പുതുവർഷത്തിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തിൽ തുടര്‍ച്ചയായ രണ്ടാം വിജയം മോഹിച്ച് കളിക്കാനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ രണ്ടു ഗോളുകൾക്ക് തകര്‍ത്ത് മുംബൈ എഫ്.സി.  ജയത്തോടു കൂടി മുംബൈ സിറ്റി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു.

ബ്ലാസ്റ്റേഴ്സ് ഇന്ന് 4-3-3 ഫോർമേഷനിൽ കളിക്കാനിറങ്ങിയപ്പോൾ മുംബൈ ഇന്ന് 4-2-3-1 ഫോർമേഷനിലാണ് കളിക്കാനിറങ്ങിയത്. അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്ത മലയാളി താരം ഹക്കു ഇന്ന് ആദ്യ ഇലവനിലില്ലായിരുന്നു. രാഹുൽ കെപിയും ഉണ്ടായിരുന്നില്ല. എന്നാൽ രാഹുലിന് പകരമായി പ്യുട്ടിയ ടീമിൽ ഇടം നേടി.

മുംബൈ സിറ്റി എഫ്‌സി (പ്ലേയിംഗ് ഇലവൻ)

അമ്രീന്ദർ സിംഗ് (സി) (ജി കെ), ആമി റനവാഡെ, മൊർതട ഫാൾ, മന്ദർ റാവു ഡെസ്സായി, ബിപിൻ സിംഗ്, റൗളിൻ ബോർജസ്, റെയ്‌നിയർ ഫെർണാണ്ടസ്, ഹ്യൂഗോ ബൗമസ്, ഹെർണാൻ സാന്റാന, അഹമ്മദ് ജഹോ, ആദം ലെ ഫോണ്ട്രെ.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി (പ്ലേയിംഗ് ഇലവൻ)

ആൽബിനോ ഗോമസ് (ജി കെ), കോസ്റ്റ നമോയിൻസു, ജെസ്സൽ കാർനെറോ (സി), നിഷു കുമാർ, സന്ദീപ് സിംഗ്, ജീക്സൺ സിംഗ്, സഹൽ അബ്ദുൾ സമദ്, വിസെൻറ് ഗോമസ്, ലാൽതാംഗ, ഫാകുണ്ടോ പെരേര, ജോർദാൻ മുറെ.

മത്സരം ആരംഭിച്ച് ആദ്യ മിനിറ്റിൽ തന്നെ പെനാലിറ്റി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ പ്രതിസന്ധിയിലാഴ്ത്തി ആദം ലെ ഫോൺട്രേ മുംബൈ സിറ്റിക്കായി ആദ്യ ഗോൾ നേടി. തുടർന്ന് ബോക്സിന് തൊട്ടുവെളിയിൽ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചുവെങ്കിലും വിസെന്റെ ​ഗോമസിന്റെ കിക്ക് പോസ്റ്റിന് മുകളിലൂടെ പറന്നു. മത്സരം ആരംഭിച്ച് പത്താം മിനിറ്റിൽ ഹ്യുഗോ ബൗമസ് മുംബൈക്കായി രണ്ടാമത്തെ ഗോൾ നേടി. 

ആദ്യ പകുതിയിൽ പത്തു മിനിറ്റ് മാത്രം പൂർത്തിയായപ്പോൾ രണ്ടു ഗോളുകളുടെ ലീഡിൽ മുംബൈ മുന്നിലെത്തി. ആദ്യ പകുതിയിൽ 28ആം മിനിറ്റിലെ സഹലിന്റെ ഒരു ഗോൾ ശ്രമം അമരീന്ദർ അനായാസമായി തടഞ്ഞു. നാല്പത്തി രണ്ടാം മിനിറ്റിൽ ജെസ്സലിന്റെ ലോങ്ങ് റേഞ്ച് ഗോൾ ശ്രമം മോർത്തഡേ ഫാൾ ഹെഡ് ചെയ്തകറ്റി. ആദ്യ പകുതി അവസാനിച്ചപ്പോൾ രണ്ടു ഗോളിന്റെ ലീഡിൽ മുംബൈ സിറ്റി മുന്നിൽ.

രണ്ടാം പകുതിയിൽ മെച്ചപ്പെട്ട കളിയാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. 56ആം മിനിറ്റിൽ മുറയുടെ ഒരു ഗോൾ ശ്രമം വല തുളച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു. അറുപത്തിയൊന്നാം മിനിറ്റിൽ പ്യൂട്ടിയക്കു പകരം രാഹുൽ കെപി കളത്തിലിറങ്ങി. എഴുപത്തിയൊന്നാം മിനിറ്റിൽ മുംബൈക്കനുകൂലമായി വീണ്ടും പെനാലിറ്റി. എന്നാൽ ആൽബിനോ ​ഗോമസ് തകർപ്പൻ ഡൈവിലൂടെ പെനാൽട്ടി സേവ് ചെയ്തു.

എൺപതാം മിനിറ്റിൽ സഹലിനു പകരം സെത്യാസെന്നും വിസെന്റെ ഗോമസിനു പകരം ഗിവ്‌സൺ സിങ്ങും കളത്തിലിറങ്ങി. അധികമായി ചേർക്കപ്പെട്ട അഞ്ചു മിനിട്ടുകൾക്ക് ശേഷം കളിയുടെ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ വിജയം സ്വന്തമാക്കി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കുയർന്ന് മുംബൈ സിറ്റി എഫ്‌സി. മത്സരത്തിൽ മുംബൈയുടെ നായകനും ​ഗോൾകീപ്പറുമായ അമരീന്ദർ സിങ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി