ഖത്തറിലെ അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ജനുവരി പതിമൂന്ന് ശനിയാഴ്ച നടന്ന അഞ്ചാം എഎഫ്‌സി ഏഷ്യൻ കപ്പ് ഗ്രൂപ്പ് ബി ഘട്ട മത്സരത്തിൽ ഓസ്‌ട്രേലിയയോട് 2-0ന് വഴങ്ങിയ നിരാശാജനകമായ തോൽവിയോടെയാണ് ഇന്ത്യൻ നാഷണൽ ഫുട്‌ബോൾ ടീം തങ്ങളുടെ ക്യാമ്പയിൻ ആരംഭിച്ചത്.

ഇന്ത്യൻ ടീം മികച്ച പ്രതിരോധം പ്രകടമാക്കിയെങ്കിലും നിർണായകമായ മൂന്ന് പോയിന്റുകൾ നേടിയെടുക്കാനുള്ള അവരുടെ കഠിനമായ ശ്രമം പരാജയപ്പെട്ടു. ആദ്യ പകുതിയിൽ എതിരാളിയെ പിടിച്ചുകെട്ടാൻ ഇന്ത്യക്കായി എങ്കിലും രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ മധ്യനിര താരം ജാക്‌സൺ ഇർവിൻ ഓസ്‌ട്രേലിയക്ക് ലീഡ് നേടിക്കൊടുത്തു. മത്സരത്തിന്റെ 73ആം മിനിറ്റിൽ റൈറ്റ് ബാക്ക് ജോർദാൻ ബോസ് ഓസ്‌ട്രേലിയയുടെ ലീഡ് ഇരട്ടിയാക്കി, മത്സരം 2-0ന് അവസാനിച്ചു.

ഇന്ത്യൻ സെന്റർ ബാക്ക്-സന്ദേശ് ജിംഗൻ അസാധാരണമായ പ്രകടനം കാഴ്ച്ചവെക്കുകയും പിന്നാക്ക നിരയെ ഏറ്റവും പക്വതയോടെ നയിക്കുകയും ചെയ്തു. പരാജയപ്പെട്ടതിൽ നിരാശനാണെങ്കിലും ഈ മത്സരത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ വ്യക്തിഗത പ്രകടനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പങ്കുവെച്ചു, “ടീം വിജയിച്ചാൽ, ഞാൻ നന്നായി കളിച്ചു, ടീം തോറ്റാൽ, എന്റേത് മോശം കളിയായിരുന്നു. അത്രയേയുള്ളൂ. ഇതെല്ലാം ടീമിനെക്കുറിച്ചാണ്. തീർച്ചയായും, ടീമിനായി എനിക്ക് കഴിയുന്നത്ര സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, അത് ടീമിനെ വിജയിപ്പിക്കാൻ സഹായിക്കും. പക്ഷേ, ഞാൻ ടീമിനെപ്പോലെയാണ്, ടീം തോറ്റതിനാൽ ഇന്ന് ഞാൻ ഒരു പരാജിതനാണ്."

മത്സരം വിശകലനം ചെയ്തുകൊണ്ട്, അദ്ദേഹം തുടർന്നു. “ആദ്യ പകുതിയിൽ ഞങ്ങൾ നല്ല അവസരങ്ങൾ സൃഷ്ടിച്ചു, തീർച്ചയായും ചില നിമിഷങ്ങളിൽ ഞങ്ങൾ പിന്നോട്ട് പോയി, പക്ഷേ ചില നിമിഷങ്ങളിൽ ഞങ്ങൾ നന്നായി പ്രതിരോധിച്ചു. ഈ അനുഭവങ്ങൾ പാഠങ്ങൾ മാത്രം, നമ്മൾ അവരിൽ നിന്ന് പഠിക്കണം, കൂടുതൽ തവണ കളിക്കണം."

ഏഷ്യൻ ഭീമൻമാരെ ഒരു പരിധിവരെ പ്രതിസന്ധിയിലാഴ്ത്താൻ കഴിഞ്ഞതിൽ ജിംഗൻ സന്തോഷിച്ചു, “ഞങ്ങൾ ഇപ്പോൾ ഡ്രസ്സിംഗ് റൂമിൽ സംസാരിച്ചു, ഒരു പോസിറ്റീവ് വൈബ് ഉണ്ടായിരുന്നു. തീർച്ചയായും, ഞങ്ങൾ നിരാശരായിരുന്നു, പക്ഷേ ഞങ്ങളുടെ മനസ്സിന്റെ പിന്നിൽ ഞങ്ങൾക്ക് അറിയാമായിരുന്നു, ഞങ്ങൾക്കത് അനുഭവിക്കാൻ കഴിഞ്ഞു, അവർക്ക് ഞെരുക്കമുള്ള നിമിഷങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു, അവരുടെ ബെഞ്ചിൽ നിന്ന് ഞങ്ങൾക്ക് അത് കേൾക്കാൻ കഴിഞ്ഞു. അവർ പരിഭ്രാന്തരായിരുന്നു.” അദ്ദേഹം പറഞ്ഞു.

“തീർച്ചയായും തോൽവിയിൽ ഞങ്ങൾ നിരാശരാണ്. ലോകകപ്പിൽ പതിനാറാം റൗണ്ടിലേക്ക് പോയ ടീമിനെതിരെയാണ് കളിക്കുന്നത്, അതിനാൽ ഇന്ന് എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. ഒരുപാട് നല്ല പോയിന്റുകൾ, ഒരുപാട് നല്ല പാഠങ്ങൾ അതിൽ നിന്ന് പഠിക്കാനുണ്ട്.” ഐ‌എസ്‌എൽ മീഡിയയോട് സംസാരിക്കുമ്പോൾ ജിംഗൻ പറഞ്ഞു.

വരാനിരിക്കുന്ന മത്സരങ്ങളിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ടീമിൽ വിശ്വാസം അർപ്പിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു, “ഞങ്ങൾക്ക് രണ്ട് മത്സരങ്ങൾ കൂടിയുണ്ട്. ഇപ്പോൾ വീണ്ടെടുക്കലാണ് പ്രധാനം. വീണ്ടെടുക്കുകയും മെച്ചപ്പെടുകയും ചെയത് ഉസ്ബെക്കിസ്ഥാനെയും സിറിയയെയും കടന്ന് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഞങ്ങൾ അതിൽ ഉറച്ചുനിൽക്കുന്നു, ഞങ്ങൾ തല ഉയർത്തിപ്പിടിക്കുന്നു, ഞങ്ങൾ ആത്മവിശ്വാസത്തോടെ തുടരുന്നു, ഞാൻ എപ്പോഴും പറയുന്നതുപോലെ, ഈ ബാച്ചിന്റെ പരിധി ആകാശമാണ്. ”

ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിൽ ഇടം നേടിയ ഇന്ത്യയാണ് റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ള ടീമാണ്. ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള ആദ്യ രണ്ട് ടീമുകളും, നാല് മികച്ച മൂന്നാം സ്ഥാനക്കാരുമാണ് പതിനാറാം റൗണ്ടിലേക്ക് കടക്കുക. അഞ്ച് ദിവസത്തിന് ശേഷം ജനുവരി 18-ന് നടക്കുന്ന അടുത്ത മത്സരത്തിൽ ഇന്ത്യൻ ടീം ഉസ്‌ബെക്കിസ്ഥാനെയും അതെ ദിവസം ഓസ്‌ട്രേലിയ സിറിയയെയും നേരിടും.