കേരളാ ബ്ലാസ്റ്റേഴ്സിന്റെ പെരുമ ലോകപ്രശസ്തമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു തവണ പോലും കിരീടം നേടാനായിട്ടില്ലയെങ്കിലും കഴിഞ്ഞ ഒൻപതു സീസണുകളിലായി ടീം മൂന്നു തവണ ഫൈനലിലും ആറു തവണ പ്ലേ ഓഫിലും എത്തിയിട്ടുണ്ട്. കിരീടം നഷ്ടമായ മൂന്നു സീസണുകളിലും എതിർ ടീമിനൊപ്പമോ അല്ലെങ്കിൽ മികച്ചതോ ആയ പ്രകടനം കാഴ്ചവച്ചിട്ട് പോലും ഭാഗ്യം ബ്ലാസ്റ്റേഴ്സിനെ തുണച്ചില്ല

ഫുട്ബാളിൽ പലപ്പോഴും തന്ത്രങ്ങൾക്കും കഠിനാധ്വാനത്തിനും കണക്കുകൾക്കപ്പുറം ഭാഗ്യമെന്നൊരു വാക്കുണ്ടെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ വേദനയോടെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നുവത്

പരിക്കുകൾ സൃഷ്ടിച്ച പ്രതിസന്ധികൾ  

പത്താം സീസണിലും പ്രതിസന്ധികൾ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. സീസൺ ആരംഭിക്കും മുൻപേ പരിക്കേറ്റ് തുടങ്ങിയ താരങ്ങളുടെ നിരയിൽ ഏറ്റവുമൊടുവിൽ ഇടം നേടിയത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവഗോൾ കീപ്പർ സച്ചിൻ സുരേഷാണ്. ഒൻപത് താരങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്സിൽ സർജറിയിലേക്കുൾപ്പടെ നയിച്ച പരിക്കിൽപ്പെട്ടത്. ഇതിൽ ലൂണയും സച്ചിനുമുൾപ്പെടെയുള്ള നാലു താരങ്ങൾക്ക് സീസൺ പൂർണമായും നഷ്ടമായപ്പോൾ ബാക്കിയുള്ളവർക്ക് രണ്ടിലധികം മത്സരങ്ങൾ നഷ്ടമായി. ടീമിലെ സുപ്രധാന താരങ്ങളാണ് ഇത്തരത്തിൽ സീസൺ നഷ്ടമായി പുറത്തിരിക്കേണ്ടിവന്നത് എന്നതിനാൽത്തന്നെ ടീമിന്റെ സാഹചര്യങ്ങളെയത് പൂർണമായത് മാറ്റിയെഴുതി

പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ വാക്കുകൾ കടമെടുത്താൽ, സീസൺ ആരംഭം മുതൽ പൂർണ സ്ക്വാഡിൽ നിന്ന് തിരഞ്ഞെടുക്കുവാനുള്ള സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. ഒപ്പം സമാനമായ ആരംഭനിര രണ്ടിലധികം മത്സരങ്ങളിൽ തുടർന്നുകൊണ്ടുപോകാനും സാധിച്ചിട്ടില്ല. വാക്കുകളിൽ നിന്ന് മനസിലാക്കാം കേരളാ ബ്ലാസ്റ്റേഴ്സ് കടന്നുപോകുന്ന പ്രതിസന്ധിയുടെ ആഴം

വീണുപോകുന്ന എവേ മത്സരങ്ങൾ   

പത്താം സീസണിലും പതിവുപോലെതന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ എവേ റെക്കോർഡുകൾ വളരെ മോശമാണ്. ഹോം റെക്കോർഡുകൾ നേരെ മറിച്ചും. കൊച്ചിയിൽ നടന്ന ഒൻപതു മത്സരങ്ങളിൽ ആറു മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്സ് രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങി, ഒപ്പം ഒരു മത്സരത്തിൽ തോൽവിയും. എന്നാൽ ഒൻപത് എവേ മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്സ് അഞ്ചെണ്ണത്തിൽ തോൽവി വഴങ്ങി. തോൽവി വഴങ്ങിയ ആറു മത്സരങ്ങളിൽ നാലെണ്ണവും 2024- ആണെന്നതും അഞ്ചെണ്ണവും എവേ മത്സരങ്ങളായിരുന്നുവെന്നതുമാണ് നിരാശാജനകമായ കൗതുകം. എവേ മത്സരങ്ങൾ കൂടുതലായും നടന്നത് 2024-ലായതിനാൽ പ്രധാന താരങ്ങളുടെ അഭാവമാകാം കാരണമെന്ന് വിലയിരുത്തപ്പെടുന്നു

