മാർച്ച് പതിമൂന്നിന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പത്താം സീസണിലെ പതിനെട്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിനോട് ഏറ്റുമുട്ടി. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ നാലു ഗോളുകൾ നേടിയ മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ് ഒരു ഗോളിന്റെ ലീഡിൽ വിജയിച്ചു.  മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമെന്റക്കൊസ് ഇരട്ട ഗോളുകളും വിബിൻ മോഹനൻ ഒരു ഗോളും നേടിയപ്പോൾ അർമാൻഡോ സാദികൂ രണ്ടു ഗോളുകളൂം ദീപക് താങ്ഗ്രി ഒരു ഗോളും ജേസൺ കുമ്മിങ് ഒരു ഗോളും മോഹൻ ബഗാനായി നേടി.

മത്സരത്തിന് ശേഷം നടന്ന പത്ര സമ്മളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പങ്കെടുത്തു.

"ഫുട്ബോളിലെ ഏറ്റവും മൂന്നു പ്രധാന കാര്യങ്ങൾ, പന്തുള്ളപ്പോൾ ചെയ്യേണ്ടത്, പന്തില്ലാത്തപ്പോൾ ചെയ്യേണ്ടത്, പന്ത് നഷ്ടപ്പെട്ട ഉടനെ ചെയ്യേണ്ടത്, പന്ത് മടക്കിയെടുത്ത ഉടനെ ചെയ്യേണ്ടത്, സെറ്റ്പീസസ് എന്നിവയാണ്. ഈ അഞ്ചു കാര്യങ്ങളാണ് ഒരു ഫുട്ബാൾ മത്സരത്തിലെ ഏറ്റവും പ്രധാന കാര്യങ്ങൾ. സെറ്റ് പീസുകൾ സംഭവിക്കുമ്പോൾ, തീർച്ചയായും ഒരു ടീമായി അതിൽ പരിശ്രമിക്കണം. അതിനായി സമയം ചെലവഴിക്കണം." അദ്ദേഹം പറഞ്ഞു.

"മത്സരത്തിൽ ഏകാഗ്രത, ഉത്തരവാദിത്വം, സാഹചര്യത്തെക്കുറിച്ചുള്ള അവബോധം, സ്കോർ ചെയ്യുമെന്ന് പറയാനുള്ള ഉത്തരവാദിത്വം, അതാണ് ഫുട്ബോളിൽ കളിക്കാരുടെ ഗുണം. ഇത്തരം മത്സരങ്ങളിൽ രണ്ടു പ്രാവശ്യം ഗോൾ നേടിയതിനു ശേഷം ഒന്നോ രണ്ടോ മീറ്ററുകൾ അവൻ ഗോൾ നേടില്ല എന്ന ചിന്തയിൽ ഓടുവാൻ പാടില്ല. പാടില്ല, കാരണം അവർ ഗോൾ നേടും." ഇവാൻ അഭിപ്രായപ്പെട്ടു.

"അതൊരു മാനസികാവസ്ഥയാണ്. മോഹൻ ബഗാനെപ്പോലുള്ള ടീമുകൾക്കെതിരെ കളിക്കുമ്പോൾ എല്ലാ സമയവും നൂറു ശതമാനം തയ്യാറായിരിക്കണം. എല്ലാത്തിനെക്കുറിച്ചും അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ അവർ നിങ്ങളെ ശിക്ഷിക്കും. കാരണം അവരൊരു മികച്ച ടീമാണ്. അവർക്കിടയിൽ മികച്ച ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളുമുള്ളപ്പോൾ, ഞങ്ങൾ മറുവശത്ത് കുറച്ചു കുട്ടികൾ ഞങ്ങൾക്കുവേണ്ടി പോരാടുന്നു, അവരിൽ പലരുടെയും കന്നി സീസണാണിത്. ഞാൻ അവരെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു."

