ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും, ഒഡിഷ എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം സീസണിൽ ഇതുവരെ എട്ട് മത്സരങ്ങൾ പിന്നിട്ട കേരള ബ്ലാസ്റ്റേഴ്സിനു ഒരേയൊരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇതുവരെ എട്ട് മത്സരങ്ങൾ കളിച്ച ഒഡിഷ എഫ്സിഒരു വിജയം പോലും നേടാനായിട്ടില്ല.

എട്ടു മത്സരങ്ങളിൽ നിന്നായി ഒരു വിജയവും മൂന്നു സമനിലയും നാലു തോൽവിയും നേടി പത്താം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. എട്ടു മത്സരങ്ങളിൽ നിന്നായി രണ്ടു സമനിലയും ആറു  തോൽവിയും നേടിയ ഒഡിഷ പട്ടികയിൽ അവസാന പതിനൊന്നാം സ്ഥാനത്താണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ വിജയം നേടിയതിനു ശേഷം തൊട്ടടുത്ത മത്സരത്തിൽ തോൽവി വഴങ്ങിയത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.

അവസാന മത്സരത്തിൽ തോൽവിയാണു ഇരു ടീമുകളും വഴങ്ങിയിട്ടുള്ളത്. ഏഴാം സീസണിൽ ആദ്യ വിജയം നേടാൻ ഒഡിഷയിറങ്ങുമ്പോൾ ആശ്വാസ വിജയം നേടി ആരാധകരെ തൃപ്തിപ്പെടുത്താൻ ബ്ലാസ്റ്റേഴ്സും ശ്രമിക്കും.

മുംബൈ സിറ്റി എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര നിരാശാജനകമായ പ്രകടനമാണ് കാഴ്ചവച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിചയസമ്പന്നനായ പ്രതിരോധ താരം കോസ്റ്റ നമോയിനേസുവിന്റെ ഭാഗത്തു നിന്ന് സംഭവിച്ച പിഴവുകളാണ് ടീം രണ്ട് ഗോളുകൾ വഴങ്ങാൻ കാരണമായത്. മുന്നേറ്റ നിരയിലെ മികച്ച ഫിനിഷറുടെ അഭാവം ബ്ലാസ്റ്റേഴ്സ് നേരിടുന്ന വെല്ലുവിളിയാണ്. ടീമിന്റെ മധ്യനിര ഫൈനൽ തേർഡിൽ പരാജയപ്പെടുന്നതും, മുന്നേറ്റ നിരയിലേക്ക് പന്തെത്തിക്കാൻ സാധിക്കാതിരുന്നതും കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ നേരിട്ട മറ്റൊരു പ്രധാന വെല്ലുവിളിയായി വിലയിരുത്തപ്പെടുന്നു.

കൈവന്ന അവസരങ്ങൾ ഫിനിഷിങ്ങിലെ പിഴവ് മൂലം സഹൽ കൈവിട്ടതും വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ടീമിന്റെ പ്രധാന സ്ട്രൈക്കറായ, ആരാധകർ പ്രതീക്ഷയോടെ നെഞ്ചേറ്റിയ താരമായ ഗാരി ഹൂപ്പർ നേടിയത് ഒരു ഗോൾ മാത്രമാണ്. മറ്റൊരു സ്ട്രൈക്കറായ ജോർദാൻ മുറേ നേടിയതാകട്ടെ രണ്ടു ഗോളുകളും. ഇരു താരങ്ങളുടെയും ഓൺ ടാർഗറ്റ് ഷോട്ടുകളും വളരെ കുറവാണെന്നതും ശ്രദ്ധേയമാണ്.

ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തിയ മത്സരം മുതൽ മധ്യനിര താരതമ്യേന കൂടുതൽ ഒത്തിണക്കത്തോടെ കളിക്കുകയും മുന്നേറ്റ നിരയിലേക്ക് പന്തെത്തിക്കുകയും ചെയ്തിരുന്നു. അവസാന രണ്ടു മത്സരങ്ങളിലും മുന്നേറ്റ നിരയിലേക്ക് മികച്ച രീതിയിൽ ക്രോസുകൾ വന്നത് ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകുന്ന കാര്യമാണ്.

