വ്യാഴാഴ്ച ഖത്തറിലെ അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം ഉസ്ബെക്കിസ്ഥാനെ നേരിടും. എഎഫ്സി ഏഷ്യൻ കപ്പിലെ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ബ്ലൂ ടൈഗേഴ്സ് 0-2ന് ഓസ്ട്രേലിയയോട് തോൽവി വഴങ്ങിയിരുന്നു. ആദ്യ പകുതിയിൽ ഓസ്ട്രേലിയൻ നിരയെ പിടിച്ചുകെട്ടിയ ഇന്ത്യൻ പ്രതിരോധത്തിന് രണ്ടാം പകുതിയിൽ അടിപതറി, ഇന്ത്യൻ ടീം വഴങ്ങിയ രണ്ടു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു

ചരിത്രത്തിലാദ്യമായി നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാനുള്ള മികച്ച അവസരം നിലനിർത്താൻ മത്സരത്തിൽ ഒരു പോയിന്റെങ്കിലും ഇന്ത്യക്ക് ആവശ്യമുള്ളതിനാൽ ഉസ്ബെക്കിസ്ഥാനെതിരായുള്ള പോരാട്ടം നിർണായകമാണ്. എന്നാൽ ഗ്രൂപ്പ് ബിയിൽ ഏറ്റവും താഴ്ന്ന ഫിഫ റാങ്കിങ്ങുള്ള ഇന്ത്യൻ ടീമിന് മത്സരവും കഠിനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

സസ്പെൻഷനിലുള്ള ഒരു കളിക്കാരാരും ഇല്ലാത്തതിനാൽ ഓസ്ട്രേലിയയ്ക്കെതിരെ കളത്തിലിറങ്ങിയ അതെ ടീം തന്നെയാകും നാളെ ഇന്ത്യക്കായി സ്റ്റീമാക് ഇറക്കുക.

ഫിഫ റാങ്കിംഗ്

ഇന്ത്യ: 102

ഉസ്ബെക്കിസ്ഥാൻ: 68

ഫിഫ റാങ്കിങ്ങിൽ തങ്ങൾക്ക് 34 സ്ഥാനങ്ങൾ മുകളിലുള്ള ഉസ്ബെക്കിസ്ഥാനെതിരായ മത്സരം ഇന്ത്യൻ ടീമിന് കഠിനമായിരിക്കും. എന്നിരുന്നാലും, ഫിഫ റാങ്കിങ്ങിൽ 77 സ്ഥാനങ്ങൾ മുകളിലുള്ള ഓസ്ട്രേലിയൻ ടീമിനെ ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ തളക്കാനായത് ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകും.

ഫോം ഗൈഡ്

ഇന്ത്യ: LLWLL

2023 ഇന്ത്യൻ ടീമിന്റെ പ്രകടനം താരതമേന്യ മികച്ചതായിരുന്നു. എങ്കിലും റാങ്കിങ്ങിൽ ഉയർന്ന ശക്തരായ ടീമുകളെ നേരിടുന്നതിനാൽ വർഷാവസാനം ടീമിന്റെ പ്രകടനത്തിൽ ഇടിവ് സംഭവിച്ചു. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈത്തിനോട് 1-0ന് ജയിച്ച മത്സരമാണ് ഇന്ത്യൻ ടീമിന്റെ സമീപകാലത്തെ ഏറ്റവും മികച്ച വിജയം

ഉസ്ബെക്കിസ്ഥാൻ: WDWWD

ഉസ്ബെക്കിസ്ഥാൻ തങ്ങളുടെ അവസാന എട്ട് മത്സരങ്ങളിൽ തോൽവിയറിയാതെയാണ് മുന്നേറുന്നത്. അവസാന 25 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഉസ്ബെക്കിസ്ഥാൻ തോറ്റത്. 2020ലും 2021ലുമുള്ള നിരാശാജനകമായ പ്രകടനത്തിന് ശേഷം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടീം തങ്ങളുടെ ഫോം പടിപടിയായി ഉയർത്തുകയാണ്. ഇത് ടീമിന്റെ ഫിഫ റാങ്കിംഗ് ഉയരാനും കാരണമായി.

