ഇന്ത്യൻ സൂപ്പർ ലീഗിൽ മാർച്ച് രണ്ടിന് ബംഗളുരുവിലെ ശ്രീ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പതിനേഴാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിട്ടു. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു എഫ്‌സി വിജയം സ്വന്തമാക്കി. ആവേശകരായ മത്സരത്തിന്റെ അവസാന മിനിറ്റിൽ ജാവിയർ ഹെർണാണ്ടസാണ് ബെംഗളൂരു എഫ്‌സിക്കായി ഗോൾ നേടിയത്.

അവസാന മത്സരത്തിൽനിന്ന് രണ്ടു മാറ്റങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്സ് ആരംഭനിരയിൽ ഉണ്ടായിരുന്നത്. ആരംഭനിരയിൽ രാഹുൽ കുന്നോളി പ്രവീൺ, ജീക്‌സൺ സിംഗ് എന്നിവർക്ക് പകരം ഡാനിഷ് ഫാറൂഖ്, നിഹാൽ സുധീഷ് എന്നിവർ ഇടം പിടിച്ചു. ബെംഗളൂരു എഫ്‌സിയിൽ ഒലിവർ ഡ്രോസ്റ്റ്, ഷിവാൾഡോ സിംഗ്, ലാൽറെംത്ലുവാംഗ ഫനായി എന്നിവർക്ക് പകരം അലക്സാണ്ടർ ജോവനോവിച്ച്, സുരേഷ് സിംഗ്, ശിവശക്തി നാരായണൻ എന്നിവർ ആരംഭനിരയിൽ ഇടം നേടി.

ബെംഗളൂരു എഫ്‌സി, 4-2-3-1

ഗുർപ്രീത് സിംഗ് സന്ധു, നൗറെം റോഷൻ സിംഗ്, സ്ലാവ്‌കോ ദംജാനോവിച്ച്, അലക്‌സാണ്ടർ ജോവനോവിച്ച്, നിഖിൽ ചന്ദ്ര ശേഖർ പൂജാരി, സുരേഷ് സിംഗ് വാങ്‌ജാം, ചിംഗ്‌ലെൻസന സിംഗ് കോൺഷാം, റയാൻ ഡെയ്ൽ വില്യംസ്, ഫ്രാൻസിസ്‌കോ ജാവിയർ ഹെർണാണ്ടസ് ഗോൺസാലസ്, ശിവശക്തി നാരായണൻ, സുനിൽ ഛേത്രി

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, 4-4-2

കരൺജിത് സിംഗ് പർമർ, നവോച്ച സിംഗ് ഹുയ്‌ഡ്രോം, മിലോഷ് ഡ്രിൻചിച്, ഹോർമിപാം റൂയിവ, സൊറൈഷാം സന്ദീപ് സിംഗ്, ഡെയ്‌സുകെ സകായ്, ഡാനിഷ് ഫാറൂഖ് ഭട്ട്, വിബിൻ മോഹനൻ, ഫെഡോർ ചെർണിച്ച്, ഡിമിട്രിയോസ് ഡയമന്റകോസ്, നിഹാൽ സുധീഷ്

മത്സരത്തിലുടനീളം ഒരൽപം മുൻ‌തൂക്കം ബെംഗളുരുവിന് ഉണ്ടായിരുന്നുവെന്നുവേണം പറയാൻ. ബോൾ പൊസഷനിലും പാസിംഗ് ആക്യുറസിയിലുമെല്ലാം ബെംഗളൂരു മുന്നിട്ടു നിന്നു. ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിലും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകൾക്കുമായില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ അവസാനം എൺപത്തിയൊമ്പതാം മിനിറ്റിലാണ് വിജയ ഗോൾ പിറന്നത്. ബെംഗളൂരു താരം ശിവാൽദോ സിംഗിന്റെ അസിസ്റ്റിൽ ജാവി ഹെർണാണ്ടസ് ബോക്‌സിന്റെ മധ്യഭാഗത്ത് നിന്ന് വലത് കോണിലേക്ക് നൽകിയ വലം കാൽ ഷോട്ട് വലതുളച്ചു. ഇഞ്ചുറി ടൈമിന് ശേഷം ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു എഫ്‌സി വിജയം സ്വന്തമാക്കി. ബെംഗളൂരു എഫ്‌സിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. വിജയത്തോടെ ബെംഗളൂരു എഫ്‌സിയുടെ പ്ലേ ഓഫ് സാധ്യതകൾ സജീവമായി.

മത്സരവിജയത്തോടെ പതിനെട്ടു മത്സരങ്ങളിൽ നിന്നായി ഇരുപത്തിയൊന്ന് പോയിന്റുകൾ നേടിയ ബെംഗളൂരു എഫ്‌സി റാങ്കിങ്ങിൽ മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കുയർന്നു.

മാർച്ച് പതിമൂന്നിന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.