"വ്യക്തിഗത പിഴവുകളിലും ഗോളുകൾ വഴങ്ങിയതിലും നിരാശയുണ്ട്. ഇത് മത്സരത്തിലെ വ്യക്തിഗത ഉത്തരവാദിത്വത്തെക്കുറിച്ചുള്ളതാണ്. ഇന്ന് ടീമിലെ യുവതാരങ്ങളിൽ എനിക്ക് അഭിമാനം തോന്നി. അവർ പോരാടിയ രീതിയിൽ, അവർ മെച്ചപ്പെട്ട രീതിയിൽ, പല കാര്യങ്ങളും കൈകാര്യം ചെയ്തതിൽ. പല താരങ്ങളും പരിക്കിൽ നിന്ന് മടങ്ങിയെത്തിയതേയുള്ളു.  അവർക്ക് സമയം ആവശ്യമാണ്. അവർക്ക് മത്സരങ്ങൾ വേണം." അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ നാലാം മിനിറ്റിലാണ് ആദ്യ ഗോൾ ആദ്യ ഗോൾ പിറന്നത്. മോഹൻ ബഗാൻ താരം അൻവർ അലിയുടെ അസിസ്റ്റിൽ അർമാൻഡോ സാദികുവിന്റെ ബോക്സിനു പുറത്തു നിന്നുള്ള വലം കാൽ ഷോട്ട് വലതുളച്ചു. ആദ്യ പകുതിയിൽ മറ്റൊരു ഗോളിനായി ഇരു ടീമുകളും ശ്രമിച്ചു. എങ്കിലും പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ മോഹൻ ബഗാന്റെ ഒരു ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിച്ചു.

നാടകീയ നിമിഷങ്ങളാൽ സമ്പന്നമായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ വിബിൻ മോഹനനാണ് കേരളാ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. രാഹുൽ കെപിയുടെ അസിസ്റ്റിൽ ബോക്സിനു നടുവിൽ നിന്ന് വിബിൻ തൊടുത്ത പന്ത് പോസ്റ്റിനു താഴെ ഇടതു മൂല തുളച്ചു. വെറും ആറു മിനിറ്റിനുള്ളിൽ മൻവീർ സിംഗിന്റെ അസിസ്റ്റിൽ വീണ്ടും അർമാൻഡോ സാദികുവിന്റെ വലം കാൽ ഷോട്ട് പോസ്റ്റിനു താഴെ ഇടതു മൂല തുളച്ചപ്പോൾ മോഹൻ ബഗാൻ ലീഡ് നേടി. വെറും മൂന്നു മിനിറ്റിനുള്ളിൽ അറുപത്തിമൂന്നാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും സമനില പിടിച്ചു. ഫെഡോർ സെർണിച്ചിന്റെ അസിസ്റ്റിൽ ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്സിനായി സമനില ഗോൾ നേടിയത്.

വെറും അഞ്ചു മിനിറ്റിനുള്ളിൽ അറുപത്തിയെട്ടാം മിനിറ്റിൽ വീണ്ടും മോഹൻ ബഗാൻ ലീഡ് നേടി. ദിമിട്രിയോസ് പെട്രാറ്റോസിന്റെ അസിസ്റ്റിൽ ദീപക് താംഗ്രിയാണ് മോഹൻ ബഗാനായി ഗോൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മോഹൻ ബഗാൻ താരം ജേസൺ കുമ്മിങ്സ് നാലാം ഗോളും നേടി. രണ്ടു ഗോളിന്റെ ലീഡിൽ മത്സരമവസാനിച്ചുവെന്ന് ഉറപ്പിച്ചു നിൽക്കെ ഇഞ്ചുറി ടൈമിന്റെ ഒൻപതാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി ഡയമെന്റക്കൊസ് ബ്ലാസ്റ്റേഴ്സിനായി മൂന്നാം ഗോളും നേടി. ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ മൂന്നിനെതിരെ നാലു ഗോളുകൾക്ക് വിജയിച്ച മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മൂന്നു പോയിന്റുകളും സ്വന്തമാക്കി.

ജംഷെഡ്പൂർ എഫ്‌സിക്കെതിരെ മാർച്ച് മുപ്പത്തിനാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.