തുടർച്ചയായ എട്ടാം എഎഫ്സി ഏഷ്യൻ കപ്പിൽ കളിക്കുന്ന ഉസ്ബെക്കിസ്ഥാൻ അവസാന അഞ്ച് തവണ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയിരുന്നു. 2023 ഉസ്ബെക്കിസ്ഥാന് വളരെ നല്ല വർഷമായിരുന്നുവെന്ന് നിസംശയം പറയാം. ഇറാനെതിരെയും മെക്സിക്കോക്കെതിരെയും സമനിലയും ബൊളീവിയ, ചൈന, വിയറ്റ്നാം, പലസ്തീൻ എന്നീ ടീമുകൾക്കെതിരെ വിജയവും ടീം നേടി.

ഹെഡ്-ടു-ഹെഡ് റെക്കോർഡ്

ഇന്ത്യക്കെതിരായ ആറ് മത്സരങ്ങളിൽ നാലിലും വിജയിച്ച ഉസ്ബെക്കിസ്ഥാനെ ഇതുവരെ പരാജയപ്പെടുത്താൻ ഇന്ത്യക്കായിട്ടില്ല. രണ്ടു മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും തമ്മിലുള്ള അവസാന നാല് മത്സരങ്ങളിലും ഇന്ത്യൻ ടീം പരാജയപ്പെട്ടു. 2001ന് ശേഷമിതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടില്ല

ഇന്ത്യ vs ഉസ്ബെക്കിസ്ഥാൻ 2-2 (നെഹ്റു ഗോൾഡ് കപ്പ്) - ഏപ്രിൽ 4, 1997

ഇന്ത്യ vs ഉസ്ബെക്കിസ്ഥാൻ 0-0 (അന്താരാഷ്ട്ര സൗഹൃദ മത്സരം) – നവംബർ 16, 1998

ഇന്ത്യ vs ഉസ്ബെക്കിസ്ഥാൻ 0-4 (അന്താരാഷ്ട്ര സൗഹൃദ മത്സരം) – നവംബർ 19, 1998

ഉസ്ബെക്കിസ്ഥാൻ vs ഇന്ത്യ 2-0 (ഏഷ്യൻ ഗെയിംസ്) - ഡിസംബർ 9, 1998

ഇന്ത്യ vs ഉസ്ബെക്കിസ്ഥാൻ 2-3 (AFC ഏഷ്യൻ കപ്പ്) - നവംബർ 24, 1999

ഉസ്ബെക്കിസ്ഥാൻ vs ഇന്ത്യ 2-1 (മെർദേക്ക കപ്പ്) - ജൂൺ 26, 2001

സാധ്യതാ ആരംഭനിര 

ഇന്ത്യ: ഗുർപ്രീത് സിംഗ് സന്ധു, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ, സുഭാഷിഷ്, നിഖിൽ പൂജാരി, സുരേഷ് സിംഗ് വാങ്ജാം, ടാംഗ്രി, അപുയ, മൻവീർ സിംഗ്, സുനിൽ ഛേത്രി, ലാലിൻസുവാല ചാങ്തെ

ഉസ്ബെക്കിസ്ഥാൻ: ഉത്കിർ യൂസുപോവ്, ഉമർബെക് എഷ്മുറോഡോവ്, റുസ്തംജോൺ അഷുർമാറ്റോവ്, അബ്ദുകോദിർ ഖുസനോവ്, ഷെർസോദ് നസ്രുല്ലേവ്, ഒട്ടബെക് ഷുകുറോവ്, ഒഡിൽജോൺ സാംറോബെക്കോവ്, ഫറൂഖ് സെയ്ഫീവ്, ജലോലിദ്ദീൻ മഷാരിപോവ്, ഓസ്റ്റൺ ഉറുനോവ്, ഹോജിമാറ്റോവ്,

മത്സര വിശദാംശങ്ങളും ടെലികാസ്റ്റും

തീയതി: ജനുവരി 18, 2023

സമയം: 8 PM IST

സ്ഥലം: അഹമ്മദ് ബിൻ അലി സ്റ്റേഡിയം, ഓൾ റയ്യാൻ, ഖത്തർ

ടെലികാസ്റ്റ്: സ്പോർട്സ് 18, ജിയോ സിനിമ (ലൈവ് സ്ട്രീമിംഗ്)