ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഹൈദരാബാദ് എഫ്സിയെ നേരിടും. ഇരു ടീമുകളും ഇതുവരെ ആറു മത്സരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. മൂന്നു സമനിലകളും മൂന്നു തോൽവിയുമാണ് ആറു  മത്സരങ്ങളിൽ നിന്നായി കേരളബ്ലാസ്റ്റേഴ്സ് നേടിയത്. എന്നാൽ രണ്ടു ജയവും മൂന്നു സമനിലയും ഒരു തോൽവിയുമാണ് ഹൈദരാബാദിന്റെ ഏഴാം സീസണിലെ സമ്പാദ്യം. രണ്ടു മത്സരത്തിലെ വിജയം ഹൈദരാബാദിന് ആത്മവിശ്വാസം നൽകുമെങ്കിലും അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് രണ്ടു ഗോളുകൾക്ക് ഹൈദരാബാദ് എഫ്സി തോൽവി വഴങ്ങിയിരുന്നു. അതേസമയം ആറു  മത്സരങ്ങളിൽ വിജയം നേടാനാകാത്തത് ബ്ലാസ്റ്റേഴ്സിനെ കൂടുതൽ അക്രമണകാരികളാക്കും. കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചടുത്തോളം ഇന്നത്തെ മത്സരം അഭിമാന പോരാട്ടം തന്നെയാണ്.

കേരള ബ്ലാസ്റ്റേഴ്സിന് ക്യാപ്റ്റനായ സെർജിയോ സിഡോഞ്ച പരിക്കേറ്റ് പുറത്തായത് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. സിഡോയ്ക്ക് പകരക്കാരനായി സ്പാനിഷ് താരം ജുവാണ്ടെ ലോപ്പസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയെങ്കിലും ക്വാറന്റൈൻ നടപടികൾ പൂർത്തിയാക്കി താരത്തിന് എപ്പോൾ കളത്തിലിറങ്ങാൻ കഴിയുമെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ബെംഗളൂരു എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയുടെ പ്രകടനം മോശമായിരുന്നു എന്ന് നിസംശയം പറയാം. എന്നാൽ ഈസ്റ്റ് ബംഗാളിന് എതിരായ അവസാന മത്സരത്തിൽ പ്രതിരോധ താരം കോസ്റ്റ നമോയിനേസുവിന്റെ മടങ്ങിവരവ് പ്രതിരോധ നിരയ്ക്ക് കരുത്ത് പകർന്നിരുന്നു. മുന്നേറ്റത്തിൽ ഇംഗ്ലീഷ് താരം ഗാരി ഹൂപ്പറുടെ ശരാശരി പ്രകടനം ടീം ആരാധകരെ ആശങ്കയിലാഴ്ത്തുന്നു. ഇതുവരെ കളിച്ച ആറു മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രം സ്വന്തമാക്കിയ താരം രണ്ട് ഓൺ ടാർഗറ്റ് ഷോട്ടുകൾ മാത്രമാണ് നേടിയത്. ഇതു മാത്രമല്ല പെനാൽറ്റി ബോക്സിനുള്ളിൽ ഗാരി ഹൂപ്പറിന് ബോൾ ലഭിച്ചതും വളരെ വിരളമാണ്.