പരിക്കേറ്റു മടങ്ങിയ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സിഡോയ്ക്ക് പകരമായി കേരള ബ്ലാസ്റ്റേഴ്സ് പുതുതായി ടീമിലെത്തിച്ച സ്പാനിഷ് ഡിഫൻസീവ് മിഡ്ഫീൽഡർ, ഓസ്ട്രേലിയൻ എ ലീഗിൽ നിന്നുള്ള ജുവാണ്ടെ ലോപ്പസിന് നാളത്തെ മത്സരത്തിൽ കളത്തിലിറങ്ങാൻ കഴിയില്ല. നിലവിൽ ക്വാറന്റൈനിലുള്ള താരം ജംഷെഡ്പൂർ എഫ്സിക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങാൻ സാധ്യത. വെറുമൊരു വിജയത്തിനപ്പുറം കൂടുതൽ ഗോളുകൾ നേടാനും ഗോളുകൾ വഴങ്ങാതിരിക്കാനും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കും.

കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഒരുങ്ങുന്ന ഒഡിഷ എഫ്സി തികഞ്ഞ ആത്മവിശ്വാസത്തിൽ ആയിരിക്കില്ല കളത്തിലിറങ്ങുക. ഇതുവരെയും ഒരു വിജയം പോലും നേടാൻ കഴിയാത്തതാണ് ടീമിന് തിരിച്ചടിയായി മാറിയത്. ഇതുവരെ കളിച്ച 8 മത്സരങ്ങളിൽ വെറും രണ്ടു പോയിന്റുകൾ മാത്രം നേടിയിട്ടുള്ള ഒഡിഷക്ക് ഇന്നത്തെ മത്സരം വെല്ലുവിളിയാണ്.

ടീമിന്റെ മുന്നേറ്റ നിരയും, പ്രതിരോധ നിരയും എട്ടുമത്സരങ്ങൾക്കുള്ളിൽ ഇതുവരെയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല. എട്ടു മത്സരങ്ങളിൽ നിന്നും ആറ് ഗോളുകൾ നേടിയ ടീം പക്ഷെ പതിനാല് ഗോളുകൾ വഴങ്ങിയിരുന്നു. ഏഴാം സീസണിലെ ഇതുവരെയുള്ള മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ടീം ഒഡിഷ എഫ്സിയാണ്.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ മാർസെലിന്യോയ്ക്ക് ബ്ലാസ്റ്റേഴ്സിനെതിരെ ഏറ്റവും മികച്ച റെക്കോർഡാണുള്ളത്. ആദ്യ പതിനൊന്നിലെ മാർസെലിന്യോയുടെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന് ഭീഷണിയാകും. മുന്നേറ്റ താരം ഡീഗോ മൗറീസിയോയുടെ ഫോം ടീമിന് ആശ്വാസം പകരുന്നതാണ്. പക്ഷെ സഹ താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്ത അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ ഡീഗോ മൗറീസിയോയ്ക്ക് മികച്ച പിന്തുണ നൽകാൻ സഹതാരങ്ങൾക്ക് താരങ്ങൾക്ക് കഴിഞ്ഞാൽ മികച്ച പ്രകടനം ടീമിന് കാഴ്ചവയ്ക്കാനാകും.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs ഒഡിഷ എഫ്സി സാധ്യതാ ഇലവൻ

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

ആൽബിനോ ഗോമസ്, നിഷു കുമാർ, സന്ദീപ് സിംഗ്, കോസ്റ്റ നമോയിനേസു, ജെസ്സെൽ കാർനെയ്റോ, ജീക്സൺ സിംഗ്, വിസെൻ്റ് ഗോമസ്, സഹൽ അബ്ദുൾ സമദ്, ഫക്കുണ്ടോ പെരേര, രാഹുൽ കെപി, ജോർദാൻ മുറേ

ഒഡിഷ എഫ്സി

അർഷദീപ് സിംഗ്, ശുഭം സാരംഗി, ജേക്കബ് ട്രാറ്റ്, സ്റ്റീവൻ ടെയ്‌ലർ, ഹെൻഡ്രി ആന്റോണെ, കോൾ അലക്സാണ്ടർ, വിനിത് റായ്, ഗൗരവ് ബോറ, ജെറി മാവിഹ്മിംഗ്തംഗ, ഡീഗോ മൗറീസിയോ, മാർസെലിന്യോ

ഫോർമേഷൻ

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഫോർമേഷൻ: 4-3-3

ഒഡിഷ എഫ്സി  ഫോർമേഷൻ: 4-2-3-1

മത്സരത്തിന്റെ വിവരങ്ങൾ

മത്സരം: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി vs ഒഡിഷ എഫ്സി

തീയതി: ജനുവരി 7, 2020

സമയം: 07:30 PM

സ്ഥലം: ജിഎംസി സ്റ്റേഡിയം, ഗോവ