കഠിനമായ പുതുവർഷം 

പത്താം സീസൺ 2023 ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു. 2023 ലീഗിന്റെ ആദ്യ ഘട്ടത്തിൽ നടന്ന പന്ത്രണ്ടു മത്സരങ്ങളിൽ എട്ടെണ്ണവും കേരളാ ബ്ലാസ്റ്റേഴ്സ് വിജയിച്ചു. രണ്ടു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ വെറും രണ്ടു തോൽവികളാണ് ടീം വഴങ്ങിയത്. എന്നാൽ 2024 മാർച്ചുവരെയുള്ള കണക്കുകൾ നോക്കുമ്പോൾ പതിനേഴു മത്സരങ്ങളിൽനിന്നായി തോൽവികളുടെ എണ്ണം രണ്ടിൽ നിന്ന് ആറിലേക്കുയർന്നു. 2024 നടന്ന അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് കേരളാ ബ്ലാസ്റ്റേഴ്സിന് വിജയിക്കാനായത്

ബംഗളുരുവിൽ നടന്ന അവസാന മത്സരത്തിൽ ഗോൾ രഹിതമായ എൺപത്തിയൊമ്പത് മിനിട്ടുകൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സിന് ഗോൾ വഴങ്ങേണ്ടിവന്നത്. ഇനി മുന്നോട്ടുള്ള മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് കരുത്തരായ എതിരാളികളാണെന്നത് ആശങ്കയുടെ ആഴം വർധിപ്പിക്കുന്നു. മാർച്ച് പതിമൂന്നിന് കൊച്ചിയിൽ നടക്കുന്ന പതിനെട്ടാം മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിനെ നേരിടുമ്പോൾ മഞ്ഞപ്പടയുടെ പിന്തുണയൊഴിച്ചാൽ മറ്റുസാഹചര്യങ്ങളൊന്നും ബ്ലാസ്റ്റേഴ്സിനെളുപ്പമാകാനിടയില്ല

പ്രതീക്ഷകൾ  

കഠിനമായ സാഹചര്യങ്ങൾക്കിടയിലും പ്രതീക്ഷകൾ സമ്മാനിക്കുന്ന പ്രകടനമാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഗോവക്കെതിരായ മത്സരത്തിൽ കാഴ്ചവച്ചത്. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം രണ്ടു ഗോളുകളുടെ ലീഡിൽ വിജയം നേടിയപ്പോൾ വെറുമൊരു വിജയത്തിനപ്പുറം ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ചരിത്രനിമിഷമായത് മാറി.  

പരിക്കുകൾക്കിടയിൽ ബുദ്ധിമുട്ടുന്ന ടീമിന് ആശ്വാസം പകരുന്ന മറ്റൊന്ന് റിസേർവ് ടീം വഴി ഉയർന്നു വന്ന യുവതാരങ്ങൾ നടത്തുന്ന പ്രകടനമാണ്. കേരളാ ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെ ലക്ഷദ്വീപിന്റെ മുത്തുകളായ ഉയർന്നു വന്ന അയ്മൻ, അഹ്സർ, നിഹാൽ സുധീഷ്, വിബിൻ എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സച്ചിൻ സുരേഷിന്റെ അഭാവത്തിൽ ഗോൾവലയുടെ കാവൽക്കാരനായി സ്ഥാനമേറ്റെടുത്ത കരൺജിത്തും തന്റെ ജോലി കൃത്യമായി ചെയ്യുന്നത് പ്രതീക്ഷ നൽകുന്നു

സാഹചര്യങ്ങൾ എത്രതന്നെ കഠിനമായാലും കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ ഇടം നേടുമെന്നത് ഏകദേശം ഉറപ്പാണ്. വെറും ഒന്നോ രണ്ടോ വിജയങ്ങൾക്കപ്പുറമാണത്. ഇവാൻ വുകോമനോവിച്ചെന്ന കൗശലക്കാരനായ പരിശീലകന്കീഴിൽ ഏതു പ്രതിസന്ധികളും ടീം മറികടക്കുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