മധ്യനിരയുടെ സ്ഥിരതയില്ലായ്മ ബ്ലാസ്റ്റേഴ്സ് നേരിടുന്ന മറ്റൊരു പ്രശ്നമാണ്. മികച്ച ക്രോസുകൾ ഒന്നും തന്നെ ഇതുവരെ ഒരു താരത്തിൽ നിന്നും ഉണ്ടായിട്ടില്ല. ഗാരി ഹൂപ്പറിനെ മാത്രം മുന്നേറ്റനിരയിൽ അണിനിരത്തിയുള്ള രീതി ടീമിന് മികച്ച ഫലങ്ങളൊ അവസരങ്ങളോ ഇതുവരെ നൽകിയിട്ടില്ല. എന്നാൽ ഒറ്റ സ്ട്രൈക്കറെ മാത്രം അണി നിരത്തിയുള്ള തന്ത്രം മാറ്റിപ്പയറ്റാൻ പരിശീലകനായ കിബു വികൂന തയ്യാറായല്ല. എന്തായാലും മുന്നേറ്റ നിരയും, മധ്യനിരയും തമ്മിലുള്ള ഒത്തിണക്കത്തെ ആശ്രയിച്ചിരിക്കും നാളത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സര ഫലം.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് എഫ്സി നാളെ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഒരുങ്ങുന്നത്. ഇതുവരെയുള്ള ഭൂരിഭാഗം മത്സരങ്ങളിലും പരിക്കുമൂലം പരമാവധി മൂന്ന് വിദേശ താരങ്ങളെ മാത്രം അണിനിരത്തി കളത്തിലിറങ്ങിയ ഹൈദരാബാദിന് നാളെ കൂടുതൽ വിദേശ താരങ്ങളെ കളത്തിലിറക്കാൻ സാധിക്കും. മികച്ച ഇന്ത്യൻ യുവ താരങ്ങളാണ് ടീമിന്റെ മറ്റൊരു കരുത്ത്. ഈ സീസണിൽ 9 ഇന്ത്യൻ താരങ്ങളെ വരെ അണിനിരത്തി ഹൈദരാബാദ് എഫ്സി കളത്തിലിറങ്ങിയിരുന്നു. എന്നിട്ടും ഒരേയൊരു മത്സരത്തിൽ മാത്രമാണ് ടീം തോൽവി വഴങ്ങിയത്. ഇന്ന് പരിക്കിൽ നിന്നും മുക്തരായി വിദേശ താരങ്ങൾ കൂടി തിരിച്ചെത്തുന്നതോടെ ലീഗിലെ ഏറ്റവും അപകടകാരികളായ ടീമുകളിൽ ഒന്നായി ഹൈദരാബാദ് എഫ്സി മാറും. മുന്നേറ്റത്തിൽ അഞ്ച് മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ നേടി മിന്നും ഫോമിലുള്ള അരിഡാനെ സന്റാ ന ഏതൊരു ടീമിനും അപകട ഭീഷണി സൃഷ്ടിക്കുന്ന താരമാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs ഹൈദരാബാദ് എഫ്സി സാധ്യതാ ഇലവൻ

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

ഫോർമേഷൻ: 4-2-3-1

ആൽബിനോ ഗോമസ്, നിഷു കുമാർ, ബക്കാരി കോനെ, കോസ്റ്റ നമോയിനേസു, ജെസ്സെൽ കാർനെയ്റോ, സെത്യാസെൻ സിംഗ്, വിസെൻ്റ് ഗോമസ്, സഹൽ അബ്ദുൾ സമദ്, ഫക്കുണ്ടോ പെരേര, രാഹുൽ കെപി, ഗാരി ഹൂപ്പർ

ഹൈദരാബാദ് എഫ്സി

ഫോർമേഷൻ: 4-2-3-1

സുബ്രത പോൾ, ആഷിഷ് റായ്, ഒഡെ ഒനൈൻ‌ഡിയ, ചിംഗ്‌ലെൻസേന സിംഗ്, ആകാശ് മിശ്ര, ജോവ വിക്ടർ, ഹിതേഷ് ശർമ്മ, ലിസ്റ്റൺ കൊളാക്കോ, ലൂയിസ് സാസ്ട്രേ, ഹാലിചരൻ നർസാരി, അരിഡെയ്ൻ സാന്റാന

മത്സരത്തിന്റെ വിവരങ്ങൾ

മത്സരം: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി vs ഹൈദരാബാദ് എഫ്സി

തീയതി: ഡിസംബർ 27, 2020

സമയം: 07:30 PM

സ്ഥലം: ജിഎംസി സ്റ്റേഡിയം, ഗോവ