യുന്നു. ലക്ഷ്യം സാധ്യമാണെന്ന ഉറപ്പിലാണത്. ഓരോ മത്സരത്തിലേക്ക് അടുക്കുമ്പോഴും ഞങ്ങൾ കൂടുതൽ മെച്ചപ്പെടുകയും ജയിക്കാൻ അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്യുന്നു. അവസാനം വരെ ഞങ്ങളുടെ ഏറ്റവും മികച്ചതു നൽകുകയും ഞങ്ങളുടെ പരിശ്രമങ്ങൾ ആത്യന്തികമായി ഞങ്ങളെ വിജയത്തിലേക്കു നയിക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു." ആത്മവിശ്വാസത്തോടെ മിലോസ് പറഞ്ഞു.